ICC Champions Trophy 2025: ബൗളര്‍മാര്‍ ഉത്തരവാദിത്തം പൂര്‍ത്തിയാക്കി, ഇനി ബാറ്റര്‍മാരുടെ ചുമതല, ഇന്ത്യയുടെ വിജയലക്ഷ്യം 242 റണ്‍സ്
ICC Champions Trophy 2025 India vs Pakistan Cricket Match Updates: ആദ്യ ഓവറില്‍ മുഹമ്മദ് ഷമി അഞ്ച് വൈഡ് വഴങ്ങിയത് ഇന്ത്യയെ ഞെട്ടിച്ചു. പാകിസ്ഥാന് അഞ്ച് റണ്‍സാണ് ബോണസ് ലഭിച്ചത്. എന്നാല്‍ മികച്ച തുടക്കം പാകിസ്ഥാന് മുതലാക്കാനായില്ല. 26 പന്തില്‍ 23 റണ്‍സെടുത്ത ബാബര്‍ അസമിനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ പാകിസ്ഥാന് ആദ്യ ആഘാതം സമ്മാനിച്ചു
ആദ്യ ഓവറിലെ താളപ്പിഴയ്ക്ക് ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ താളം കണ്ടെത്തിയപ്പോള്‍ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് നേടാനായത് 241 റണ്‍സ് മാത്രം. 49.4 ഓവറിലാണ് പാകിസ്ഥാന്‍ ഓള്‍ ഔട്ടായത്. 76 പന്തില്‍ 62 റണ്‍സ് നേടിയ സൗദ് ഷക്കീലിന്റെ ബാറ്റിങാണ് പാകിസ്ഥാന് ആശ്വാസമായത്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ 46 റണ്‍സെടുത്തെങ്കിലും 77 പന്താണ് നേരിട്ടത്. റിസ്വാന്റെ ഇഴച്ചില്‍ പാകിസ്ഥാന്റെ ബാറ്റിങിന്റെ സ്‌കോറിങിനെ ബാധിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമി അഞ്ച് വൈഡ് വഴങ്ങിയത് ഇന്ത്യയെ ഞെട്ടിച്ചു. പാകിസ്ഥാന് അഞ്ച് റണ്‍സാണ് ബോണസ് ലഭിച്ചത്. എന്നാല്‍ ഈ മികച്ച തുടക്കം പാകിസ്ഥാന് മുതലാക്കാനായില്ല. 26 പന്തില്‍ 23 റണ്‍സെടുത്ത ബാബര്‍ അസമിനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ പാകിസ്ഥാന് ആദ്യ ഞെട്ടല്‍ സമ്മാനിച്ചു. വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയാണ് ബാബര്‍ പുറത്തായത്.
Read Also : ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരാട്ടം ലൈവ്




തൊട്ടുപിന്നാലെ 26 പന്തില്‍ 10 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖ് റണ്ണൗട്ടായി. മൂന്നാം വിക്കറ്റില്‍ സൗദ് ഷക്കീലും, റിസ്വാനും വിക്കറ്റ് പോകാതെ അമിത പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്തു. 104 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. പാക് സ്‌കോര്‍ബോര്‍ഡ് 151ല്‍ എത്തിനില്‍ക്കവെ റിസ്വാനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് അക്‌സര്‍ പട്ടേല്‍ ആ കൂട്ടുക്കെട്ട് പൊളിച്ചു.
അധികം വൈകാതെ സൗദ് ഷക്കീലും പുറത്തായി. പാണ്ഡ്യയുടെ പന്തില്‍ അക്‌സര്‍ ക്യാച്ചെടുത്താണ് സൗദ് ഷക്കീല്‍ പുറത്തായത്. പിന്നീട് വന്ന ബാറ്റര്‍മാരില്‍ ഖുശ്ദില്‍ ഷായ്ക്ക് ഒഴികെ മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ഖുശ്ദില്‍ 39 പന്തില്‍ 38 റണ്‍സെടുത്തു.
സല്‍മാന്‍ അലി അഘ-19, തയ്യാബ് താഹിര്‍-4, ഷാഹിന്‍ അഫ്രീദി-0,നസീം ഷാ-14, ഹാരിസ് റൗഫ്-8, ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും, രവീന്ദ്ര ജഡേജയും, അക്‌സര്‍ പട്ടേലും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.