IPL 2025: സൽമാൻ ഖാൻ, ജാൻവി കപൂർ, വരുൺ ധവാൻ, കത്രീന കെയ്ഫ്; ഇത്തവണ ഐപിഎൽ ഉദ്ഘാടന മഹാമഹം തകർക്കും
IPL 2025 Opening Ceremony: ഇത്തവണ ഐപിഎൽ ഉദ്ഘാടന പരിപാടി എല്ലാ വേദികളിലും നടക്കുമെന്ന് വിവരം. മത്സരങ്ങൾ നടക്കുന്ന 13 വേദികളും ഉദ്ഘാടന പരിപാടി നടക്കും. വിവിധ ബോളിവുഡ് താരങ്ങൾ ഡാൻസ് പ്രകടനങ്ങൾ നടത്തും.

ഇത്തവണ ഐപിഎൽ ഉദ്ഘാടന മഹാമഹം തകർക്കും. ഐപിഎൽ നടക്കുന്ന 13 വേദികളിലും ഇത്തവണ ഉദ്ഘാടന പരിപാടികളുണ്ടെന്നാണ് വിവരം. സൽമാൻ ഖാൻ, ജാൻവി കപൂർ, വരുൺ ധവാൻ, കത്രീന കെയ്ഫ് തുടങ്ങി വിവിധ ബോളിവുഡ് അഭിനേതാക്കളാണ് ഡാൻസ് പ്രകടനങ്ങൾ നടത്തുക. ഈ മാസം 22നാണ് ഐപിഎലിൻ്റെ 18ആം സീസൺ ആരംഭിക്കുക.
കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഉദ്ഘാടന മത്സരം. മത്സരത്തിന് മുന്നോടിയായി ദിഷ പട്ടാണിയുടെ ഡാൻസ് പെർഫോമൻസ് ഉണ്ടാവും. ഒപ്പം, ഗായിക ശ്രേയാ ഘോഷാൽ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി സംഗീതപരിപാടി അവതരിപ്പിക്കും. ഐസിസി ചെയർമാൻ ജയ് ഷാ അടക്കമുള്ളവർ പരിപാടിയിൽ സംബന്ധിക്കും. ത്രിപ്തി ദിമിത്രി, അനന്യ പാണ്ഡെ, മാധുരി ദീക്ഷിത് എന്നിവരും വിവിധ ഡാൻസ് പരിപാടികൾ അവതരിപ്പിക്കുമെന്ന് സൂചനകളുണ്ട്.
10 ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഹോം ഗ്രൗണ്ടുകൾ കൂടാതെ ഗുവാഹത്തി, വിശാഖപട്ടണം, ധരംശാല എന്നിവിടങ്ങളിലും ഇത്തവണ മത്സരങ്ങൾ നടക്കും. രാജസ്ഥാൻ റോയൽസ് അടക്കമുള്ള ടീമുകളുടെ സെക്കൻഡ് ഹോമാണ് ഈ ഗ്രൗണ്ടുകൾ.




നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുക. അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ക്യാപ്റ്റൻ. വെങ്കടേഷ് അയ്യർ വൈസ് ക്യാപ്റ്റനാണ്. കഴിഞ്ഞ സീസണിൽ ശ്രേയാസ് അയ്യരുടെ ക്യാപ്റ്റൻസിയിലാണ് കൊൽക്കത്ത കിരീടം നേടിയത്. ഈ സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെയാണ് ശ്രേയാസ് അയ്യർ നയിക്കുക. ആർസിബിയാവട്ടെ ഇത്തവണ രജത് പാടിദാറിൻ്റെ നായകത്വത്തിൽ ഇറങ്ങും. കഴിഞ്ഞ സീസണിൽ ഫാഫ് ഡുപ്ലെസിയാണ് ആർസിബിയെ നയിച്ചത്. ഈ സീസണിൽ ഡുപ്ലെസി ഡൽഹി ക്യാപിറ്റൽസിലാണ്. അക്സർ പട്ടേലാണ് ഡൽഹിയുടെ ക്യാപ്റ്റൻ. ഡുപ്ലെസി വൈ ക്യാപ്റ്റനാണ്. ഡൽഹിയുടെ മുൻ ക്യാപ്റ്റനായ ഋഷഭ് പന്ത് ഇക്കുറി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ നയിക്കും. ലഖ്നൗവിൻ്റെ ക്യാപ്റ്റൻ കെഎൽ രാഹുൽ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്. ഋതുരാജ് ഗെയ്ക്‌വാദ് തന്നെ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുമ്പോൾ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനായി തുടരും. ശുഭ്മൻ ഗിൽ ആണ് ഈ സീസണിലും ഗുജറാത്ത് ടൈറ്റൻസിനെ നയിക്കും. തുടർച്ചയായ രണ്ടാം സീസണിലും ഹാർദിക് പാണ്ഡ്യയാണ് മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ.