Kerala Blasters: ഐഎസ്എല്‍ തയ്യാറെടുപ്പിനിടയില്‍ ഒരു താരം കൂടി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; കൂടുതല്‍ വിവരങ്ങള്‍ പിന്നെ പറയാമെന്ന് ക്ലബ്
Kerala Blasters confirms participation in Indian Super League: ഐഎസ്എല്‍ 2025-26 സീസണില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എഐഎഫ്എഫുമായി നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് ക്ലബ്.

Juan Rodriguez
കൊച്ചി: ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2025-26 സീസണില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായി (എഐഎഫ്എഫ്) നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. ഈ വിഷയത്തില്‍ നടത്തിയ ഇടപെടലുകള്‍ക്ക് കായിക മന്ത്രാലയത്തിനും കായിക മന്ത്രിക്കും നന്ദി പറയുന്നുവെന്നും ക്ലബ് അറിയിച്ചു.
ആരാധകര്‍ക്ക് നിരവധി ചോദ്യങ്ങളും ആശങ്കകളും ഉണ്ടാകുമെന്ന് അറിയാമെന്ന് ക്ലബ് വിശദീകരിച്ചു. ഈ വിഷയങ്ങളിൽ പലതിലും വ്യക്തത കൈവരിക്കാനുള്ള ശ്രമത്തിലാണ് ക്ലബ്. ഇന്ത്യൻ ഫുട്ബോൾ ഒരു പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ പിന്നെ പറയാം
നിലവിലുള്ള ചില വിഷയങ്ങളിൽ വ്യക്തത ലഭിച്ചാല്‍ ഉചിതമായ മാർഗങ്ങളിലൂടെ കൂടുതൽ വിവരങ്ങൾ ഉടന്‍ പുറത്തുവിടുമെന്ന് ക്ലബ് അറിയിച്ചു. ഭാവി സംരക്ഷിക്കുന്നതിനായി എല്ലാ പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ബ്ലാസ്റ്റേഴ്‌സ് മുന്‍ഗണന നല്‍കും. ആരാധകരുടെ പിന്തുണ തുടര്‍ന്നുമുണ്ടാകണമെന്നും ക്ലബ് അഭ്യര്‍ത്ഥിച്ചു.
അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ കളിച്ചേക്കില്ലെന്ന് അഭ്യൂഹമുണ്ട്. കോഴിക്കോടും, മലപ്പുറവുമാണ് ഹോം സ്‌റ്റേഡിയമായി പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ജുവാൻ റോഡ്രിഗസും ബ്ലാസ്റ്റേഴ്‌സ് വിട്ടു
അതേസമയം, മറ്റൊരു വിദേശ താരം കൂടി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. ജുവാൻ റോഡ്രിഗസാണ് ക്ലബ് വിട്ടത്. തന്റെ സ്വന്തം രാജ്യമായ സ്‌പെയിനിലെ മാര്‍ബെല്ല എഫ്‌സിയിലേക്കാണ് ഡിഫന്‍ഡറായ ജുവാന്‍ റോഡ്രിഗസ് പോകുന്നത്. താരത്തിന് ക്ലബ് ആശംസകള്‍ നേര്‍ന്നു. നേരത്തെ, അഡ്രിയാന്‍ ലൂണ, നോവ സദൂയി, ടിയാഗോ ആല്‍വ് എന്നിവരും ബ്ലാസ്‌റ്റേഴ്‌സ് വിട്ടിരുന്നു. ലൂണയും, സദൂയിയും ലോണിലാണ് ടീം വിട്ടത്. ഇന്തോനേഷ്യന്‍ ക്ലബുകളിലേക്കാണ് ഇരുവരും പോയത്.