IPL 2025 : ഇത് മൈറ്റി മുംബൈ; ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിൽ
IPL 2025 Playoff Mumbai Indians vs Gujarat Titans : മുംബൈ ഇന്ത്യൻസ് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 208 റൺസെടുക്കാനെ സാധിച്ചുള്ളു

Mumbai Indians
ഐപിഎല്ലിൽ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് രണ്ട് ക്വാളിഫയറിലേക്ക് യോഗ്യത നേടി.ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിനാണ് മുംബൈ ഇന്ത്യൻസ് തകർത്തത്. മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 208 റൺസെടുക്കാനെ സാധിച്ചുള്ളൂ. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനെ നേരിടും. മുംബൈക്കായി രോഹിത് ശർമ 81 റൺസെടുത്തു.
ടോസ് നേടിയ ഹാർദിക് പാണ്ഡ്യ ഗുജറാത്തിനെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമ മെല്ലെ ഇന്നിങ്സ് ആരംഭിച്ചപ്പോൾ ഇംഗ്ലീഷ് ബാറ്റർ ജോണി ബെയ്ർസ്റ്റോയാണ് പവർപ്ലേ നല്ല പോലെ വിനിയോഗിച്ചത്. ഇതിനിടെ മൂന്ന് ക്യാച്ചുകൾ അതിജീവിച്ചതിന് ശേഷമാണ് രോഹിത്തിൻ്റെ കൂറ്റനടികൾക്ക് തുടക്കമായത്. 47 റൺസെടുത്ത് ഇംഗ്ലീഷ് ബാറ്റർ പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവിനൊപ്പം ചേർന്നാണ് രോഹിത് ബാക്കി ഇന്നിങ്സ് പൂർത്തിയാക്കിയത്. ജിടിക്കായി പ്രസിദ്ധ് കൃഷ്ണയും സായി കിഷോറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് സിറാജാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങി ഗുജറാത്ത് ഒരു ഘട്ടത്തിൽ ജയം ഉറപ്പിച്ചിരുന്നെങ്കിലും ഓപ്പണർ സായി സുദർശൻ്റെ വിക്കറ്റ് വീണതോടെ തോൽവിയിലേക്ക് വഴുതി വീണു. നാലാം വിക്കറ്റിൽ വാഷിങ്ടൺ സുന്ദറിനൊപ്പം മികച്ച കൂട്ടുകെട്ട് ഒരുക്കിയെങ്കിലും ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ജിടിയുടെ പ്രതീക്ഷ എല്ലാം അവസാനിക്കുകയായിരുന്നു. മുംബൈക്കായി ട്രെൻ്റ് ബോൾട്ട് രണ്ടും ജസ്പ്രിത് ബുമ്രയും റിച്ചാർഡ് ഗ്ലീസണും മിച്ചൽ സാൻ്റനെറും അശ്വനി കുമാറും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ജൂൺ ഒന്നാം തീയതി ഞായറാഴ്ചയാണ് രണ്ടാം ക്വാളിഫയർ മത്സരം. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്സാണ് മുംബൈയുടെ എതിരാളി. ആദ്യ ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റാണ് പഞ്ചാബ് രണ്ടാം ക്വാളിഫയറിന് ഇറങ്ങുന്നത്. ജൂൺ മൂന്നാം തീയതിയാണ് ഫൈനൽ. പഞ്ചാബ്-മുംബൈ മത്സരത്തിലെ എതിരാളികൾ മൂന്നാം തീയതി നടക്കുന്ന ഫൈനലിൽ ആർസിബിയെ നേരിടും