IPL 2025: താരലേലത്തിൽ ശ്രേയസിനെ സ്വന്തമാക്കാനായി ഈ ടീം രംഗത്തെത്തും; പ്രവചനവുമായി മുൻ ഇന്ത്യൻതാരം
Kolkata Knight Riders Shreyas Iyer: 2025 മെഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ കെകെആർ നിരയിൽ ശ്രേയസ് അയ്യരുടെ പേര് ഉണ്ടായിരുന്നില്ല. 13 കോടി രൂപയ്ക്ക് റിങ്കു സിംഗിനെയാണ് ഒന്നാം ചോയ്സായി കൊൽക്കത്ത നിലനിർത്തിയിരിക്കുന്നത്.

Indian Cricketer Shreyas Iyer (Image Credits: PTI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലത്തിൽ താരലേലത്തിൽ ശ്രേയസ് അയ്യരെ ടീമിലെത്തിക്കാൻ ഡൽഹി ക്യാപിറ്റൽസ് ശ്രമിക്കുമെന്ന് ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ. അയ്യരെ ടീമിലെത്തിക്കാൻ കൊൽക്കത്തയും ശ്രമം നടത്തുമെന്നും എന്നാൽ ആർടിഎം ഓപ്ഷനും പേഴ്സിൽ മതിയായ പണവും ഇല്ലാത്തതിനാൽ ആ നീക്കം വിജയിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ 2024-ൽ ഐപിഎല്ലിന്റെ പതിനാലാം പതിപ്പിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു ശ്രേയസ് അയ്യർ. താരലേലം നടക്കുമ്പോൾ താരത്തെ ടീമിലെത്തിക്കാൻ കൊൽക്കത്ത ശ്രമിച്ചേക്കും. 2 കോടി രൂപയാണ് ശ്രേയസിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിലും കൊൽക്കത്തയിൽ അയ്യർ തിളങ്ങി. 14 ഇന്നിംഗ്‌സുകളിൽ നിന്ന് 39 ശരാശരിയിൽ 146.86 സ്‌ട്രൈക്ക് റേറ്റോടെ 351 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. താരത്തെ ടീമിലെത്തിക്കാൻ കൊൽക്കത്ത ശ്രമിച്ചില്ലെങ്കിൽ, ഡൽഹി ശ്രേയസിനായി രംഗത്തെത്തും.’ സുനിൽ ഗാവസ്കർ സ്റ്റാർ സ്പോർട്സിന്റെ ഗെയിം പ്ലാനെന്ന പരിപാടിയിൽ പറഞ്ഞു. 18-ാം പതിപ്പിൽ ഡൽഹി ക്യാപിറ്റൽസിന് നായകനെ ആവശ്യമുണ്ട്. ഈ അവസരത്തിൽ ശ്രേയസ് അയ്യരിലേക്ക് ഡൽഹി ക്യാപിറ്റൽസ് എത്തിച്ചേരും. മുമ്പ് ടീമിനെ നയിച്ചിരുന്ന അയ്യർക്ക് ഡൽഹി പുതിയ സ്ഥലം ആയിരിക്കില്ലെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
“ഋഷഭ് പന്തിന് പകരക്കാരനായി ഒരു ക്യാപ്റ്റനെ ഡൽഹിക്ക് കണ്ടെത്തേണ്ടി വരുമെന്നതിനാൽ അവനെ തിരികെയെത്തിക്കാൻ ആർടിഎം കാർഡ് ഉപയോഗിക്കും. അല്ലെങ്കിൽ ലേലത്തിലൂടെ ഋഷഭ് പന്തിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാനാകും ഡൽഹി ക്യാപിറ്റൽസിന്റെ ശ്രമമെന്നും ഗവാസ്കർ സ്റ്റാർ സ്പോർട്സ് ഷോയിൽ വ്യക്തമാക്കി.
2025 മെഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ കെകെആർ നിരയിൽ ശ്രേയസ് അയ്യരുടെ പേര് ഉണ്ടായിരുന്നില്ല. 13 കോടി രൂപയ്ക്ക് റിങ്കു സിംഗിനെയാണ് ഒന്നാം ചോയ്സായി കൊൽക്കത്ത നിലനിർത്തിയിരിക്കുന്നത്. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർക്ക് 12 കോടി രൂപ വീതം ലഭിക്കും. 4 കോടി പ്രതിഫലം നൽകി അൺക്യാപ്ഡ് താരമായി ഹർഷിത് റാണയെയും രമൺദീപ് സിങ്ങിനെയും കൊൽക്കത്ത നിലനിർത്തിയിട്ടുണ്ട്. 51 കോടി രൂപയാണ് കൊൽക്കത്തയുടെ പേഴ്സിൽ ബാക്കിയുള്ളത്.
നവംബർ 24, 25 തീയതികളിലായി സൗദി അറേബ്യയിലെ ജിദ്ദയിലാണ് ഐപിഎൽ മെഗാ താരലേലം നടക്കുക. 1,574 താരങ്ങളാണ് ഐപിഎൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,165 ഇന്ത്യൻ താരങ്ങളും 409 വിദേശ താരങ്ങളും ലേലത്തിനെത്തും. 320 പേർ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. 1,224 താരങ്ങളാണ് അൺക്യാപ്ഡ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 30 താരങ്ങൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.