FIFA World Cup 2026 India broadcast: ഇനി നെഞ്ചിടിപ്പ് വേണ്ട! ഫിഫ ലോകകപ്പ് ഇന്ത്യൻ ടിവി സ്ക്രീനുകളിലേക്ക്; പ്രഖ്യാപനം ഉടന്‍
FIFA World Cup 2026 India Broadcast Rights: ഫുട്‌ബോള്‍ പ്രേമികളുടെ ആശങ്കകള്‍ അവസാനിക്കുന്നു. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ, 2026-ലെ ഫിഫ ലോകകപ്പിന്റെ തത്സമയ സംപ്രേഷണാവകാശം സംബന്ധിച്ച് ഏറെക്കുറെ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകും.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികളുടെ ആശങ്കകള്‍ അവസാനിക്കുന്നു. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ, 2026-ലെ ഫിഫ ലോകകപ്പിന്റെ തത്സമയ സംപ്രേഷണാവകാശം സംബന്ധിച്ച് ഏറെക്കുറെ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകും. 30-35 മില്യൺ യുഎസ് ഡോളര്‍ മൂല്യം ഈ കരാറിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സമ്മാനിക്കുന്നത്. ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശത്തിനായുള്ള ചർച്ചകൾ പൂർത്തിയായതായും ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നതായും മുൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ ശനിയാഴ്ച പറഞ്ഞു
ലോകകപ്പ് ടൂർണമെന്റ് രാജ്യത്ത് പരമാവധി ആളുകളിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം ഫുട്ബോൾ ആരാധകർക്ക് ഉറപ്പുനൽകി. ‘എക്‌സി’ലൂടെയാണ് ഷാജി പ്രഭാകരൻ ഇക്കാര്യം പറഞ്ഞത്. ഷാജി പ്രഭാകരന്‍ എക്‌സില്‍ കുറിച്ചത്:
“ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കുള്ള വലിയ വാർത്ത! ഒടുവിൽ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. ചർച്ചകളെല്ലാം വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു, 2026 ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണ പങ്കാളിയെക്കുറിച്ചുള്ള പ്രഖ്യാപനം അടുത്ത ആഴ്ച തന്നെയുണ്ടാകും! മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം ആരാധകർക്ക് ഇനി സമാധാനിക്കാം, ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ പൂർണ്ണമായും തത്സമയം ലഭ്യമാകും. ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനായി നമുക്ക് ഒരുങ്ങാം!”.
ഷാജി പ്രഭാകരന്റെ കുറിപ്പ്
BIG NEWS FOR INDIAN FOOTBALL FANS!
The wait is finally over. Negotiations are complete, and the official announcement for the FIFA World Cup 2026 broadcasting partner in India is expected next week! 🇮🇳
After months of uncertainty, fans can finally relax, the World Cup will be…
— Shaji Prabhakaran (@Shaji4Football) May 23, 2026
ഷാജി പ്രഭാകരൻ, അസോസിയേഷൻ ഫോർ സ്പോർട്സ് ഇൻഡസ്ട്രി പ്രൊഫഷണൽസ് (എഎസ്‌ഐപി) എന്ന സംഘടനയുടെ സ്ഥാപകനും പ്രസിഡന്റുമാണ്. ഖേൽ ഇന്ത്യ സ്പോർട്സ് ഫൗണ്ടേഷൻ എന്ന സംഘടനയ്ക്ക് കീഴിലാണ് അസോസിയേഷൻ ഫോർ സ്പോർട്സ് ഇൻഡസ്ട്രി പ്രൊഫഷണൽസ് പ്രവർത്തിക്കുന്നത്.
താഴേത്തട്ടിൽ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുകയും, കായിക മേഖലയിൽ വനിതകളെ ശാക്തീകരിക്കുകയുമാണ് എഎസ്‌ഐപിയുടെ ലക്ഷ്യം.
അനിശ്ചിതത്വം അവസാനിച്ചു
ഇന്ത്യയിൽ ഫിഫ ലോകകപ്പിന്റെ സംപ്രേഷണം ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നു. നേരത്തെ ഫിഫ ലോകകപ്പ് ഇന്ത്യയിൽ, പ്രത്യേകിച്ച് ദൂരദർശൻ, ഡി.ഡി സ്പോർട്സ് തുടങ്ങിയ പൊതു പ്ലാറ്റ്‌ഫോമുകളിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും പ്രസാർ ഭാരതിക്കും നോട്ടീസ് അയച്ചിരുന്നു.
അഡ്വക്കേറ്റ് അവധേഷ് ബൈർവ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ച ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് ആണ് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. ലോകകപ്പിന്റെ സംപ്രേഷണം ഇല്ലാതിരിക്കുന്നത് രാജ്യത്തുടനീളമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദങ്ങളിലൊന്ന് കാണാനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഫുട്‌ബോള്‍ ലോകകപ്പ്
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇത്തവണ ടൂർണമെന്റിലെ ടീമുകളുടെ എണ്ണം 32 ൽ നിന്നും 48 ആയി ഉയർത്തിയിട്ടുണ്ട്. ഇതോടെ ആകെ മത്സരങ്ങളുടെ എണ്ണം 64 ൽ നിന്ന് 104 ആയി വര്‍ധിക്കും.
English Summary
India is set to officially secure the broadcasting rights for the 2026 FIFA World Cup. The multi-million dollar media deal is worth between 30 to 35 million USD. Former AIFF official Shaji Prabhakaran confirmed that negotiations are fully complete. An official announcement naming the Indian broadcasting partner is expected next week.