Argentina Team To Kerala : മെസിയും അർജൻ്റീന ടീമും കേരളത്തിലേക്ക് വരും; വീണ്ടും സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ
Lionel Messi To Kerala : ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി സ്ഥിരീകരണം നൽകിയിരിക്കുന്നത്. ഒക്ടോബറിലാണ് മത്സരത്തിനായി വിൻഡോ ലഭ്യമായിട്ടുള്ളത്

തിരുവനന്തപുരം : ലോകകപ്പ് ജേതാക്കളായ ലയണൽ മെസിയുടെ അർജൻ്റീന ടീം കേരളത്തിലേക്ക്. വാർത്ത സ്ഥിരീകരിച്ച് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നേരത്തെ പറഞ്ഞ ഒക്ടോബർ വിൻഡോയിൽ തന്നെയാകും ലയണൽ മെസിയും സംഘവും കേരളത്തിലേക്കെത്തുക. കൊച്ചിയാകും മത്സരത്തിന് വേദിയാകുക. ഇതിനായി സ്റ്റേഡിയം പ്രത്യേകം സജ്ജീകരിക്കും. രണ്ട് സൗഹൃദ മത്സരമാകും അർജൻ്റീന ടീമിന് കേരളത്തിലുണ്ടാകുക. ഫിഫ റാങ്കിങ്ങിൽ 50 താഴെയുള്ള ഒരു ടീമുമായിട്ട് ലയണൽ മെസിയും തമ്മിൽ ഏറ്റുമുട്ടും. അടുത്ത മാസം അർജൻ്റീന ടീമിൻ്റെ അധികൃതർ കേരളം സന്ദർശിക്കുമെന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.
മന്ത്രി വി അബ്ദുറഹിമാൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
” ലോക ചാമ്പ്യന്മാരായ അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്” എന്ന് മാത്രമാണ് മന്ത്രിയുടെ പോസ്റ്റിലുള്ളത്. മറ്റ് വിവരങ്ങളൊന്നും കായിക മന്ത്രി പങ്കുവെച്ചിട്ടില്ല. തിരുവനന്തപുരത്ത് മത്സരം നടത്താൻ പ്രഥമ പരിഗണിനയെന്ന് മന്ത്രി അബ്ദുറഹിമാൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. മത്സരത്തിൻ്റെ തീയതിയും മറ്റ് വിവരങ്ങളും അർജൻ്റീന ടീമിൻ്റെ പ്രതിനിധി സംഘമെത്തയതിന് ശേഷമുള്ള സംയുക്ത വാർത്തസമ്മേളനത്തിലൂടെ അറിയിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ ഒക്ടോബർ വിൻഡോയിൽ അർജൻ്റീനയ്ക്ക് ഫിഫ കലണ്ടർ പ്രകാരം ചൈനയിലാണ് മത്സരമുള്ളത്. നെവംബറിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതെ തുടർന്നാണ് സർക്കാർ പറഞ്ഞ മെസിയും സംഘവും കേരളത്തിലേക്ക് എത്തുമെന്ന കാര്യത്തിൽ സംശയം ഉടലെടുത്തത്. സ്പോൺസർമാർ പണം കെട്ടിവെക്കാത്തതിനെ തുടർന്ന ടീം വരാത്തതിൻ്റെ കാര്യത്തിൽ അനിശ്ചിതത്വമുണ്ടായതെന്നാണ് അന്ന് റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നത്. ശേഷം മന്ത്രിയും സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും സംഭവത്തിൽ വിശദീകരണം നൽകി, അർജൻ്റീന ഫുട്ബോൾ കേരളത്തിൽ വരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.