AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025: ഗില്ലിന് പുതിയ ഓപ്പണിങ് പങ്കാളിയെ കിട്ടി, രാജസ്ഥാന്‍ കൈവിട്ട ജോസ് ബട്ട്‌ലര്‍ ഇനി ഗുജറാത്തിനായി സിക്‌സറുകള്‍ പായിക്കും, ടൈറ്റന്‍സ് സ്വന്തമാക്കിയത് ഇത്ര തുകയ്ക്ക്‌

Jos Buttler to Gujarat Titans: രണ്ട് കോടി രൂപയായിരുന്നു മാര്‍ക്വീ താരമായ ബട്ട്‌ലറുടെ അടിസ്ഥാന തുക. തുടക്കത്തില്‍ തന്നെ ബട്ട്‌ലറെ ടീമിലെത്തിക്കാന്‍ താരത്തിന്റെ മുന്‍ ഫ്രാഞ്ചെസിയായ രാജസ്ഥാന്‍ റോയല്‍സ് ശ്രമിച്ചു

IPL Auction 2025: ഗില്ലിന് പുതിയ ഓപ്പണിങ് പങ്കാളിയെ കിട്ടി, രാജസ്ഥാന്‍ കൈവിട്ട ജോസ് ബട്ട്‌ലര്‍ ഇനി ഗുജറാത്തിനായി സിക്‌സറുകള്‍ പായിക്കും, ടൈറ്റന്‍സ് സ്വന്തമാക്കിയത് ഇത്ര തുകയ്ക്ക്‌
jos buttler (image credits: PTI)
Jayadevan AM
Jayadevan AM | Updated On: 24 Nov 2024 | 05:55 PM

ജിദ്ദ: ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു. രാജസ്ഥാന്‍ റോയല്‍സ് മുന്‍ താരം ജോസ് ബട്ട്‌ലറെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 15.75 കോടി രൂപയ്ക്കാണ് ടൈറ്റന്‍സ് ബട്ട്‌ലറെ ടീമിലെത്തിച്ചത്. ബട്ട്‌ലറെ ടീമിലെത്തിക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും കച്ച കെട്ടിയെങ്കിലും, ഒടുവില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു.

രണ്ട് കോടി രൂപയായിരുന്നു മാര്‍ക്വീ താരമായ ബട്ട്‌ലറുടെ അടിസ്ഥാന തുക. തുടക്കത്തില്‍ തന്നെ ബട്ട്‌ലറെ ടീമിലെത്തിക്കാന്‍ താരത്തിന്റെ മുന്‍ ഫ്രാഞ്ചെസിയായ രാജസ്ഥാന്‍ റോയല്‍സ് ശ്രമിച്ചു. എന്നാല്‍ മതിയായ തുക പഴ്‌സില്‍ ഇല്ലാത്തതിനാല്‍ രാജസ്ഥാന്റെ ശ്രമം വിഫലമാകുമെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു.

തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളുടെ രംഗപ്രവേശം. ഫ്രാഞ്ചെസികളുടെ എണ്ണം കൂടിയതോടെ ബട്ട്‌ലര്‍ക്കായി പിടിവലി മുറുകി. എന്നാല്‍ മത്സരാവേശത്തില്‍ നിന്ന് പതുക്കെ രാജസ്ഥാനും, തുടര്‍ന്ന് ലഖ്‌നൗവും പിന്നാക്കം പോയതോടെ ബട്ട്‌ലര്‍ 15.74 കോടി രൂപയ്ക്ക് ഗുജറാത്ത് ടീമിലെത്തി.

2018 മുതല്‍ 2024 വരെ രാജസ്ഥാന്റെ താരമായിരുന്നു ബട്ട്‌ലര്‍. എന്നാല്‍ ബട്ട്‌ലറെ റോയല്‍സ് നിലനിര്‍ത്താത്തത് അപ്രതീക്ഷിതമായി. ഇത് റോയല്‍സ് ആരാധകരെയും ഞെട്ടിച്ചു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍, സന്ദീപ് ശര്‍മ, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്.

വരും സീസണില്‍ ക്യാപ്റ്റന്‍ സഞ്ജുവായിരിക്കും റോയല്‍സിനായി ജയ്‌സ്വാളിനൊപ്പം ഓപ്പണിങിന് ഇറങ്ങുന്നത്. ഒരുപക്ഷേ, ഇതാകാം രാജസ്ഥാന്‍ ബട്ട്‌ലറെ നിലനിര്‍ത്താത്തിന് പിന്നിലെന്നാണ്‌ അനുമാനം. എങ്കിലും നിരവധി മത്സരങ്ങളില്‍ റോയല്‍സിന്റെ നെടുംതൂണായിരുന്ന ബട്ട്‌ലറെ കൈവിട്ടതില്‍ ആരാധകര്‍ അതൃപ്തരാണ്. എന്തായാലും ബട്ട്‌ലറുടെ നഷ്ടം ടൈറ്റന്‍സിന് അനുഗ്രഹമായിരിക്കുകയാണ്. മുന്‍ സീസണില്‍ 10 കോടി രൂപയായിരുന്നു ബട്ട്‌ലറുടെ പ്രതിഫലം. ഇത്തവണ അതില്‍ നിന്നും ആറു കോടിയോളം രൂപയുടെ വര്‍ധനവാണ് പ്രതിഫലത്തിലുണ്ടാകുന്നത്.

ഗില്ലിന്റെ ഓപ്പണിങ് പങ്കാളി

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി ബട്ട്‌ലര്‍ എത്തുന്നതില്‍ ടൈറ്റന്‍സ് ആരാധകര്‍ ആവേശഭരിതരാണ്. ഒരുപക്ഷേ, ടൈറ്റന്‍സിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം അലങ്കരിക്കുന്നതും ബട്ട്‌ലറായിരിക്കും.

അര്‍ഷ്ദീപ് സിങ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മുഹമ്മദ് ഷമി എന്നിവരാണ് ഇതിനകം ലേലത്തില്‍ വിറ്റുപോയ മറ്റ് പ്രമുഖ താരങ്ങള്‍. പന്തിനെ റെക്കോഡ് തുകയായ 27 കോടിക്ക് ലഖ്‌നൗ ടീമിലെത്തിച്ചു. ശ്രേയസിനെ പഞ്ചാബ് കിങ്‌സ് 26.75 കോടി രൂപയ്ക്ക് സ്വന്തമാക്കി.

അര്‍ഷ്ദീപിനെ പഞ്ചാബ് വീണ്ടും ടീമിലെത്തിച്ചു. 18 കോടി രൂപയ്ക്കാണ് താരം വീണ്ടും പഞ്ചാബ് കിങ്‌സിന്റെ ഭാഗമാകുന്നത്. സ്റ്റാര്‍ക്കിനെ 11.75 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും, മുഹമ്മദ് ഷമിയെ 10 കോടിക്ക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദും നേടിയെടുത്തു.