Sanju Samson: ‘ആരാധകരെ ശാന്തരാകുവിൻ…’; സംഹാരതാണ്ഡവമാടി സഞ്ജു; 40 പന്തില്‍ സെഞ്ചുറി
40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു (111) പുറത്തായി. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 പരമ്പരയിൽ സഞ്ജുവിന്റെ സംഹാരതാണ്ഡവം. 40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു (111) പുറത്തായി. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും റിയാന്‍ പരാഗുമാണ് നിലവില്‍ ക്രീസിലുള്ളത്. 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്ണെടുത്തിട്ടുണ്ട് ഇന്ത്യ.
ഇതോടെ രാജ്യാന്തര ടി20യിൽ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചറിയും ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയുമാണ് സഞ്ജു സ്വന്തമാക്കിയത്. 2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ സെഞ്ചറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻപ് നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് വിജയം നേടാൻ കഴിഞ്ഞിരുന്നു. ഇന്ന് കൂടി ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് തൂത്തുവാരാം.അര്‍ഷദീപിന് പകരം രവി ബിഷ്ണോയിയെ ഉള്‍പ്പെടുത്തിയതാണ് ടീമിലെ ഏക മാറ്റം.
മികച്ച പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും വേണ്ടത്ര അവസരം താരത്തിനു ലഭിക്കുന്നില്ല. ഓരോ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോഴും സഞ്ജുവിനെ പുറത്താക്കുന്നുവെന്ന തരത്തിലുള്ള പ്രതികരണം ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന്റെ മികച്ച പ്രകടനം ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കുന്നതിന് പ്രധാനഘടകം തന്നെയാകും.