IPL 2025: ടോപ്പ് ടുവിലേക്ക് മുംബൈയ്ക്ക് വാതിൽ തുറന്ന് ഡൽഹി; പഞ്ചാബിനെതിരെ ജയം ആറ് വിക്കറ്റിന്
DC Wins Against PBKS: പഞ്ചാബ് സൂപ്പർ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആവേശജയം. 58 റൺസ് നേടി പുറത്താവാതെ നിന്ന സമീർ റിസ്‌വിയുടെ മികവിലാണ് ഡൽഹിയുടെ ജയം.

സമീർ റിസ്‌വി
ഐപിഎലിൽ പഞ്ചാബിനെതിരെ ആവേശജയവുമായി ഡൽഹി ക്യാപിറ്റൽസ്. ആറ് വിക്കറ്റിനാണ് ഡൽഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 207 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി മൂന്ന് പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനിർത്തി ജയം കുറിച്ചു. 58 റൺസ് നേടി പുറത്താവാതെ നിന്ന സമീർ റിസ്‌വിയാണ് കളിയിലെ താരം.
ഒരു കളക്ടീവ് എഫർട്ടിലൂടെയാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ ജയം. ആദ്യ വിക്കറ്റിൽ കെഎൽ രാഹുലും ഫാഫ് ഡുപ്ലെസിയും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. 21 പന്തിൽ 35 റൺസ് നേടിയ രാഹുലിനെ മടക്കി മാർക്കോ യാൻസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 15 പന്തിൽ 23 റൺസ് നേടിയ ഡുപ്ലെസിയെ ഹർപ്രീത് ബ്രാർ പുറത്താക്കി. ഐപിഎലിൽ ആദ്യ മത്സരത്തിനിറങ്ങിയ സെദീഖുള്ള അടലും (16 പന്തിൽ 22) ഏറെ നേരം ക്രീസിലുണ്ടായില്ല.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിൽ നിന്ന് നാലാം വിക്കറ്റിൽ കരുൺ നായരും സമീർ റിസ്‌വിയും ഒത്തുചേർന്നു. ഈ കൂട്ടുകെട്ടാണ് ഡൽഹിയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. ഇരുവരും ചേർന്ന് 62 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 27 പന്തിൽ 44 റൺസ് നേടിയ കരുൺ നായരെ വീഴ്ത്തി ഹർപ്രീത് ബ്രാർ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇതോടെ ബ്രാർ തൻ്റെ രണ്ടാം വിക്കറ്റും കണ്ടെത്തി.
Also Read: IPL 2025: ശ്രേയസിന്റെ ഫിഫ്റ്റി, സ്റ്റോയിനിസിന്റെ വെടിക്കെട്ട്; പഞ്ചാബിന് മികച്ച സ്‌കോർ
പിന്നീട് റിസ്‌വിയും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചു. കേവലം 22 പന്തിൽ റിസ്‌വി ഫിഫ്റ്റി തികച്ചു. സ്റ്റബ്സുമൊത്ത് അഞ്ചാം വിക്കറ്റിൽ അപരാജിതമായ 55 റൺസും താരം കൂട്ടിച്ചേർത്തു. റിസ്‌വിയും (25 പന്തിൽ 58) സ്റ്റബ്സും (14 പന്തിൽ 18) നോട്ടൗട്ടാണ്.
ഈ ജയത്തോടെ മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ആദ്യ രണ്ടിലേക്കുള്ള സാധ്യത വർധിപ്പിച്ചു. എല്ലാ ടീമുകൾക്കും ഇനി ഒരു മത്സരം വീതമേ ഉള്ളൂ. പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഒരു മത്സരം. മുംബൈ വിജയിച്ചാൽ പഞ്ചാബ് നാലാം സ്ഥാനം ഉറപ്പിക്കും. ലഖ്നൗവിനെതിരെ ബെംഗളൂരു വിജയിച്ചാൽ അവർ ആദ്യ രണ്ടുറപ്പിക്കും. ചെന്നൈക്കെതിരെ വിജയിക്കാനായാൽ ഒന്നാം സ്ഥാനം ഗുജറാത്തിന് തന്നെ ലഭിക്കും. ഈ മൂന്ന് ടീമുകളും പരാജയപ്പെട്ടാൽ മുംബൈ ഇന്ത്യൻസ് ഒന്നാമതെത്തും.