IPL 2025: ചെന്നൈക്കെതിരെ മുംബൈയെ നയിക്കുക രോഹിത് ശർമ്മയല്ല; ക്യാപ്റ്റനാരെന്നറിയിച്ച് ഹാർദിക് പാണ്ഡ്യ
IPL 2025 MI vs CSK: ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ രോഹിത് ശർമ്മയല്ലെന്ന് ഹാർദിക് പാണ്ഡ്യ. ആദ്യ മത്സരത്തിൽ രോഹിത് ശർമ്മയല്ല ടീം നായകാവുക എന്ന് ഹാർദ്ദിക് അറിയിച്ചു.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ടീമിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഉണ്ടാവില്ല. കഴിഞ്ഞ സീസണിൽ നാല് തവണ കൃത്യസമയത്ത് ഓവറുകൾ തീർക്കാത്തതിനാലാണ് ഒരു മത്സരത്തിൽ നിന്ന് ഹാർദിക് പാണ്ഡ്യക്ക് വിലക്ക് ലഭിച്ചത്. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ രോഹിത് ശർമ്മ ടീമിനെ നയിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, രോഹിത് ആവില്ല മറ്റൊരാളാവും ടീം ക്യാപ്റ്റനെന്ന് ഹാർദിക് പാണ്ഡ്യ തന്നെ അറിയിച്ചു.
നിലവിൽ ദേശീയ ടീമിൻ്റെ ക്യാപ്റ്റനായ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിനെ നയിക്കുമെന്നാണ് ഹാർദിക് പാണ്ഡ്യ പറഞ്ഞത്. ഇന്ത്യൻ ടീമിനെ സൂര്യ നന്നായി നയിക്കുന്നുണ്ടെന്നും താൻ ഇല്ലാത്തപ്പോൾ അദ്ദേഹമാണ് ഏറ്റവും പറ്റിയ ക്യാപ്റ്റനെന്നും ഹാദിക് വെളിപ്പെടുത്തി. രോഹിത് ശർമ്മയ്ക്ക് പകരം കഴിഞ്ഞ സീസണിലാണ് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൻ്റെ നായകനായത്. എന്നാൽ, സീസണിൽ മുംബൈ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ആകെ നാല് മത്സരങ്ങളിൽ മാത്രമാണ് മുംബൈക്ക് കഴിഞ്ഞ സീസണിൽ വിജയിക്കാനായത്.
പരിക്കേറ്റ് വിശ്രമത്തിലായ പേസർ ജസ്പ്രീത് ബുംറയ്ക്ക് ആദ്യ ചില മത്സരങ്ങൾ നഷ്ടമാവുമെന്ന് പരിശീലകൻ മഹേല ജയവർധനെ അറിയിച്ചു. ബുംറ എൻസിഎയിലാണ് എന്നും ജയവർധനെ പറഞ്ഞു. താരം എന്ന് മുംബൈ ഇന്ത്യൻസ് സ്ക്വാഡിൽ ജോയിൻ ചെയ്യുമെന്ന് വ്യക്തമല്ല. ബുംറയുടെ അഭാവത്തിൽ ട്രെൻ്റ് ബോൾട്ടിനൊപ്പം ദീപക് ചഹാറും ഹാർദിക് പാണ്ഡ്യയുമാവും മുംബൈ ബൗളിംഗ് അറ്റാക്ക് നിയന്ത്രിക്കുക. രാജ് ബാവ, കോർബിൻ ബോഷ്, റീസ് ടോപ്‌ലി തുടങ്ങി ഫാസ് ബൗളിംഗ് ഓപ്ഷനുകളും മുംബൈയ്ക്കുണ്ട്. ട്രെൻ്റ് ബോൾട്ട്, ദീപക് ചഹാർ എന്നിവർക്കൊപ്പം ഹാർദിക് പാണ്ഡ്യ മൂന്നാം പേസറാവുമെന്നാണ് കരുതപ്പെടുന്നത്.




ഈ മാസം 22നാണ് ഐപിഎൽ 18ആം സീസൺ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. 23നാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള ഐപിഎൽ എൽ ക്ലാസിക്കോ. മുംബൈ ടീമിൽ കേരളത്തിൻ്റെ യുവ ചൈനമാൻ ബൗളർ വിഗ്നേഷ് പുത്തൂറും ഇടം പിടിച്ചിട്ടുണ്ട്. വിൽ ജാക്ക്സ്, റയാൻ റിക്കിൾടൺ, മുജീബ് റഹ്മാൻ, മിച്ചൽ സാൻ്റ്നർ തുടങ്ങിയവരും ഈ സീസണിൽ മുംബൈ ഇന്ത്യൻസിലെത്തിയ താരങ്ങളാണ്.