IPL 2025: ശ്രേയസിന്റെ ഫിഫ്റ്റി, സ്റ്റോയിനിസിന്റെ വെടിക്കെട്ട്; പഞ്ചാബിന് മികച്ച സ്‌കോര്‍
IPL 2025 PBKS vs DC: ശ്രേയസ് അയ്യറുടെ അര്‍ധ സെഞ്ചുറിയുടെയും, മാര്‍ക്കസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് ബാറ്റിങിന്റെയും കരുത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി പഞ്ചാബ് കിങ്‌സ്. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് പഞ്ചാബ് നേടിയത്

ക്യാപ്റ്റന്‍ ശ്രേയസ് അയ്യറുടെ അര്‍ധ സെഞ്ചുറിയുടെയും, മാര്‍ക്കസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് ബാറ്റിങിന്റെയും കരുത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി പഞ്ചാബ് കിങ്‌സ്. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് പഞ്ചാബ് നേടിയത്. 34 പന്തില്‍ 53 റണ്‍സാണ് ശ്രേയസ് നേടിയത്. സ്‌റ്റോയിനിസ് പുറത്താകാതെ 16 പന്തില്‍ 44 റണ്‍സെടുത്തു. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അപകടകാരിയായ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ തുടക്കത്തില്‍ തന്നെ പുറത്താക്കി മുസ്തഫിസുര്‍ റഹ്‌മാന്‍ പഞ്ചാബിനെ ഞെട്ടിച്ചു. ഒമ്പത് പന്തില്‍ ആറു റണ്‍സ് മാത്രമാണ് പ്രിയാന്‍ഷ് നേടിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍ സിങും, ജോസ് ഇംഗ്ലിസും പഞ്ചാബിനെ കരുതലോടെ മുന്നോട്ടുനയിച്ചു.
അഞ്ചോവറില്‍ പഞ്ചാബിനെ 50 കടത്താന്‍ പ്രഭ്‌സിമ്രാന്‍-ഇംഗ്ലിസ് സഖ്യത്തിന് സാധിച്ചു. ഇരുവരെയും പുറത്താക്കി വിപ്രജ് നിഗം പഞ്ചാബിനെ പ്രതിരോധത്തിലാക്കി. പ്രഭ്‌സിമ്രാന്‍ 18 പന്തില്‍ 28 റണ്‍സും, ജോസ് ഇംഗ്ലിസ് 12 പന്തില്‍ 32 റണ്‍സുമെടുത്തു.
തുടര്‍ന്ന് ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ കരുതലോടെയാണ് ബാറ്റേന്തിയത്. ഇതിനിടെ മറുവശത്ത് പഞ്ചാബിന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. നെഹാല്‍ വധേര-16 പന്തില്‍ 16, ശശാങ്ക് സിങ്-10 പന്തില്‍ 11 എന്നിവരാണ് പുറത്തായത്.




തുടര്‍ന്ന് ആറാം വിക്കറ്റിലാണ് പഞ്ചാബ് കാത്തിരുന്ന കൂട്ടുക്കെട്ടുണ്ടായത്. സ്റ്റോയിനിസ്-ശ്രേയസ് സഖ്യത്തിന്റെ ബാറ്റിങ് പഞ്ചാബിന് മിന്നല്‍വേഗം പകര്‍ന്നു. 17.2 ഓവറില്‍ പഞ്ചാബിന്റെ സ്‌കോര്‍ബോര്‍ഡില്‍ 172 റണ്‍സ് എത്തിയപ്പോഴാണ് ശ്രേയസ് ഔട്ടായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ മോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് ശ്രേയസ് ഔട്ടായത്.
തുടര്‍ന്നെത്തിയ ബാറ്റര്‍മാരില്‍ ആര്‍ക്കും പഞ്ചാബിനായി കാര്യമായ സംഭാവന ചെയ്യാനായില്ല. അസ്മത്തുല്ല ഒമര്‍സയി-മൂന്ന് പന്തില്‍ ഒന്ന്, മാര്‍ക്കോ യാന്‍സന്‍-2 പന്തില്‍ 0, ഹര്‍പ്രീത് ബ്രാര്‍-2 പന്തില്‍ ഏഴ് എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം.
ഡല്‍ഹിക്കായി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, മുകേഷ് കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി. സീസണിലെ ഡല്‍ഹിയുടെ അവസാന മത്സരമാണിത്. പ്ലേ ഓഫ് കാണാതെ ഡല്‍ഹി നേരത്തെ പുറത്തായിരുന്നു.