IPL 2025: പുറത്താവാതിരിക്കാൻ രാജസ്ഥാൻ റോയൽസ്; മുംബൈക്കെതിരെ ഇന്ന് ജീവന്മരണ പോരാട്ടം
RR vs MI Match Preview: ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. പ്ലേഓഫ് സാധ്യത നിലനിർത്താൻ രാജസ്ഥാന് ഇന്ന് ജയം കൂടിയേ തീരൂ.
ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് – മുംബൈ ഇന്ത്യൻസ് പോരാട്ടം. രാജസ്ഥാൻ റോയൽസിൻ്റെ തട്ടകമായ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ ഇന്ന് പരാജയപ്പെട്ടാൽ ടൂർണമെൻ്റിൽ നിന്ന് പുറത്താവും. അതുകൊണ്ട് തന്നെ ജീവന്മരണ പോരാട്ടത്തിനായാണ് സഞ്ജുവും സംഘവും ഇറങ്ങുക. മുംബൈക്കാവട്ടെ ഇന്ന് വിജയിച്ചാൽ ആദ്യ രണ്ടിലെത്താം.
സഞ്ജു സാംസൺ കളിച്ചേക്കില്ലെന്ന സൂചനകളാണ് വരുന്നത്. അതുകൊണ്ട് തന്നെ ഗുജറാത്തിനെതിരായ കഴിഞ്ഞ കളി ജയത്തിലേക്ക് നയിച്ച വൈഭവ് സൂര്യവൻശി – യശസ്വി ജയ്സ്വാൾ ജോഡി മുംബൈക്കെതിരെയും തുടരും. ഹിറ്റ് ആൻഡ് മിസ് എന്ന തത്വത്തിലാണ് വൈഭവ് ബാറ്റ് ചെയ്യുന്നതെങ്കിലും ഒരു 14 വയസുകാരൻ ഐപിഎലിലെ തല മുതിർന്നവർക്കെതിരെ കളിക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്. ഒരു സെഞ്ചുറിയുണ്ടായാൽ പിന്നീട് ഒന്നോ രണ്ടോ ഒറ്റയക്ക സ്കോറുകൾ പ്രതീക്ഷിക്കണമെന്ന് സാരം. എന്നാൽ, മറ്റ് കാര്യങ്ങളിൽ ജീവിതം വഴിമാറിയില്ലെങ്കിൽ അടുത്ത 20 വർഷത്തേക്ക് രാജസ്ഥാൻ്റെ ഇൻവെസ്റ്റ്മെൻ്റാണ് സൂര്യവൻശി. ഒപ്പം, ജയ്സ്വാളിൻ്റെ തകർപ്പൻ ഫോമും രാജസ്ഥാന് പ്രതീക്ഷയാണ്. ആദ്യ ചില മത്സരങ്ങളിൽ ഫോമൗട്ടായിരുന്നെങ്കിലും പിന്നീട് തുടരെ അർദ്ധസെഞ്ചുറികൾ കണ്ടെത്തിയ ജയ്സ്വാൾ നിലവിൽ ഓറഞ്ച് ക്യാപ്പ് ലീഡർ ബോർഡിൽ നാലാമതാണ്. ഇവർക്കൊപ്പം റിയാൻ പരാഗ് കൂടിയായാൽ രാജസ്ഥാൻ്റെ ബാറ്റിംഗ് ലൈനപ്പായി. നിതീഷ് റാണ ചില ഇന്നിംഗ്സുകൾ കളിച്ചപ്പോൾ ധ്രുവ് ജുറേലും ഷിംറോൺ ഹെട്മെയറും നിരാശപ്പെടുത്തുകയാണ്. ബൗളിംഗ് പരാധീനതകൾക്ക് മാറ്റമില്ല. തുഷാർ ദേശ്പാണ്ഡെ തിരികെവന്നേക്കും.
Also Read: IPL 2025: വിഗ്നേഷിൻ്റെ സ്വപ്നക്കുതിപ്പിന് തടയിട്ട് പരിക്ക്; പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്




മുംബൈ ഇന്ത്യൻസ് നിരയിൽ രോഹിത് ശർമ്മ ഫോമിലേക്ക് തിരികെവന്നതും സൂര്യകുമാർ യാദവിൻ്റെ സ്ഥിരതയുമാണ് ഹൈലൈറ്റ്. നമൻ ധിർ തകർപ്പൻ ഫോമിലാണ്. റയാൻ റിക്കിൾട്ടൺ, വിൽ ജാക്ക്സ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർ ശ്രദ്ധേയമായ സംഭാവനകൾ നൽകി. ആദ്യ മത്സരത്തിനിറങ്ങി തകർപ്പൻ പ്രകടനം കാഴ്ചവച്ച കോർബിൻ ബോഷും പ്രതീക്ഷയാണ്. പഴയ ഫോമിലേക്കെത്തുന്ന ട്രെൻ്റ് ബോൾട്ടും ജസ്പ്രീത് ബുംറയും ബൗളിംഗിലും മികച്ചുനിൽക്കുന്നു. കരൺ ശർമ്മ ടീമിൽ തുടരുമോ എന്ന് കണ്ടറിയണം.