Indian Football Year Ender 2025: മാനൊലോ പോയി, ജമീല്‍ വന്നു; എന്നിട്ടും മാറ്റമില്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍; കാല്‍പന്തുകളിക്ക് 2025 സമ്മാനിച്ചത്
What Happened To Indian Football In 2025: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച വര്‍ഷമാണ് 2025. കാല്‍പന്തിന് കാര്യമായ പുരോഗതി അവകാശപ്പെടാനില്ലാത്ത വര്‍ഷം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എത്രത്തോളം പരിതാപകരമായ അവസ്ഥയിലാണെന്ന് മനസിലാക്കാന്‍ ഫിഫ റാങ്കിങ് നോക്കിയാല്‍ മതി

Indian Football Team
ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിച്ച വര്‍ഷമാണ് 2025. കാല്‍പന്തിന് കാര്യമായ പുരോഗതി അവകാശപ്പെടാനില്ലാത്ത വര്‍ഷം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എത്രത്തോളം പരിതാപകരമായ അവസ്ഥയിലാണെന്ന് മനസിലാക്കാന്‍ ഫിഫ റാങ്കിങിലെ സ്ഥാനം മാത്രം നോക്കിയാല്‍ മതി. ഫിഫ റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം 142-ാമതാണ്. അങ്ങേയറ്റം ദയനീയമായ സ്ഥിതിവിശേഷം.
പലവിധ മാറ്റങ്ങളിലൂടെ ഇന്ത്യന്‍ ഫുട്‌ബോള്‍ കടന്നുപോയിട്ടും പ്രതീക്ഷിച്ച റിസള്‍ട്ടുണ്ടായില്ല. മുഖ്യ പരിശീലകനെ മാറ്റിയതാണ് പ്രധാന മാറ്റം. സ്പാനിഷ് പരിശീലകൻ മാനൊലോ മാർക്വെസിന് പകരം ഇന്ത്യക്കാരനായ ഖാലിദ് ജമീല്‍ മുഖ്യപരിശീലകനായി ചുമതലയേറ്റതാണ് ഈ വര്‍ഷത്തെ പ്രധാന മാറ്റം. ഓഗസ്റ്റിലായിരുന്നു ഖാലിദ് ജമീലിന്റെ രംഗപ്രവേശം.
കാഫ നേഷന്‍സ് കപ്പില്‍ ഇന്ത്യന്‍ ടീം മൂന്നാമതെത്തിയത് ജമീലിന്റെ അരങ്ങേറ്റം ഗംഭീരമാക്കി. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഒമാനെയാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ജമീലിന്റെ കീഴില്‍ ഇന്ത്യയുടെ സുവര്‍ണകാലം തുടങ്ങിയെന്ന് ഒരു നിമിഷമെങ്കിലും ആരാധകര്‍ സന്തോഷിച്ചു. എന്നാല്‍ കാര്യങ്ങള്‍ പിന്നെയും തകിടം മറിഞ്ഞു.
ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബംഗ്ലാദേശിനോട് അപ്രതീക്ഷിതമായി തോറ്റതായിരുന്നു ഏറ്റവും വലിയ തിരിച്ചടി. 1-0നായിരുന്നു തോല്‍വി. ‘ശങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ’ എന്ന അവസ്ഥയിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ തോല്‍വി.
ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഛേത്രി വിരമിച്ചതാണ് 2025 സമ്മാനിച്ച ഏറ്റവും വലിയ വേദനകളിലൊന്ന്. ഛേത്രിക്ക് പകരക്കാരനെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല, തിരച്ചില്‍ തുടരുകയാണ്. 2026ല്‍ വലിയ തിരിച്ചുവരവ് ഇന്ത്യന്‍ ടീം നടത്തുമെന്ന പ്രതീക്ഷയൊന്നും ആരാധകര്‍ക്കില്ല. എങ്കിലും നേരിയ പുരോഗതിയെങ്കിലും അവര്‍ ആഗ്രഹിക്കുന്നുണ്ട്, അത് ആരാധകര്‍ അര്‍ഹിക്കുന്നുമുണ്ട്. ഐഎസ്എല്‍ പ്രതിസന്ധിക്കും 2026ല്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ദേശീയ ടീമിന് കരുത്തേകാന്‍ പുതുപദ്ധതികള്‍ മാനേജ്‌മെന്റ് അവതരിപ്പിക്കുന്നതിലാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യന്‍ വംശജരായ വിദേശ താരങ്ങളെ ടീമിന്റെ ഭാഗമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്. റയാന്‍ വില്യംസ് ഇന്ത്യന്‍ ടീമിലെത്തിയതാണ് ആദ്യ ഘട്ടം. കൂടുതല്‍ താരങ്ങളെത്തുമെന്നാണ് പ്രതീക്ഷ. ഈയൊരു മാറ്റം ശുഭസൂചനയായി ആരാധകര്‍ കാണുന്നു. സീനിയര്‍ പുരുഷ ടീമിന്റെ അവസ്ഥ ശോകമാണെങ്കിലും, ജൂനിയര്‍ ടീമുകളും, വനിതാ ടീമും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ഏക ആശ്വാസം.