Operation Sindoor: ‘ഇന്ത്യ മിസൈൽ ആക്രമണം നടത്തിയപ്പോൾ മാതാപിതാക്കൾ പാക് അധിനിവേശ കശ്മീരിലായിരുന്നു’; വെളിപ്പെടുത്തി മൊയീൻ അലി
Moeen Ali Reveals His Parents Were In POK: പാകിസ്താനിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയപ്പോൾ തൻ്റെ മാതാപിതാക്കൾ പാക് അധിനിവേശ കശ്മീരിലായിരുന്നു എന്ന് മൊയീൻ അലി. അവിടെനിന്ന് അവർ പുറത്തുകടന്നത് ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു.

മൊയീൻ അലി
ഇന്ത്യ മിസൈൽ ആക്രമണം നടത്തിയപ്പോൾ തൻ്റെ മാതാപിതാക്കൾ പാക് അധിനിവേശ കശ്മീരിലായിരുന്നു എന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി. അവരെ അവിടെനിന്ന് പുറത്തെത്തിക്കാനായെന്നും മൊയീൻ അലി വിക്കഡ് പോഡ്കാസ്റ്റിനോട് പറഞ്ഞു. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരമായിരുന്ന മൊയീൻ അലി പാകിസ്താനുമായുള്ള സംഘർഷങ്ങൾക്ക് പിന്നാലെ പുനരാരംഭിച്ച ലീഗിലേക്ക് തിരികെവരുന്നില്ലെന്ന നിലപാടാണ് എടുത്തത്.
“ആ സമയത്ത് എൻ്റെ മാതാപിതാക്കൾ പാകിസ്താനിലെ കശ്മീരിലായിരുന്നു. മിസൈൽ ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് ഒരു മണിക്കൂറോ കുറച്ച് അധികമോ യാത്രാസമയം മാത്രമാണ് അവിടേക്ക് ഉണ്ടായിരുന്നത്. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. അന്ന് പുറത്തേക്കുള്ള വിമാനത്തിൽ കയറിപ്പറ്റാൻ അവർക്ക് സാധിച്ചു. അത് പുറത്തെത്തി എന്നതിൽ സന്തോഷം. പക്ഷേ, അതൊരു വല്ലാത്ത അവസ്ഥയായിരുന്നു.”- മൊയീൻ അലി പറഞ്ഞു.
“ഇന്ത്യ ഇതൊക്കെ തുടങ്ങുന്നതിന് മുൻപ് മുൻപ് കശ്മീരിൽ ആക്രമണമുണ്ടായിരുന്നു. പെട്ടെന്ന് കാര്യങ്ങൾ വേഗത്തിലായി. ഞങ്ങൾ ഒരു യുദ്ധത്തിൻ്റെ നടുവിലാണെന്നാണ് തോന്നിയത്. പക്ഷേ, മിസൈൽ ആക്രമണത്തിൻ്റെ ശബ്ദമൊന്നും ഞങ്ങൾ കേട്ടില്ല. പെട്ടെന്ന്, രാജ്യത്തുനിന്ന് വേഗം പുറത്തുകടക്കാനുള്ള ബഹളമായിരുന്നു. കുടുംബം സുരക്ഷിതരാണെന്നുറപ്പിക്കേണ്ടിയിരുന്നു. നമ്മളെപ്പറ്റി നാട്ടിലുള്ളവർക്ക് ആശങ്കയുണ്ട്. അവരെയും കാര്യങ്ങൾ അറിയിക്കേണ്ടിയിരുന്നു.”- മൊയീൻ അലി തുടർന്നു.
“പഞ്ചാബും ഡൽഹിയും തമ്മിലുള്ള മത്സരം നിർത്തിവച്ചപ്പോൾ ആർക്കും ഒന്നും മനസിലായില്ല. ഞാൻ കുറച്ചുപേരോട് സംസാരിച്ചു. ചിലർ പറഞ്ഞത്, ‘യുദ്ധമൊന്നും ഉണ്ടാവില്ല, എല്ലാം ഓക്കെയാണ്. ഇത്തരം കാര്യങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്’ എന്നായിരുന്നു. ചിലർ പറഞ്ഞത്, ‘യുദ്ധമുണ്ടാവാൻ സാധ്യതയുണ്ട്. തിരിച്ചടിയ്ക്ക് സാധ്യതയുണ്ട്’ എന്നായിരുന്നു. നുണകൾ ഒരുപാട് കേൾക്കുന്നുണ്ട്. മാധ്യമപ്രവർത്തകരെയും വാർത്താമാധ്യമങ്ങളെയും വിശ്വസിക്കാൻ വയ്യ. എന്താണ് നടക്കുന്നതെന്നറിയില്ല. ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുന്നതിനെപ്പറ്റിയൊക്കെ ആശങ്കയുണ്ടായിരുന്നു. എന്താണ് നടക്കുന്നതെന്നറിയാതെ ഇന്ത്യയിലും പാകിസ്താനിലും ആശങ്കയോടെ കഴിയുന്ന ആഭ്യന്തര താരങ്ങളുടെ കാര്യം ഓർക്കുമ്പോൾ വിഷമമുണ്ട്.”- മൊയീൻ അലി വിശദീകരിച്ചു.
10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഈ മാസം 17 നാണ് ഐപിഎൽ പുനരാരംഭിച്ചത്. 17ന് ബെംഗളൂരുവിനെതിരായ മത്സരം മഴയിൽ മുടങ്ങിയതോടെ കൊൽക്കത്ത പ്ലേ ഓഫിൽ നിന്ന് പുറത്തായിരുന്നു.