IPL 2025: വിഗ്നേഷിൻ്റെ സ്വപ്നക്കുതിപ്പിന് തടയിട്ട് പരിക്ക്; പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്
Vignesh Puthur Ruled Out Of IPL Due To Injury: മലയാളി താരം വിഗ്നേഷ് പുത്തൂർ ഐപിഎലിൽ നിന്ന് പുറത്ത്. കാല്പാദത്തിന് പരിക്കേറ്റാണ് താരം ടൂർണമെൻ്റിൽ നിന്ന് പുറത്തായത്.
മുംബൈ ഇന്ത്യൻസിൻ്റെ മലയാളി താരം വിഗ്നേഷ് പുത്തൂർ പരിക്കേറ്റ് സീസണിൽ നിന്ന് പുറത്ത്. കാൽപാദത്തിന് പരിക്കേറ്റാണ് മലയാളി താരം പുറത്തായത്. ഇക്കാര്യം മുംബൈ ഇന്ത്യൻസ് തന്നെ അറിയിച്ചു. വിഗ്നേഷിന് പകരം ലെഗ് ബ്രേക്ക് ബൗളറായ രഘു ശർമ്മയെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചിട്ടുണ്ട്. വിഗ്നേഷ് ടീമിനൊപ്പം തുടരുമെന്നും മെഡിക്കൽ സംഘം താരത്തിന് വേണ്ട ചികിത്സ നൽകുമെന്നും മുംബൈ ഇന്ത്യൻസ് വാർത്താകുറിപ്പിൽ അറിയിച്ചു.
കേരള സീനിയർ ടീമിൽ പോലും കളിച്ചിട്ടില്ലാത്ത വിഗ്നേഷിനെ അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റിട്ട് വിഗ്നേഷ് ഐപിഎൽ കരിയർ ആരംഭിച്ചു. തങ്ങളുടെ ആദ്യ മത്സരത്തിൽ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെയാണ് താരം മടക്കിയത്. ലെഫ്റ്റ് ആം ചൈനമാൻ ബൗളറായ വിഗ്നേഷ് തകർത്തെറിഞ്ഞെങ്കിലും ആ കളി മുംബൈ പരാജയപ്പെട്ടു. പിന്നീട് നാല് മത്സരങ്ങൾ കൂടി കളിച്ച താരം ആകെ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റാണ് വീഴ്ത്തിയിരുന്നത്. 9.08 ആയിരുന്നു എക്കോണമി.
Also Read: IPL 2025: മുംബൈക്കെതിരെയും സഞ്ജു കളിച്ചേക്കില്ല; സൂചന നൽകി രാഹുൽ ദ്രാവിഡ്




32 വയസുകാരനായ രഘു മുംബൈ ഇന്ത്യൻസിൻ്റെ നെറ്റ് ബൗളറായിരുന്നു. 30 ലക്ഷം രൂപ അടിസ്ഥാന വിലയിൽ ടീമിലെത്തിയ രഘുവിൻ്റെ ആദ്യ ഐപിഎൽ സീസൺ ആണിത്. പഞ്ചാബ്, പുതുച്ചേരി ടീമുകൾക്കായി ആഭ്യന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള രഘു ആകെ 11 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 9 ലിസ്റ്റ് എ മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. യഥാക്രമം 57, 14, മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്.
ആദ്യത്തെ അഞ്ച് മത്സരങ്ങളിൽ നാലും തോറ്റ മുംബൈ പിന്നീട് അഞ്ച് കളികളിൽ അഞ്ചും വിജയിച്ച് മുന്നേറുകയാണ്. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് ആറ് ജയം സഹിതം 12 പോയിൻ്റുള്ള മുംബൈ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ കളിക്കാനിറങ്ങുകയാണ്.