CNAP India: ഇനി ട്രൂകോളർ ഇല്ലാതെ തന്നെ വിളിക്കുന്ന ആളെ അറിയാം, കോളിങ് നെയിം പ്രസന്റേഷൻ പദ്ധതി തുടങ്ങി
Calling Name Presentation CNAP TRAI Initiates: മൊബൈൽ ആശയവിനിമയം കൂടുതൽ സുതാര്യമാക്കാൻ ഈ നീക്കം സഹായിക്കുമെന്നും, സൈബർ തട്ടിപ്പുകൾ വലിയ അളവിൽ തടയാൻ ഇതിലൂടെ കഴിയുമെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ.
മുംബൈ: മൊബൈൽ ഫോൺ ആശയവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ‘കോളിങ് നെയിം പ്രസന്റേഷൻ (CNAP)’ സേവനം രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ഈ സംവിധാനം നിലവിൽ വരുന്നതോടെ, ഫോണിലേക്ക് വിളി വരുമ്പോൾ നമ്പറിനൊപ്പം വിളിക്കുന്ന വ്യക്തിയുടെ ഔദ്യോഗിക പേര് കൂടി ദൃശ്യമാകും. നിലവിൽ, രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിലാണ് ടെലികോം കമ്പനികൾ ഈ സേവനം പരീക്ഷിക്കുന്നത്.
- ഹരിയാണ: റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ.
- ഹിമാചൽപ്രദേശ്: എയർടെൽ.
Also read – ബെംഗളൂരു– എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി, റിട്ടേൺ ടിക്കറ്റ് തീർന്നത് റെക്കോഡ് വേഗത്തിൽ
2026 മാർച്ചോടെ രാജ്യവ്യാപകം
2026 മാർച്ചോടെ ‘CNAP’ സേവനം രാജ്യവ്യാപകമായി നടപ്പാക്കണമെന്നാണ് കേന്ദ്ര ടെലികോം വകുപ്പ് ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിന് മുന്നോടിയായി കൂടുതൽ സ്ഥലങ്ങളിലേക്ക് പരീക്ഷണം വ്യാപിപ്പിക്കാനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്. നിലവിൽ ഉപയോഗത്തിലുള്ള ട്രൂകോളർ പോലുള്ള ആപ്പുകളിൽ, വിളിക്കുന്നയാളുടെ പേര് ആപ്പിൽ രജിസ്റ്റർ ചെയ്തത് അനുസരിച്ചാണ് കാണിക്കുക.
ഇത് വ്യാജപേരുകൾ നൽകി കബളിപ്പിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. എന്നാൽ CNAP സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. സിം കാർഡ് എടുക്കുമ്പോൾ നൽകിയ ഫോമിലെ ഔദ്യോഗിക പേര് മാത്രമേ CNAP വഴി ദൃശ്യമാവുകയുള്ളൂ. ഫോണിൽ നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിൽ പോലും വിളിക്കുന്നയാളുടെ കൃത്യമായ പേര് ലഭ്യമാകും.
മൊബൈൽ ആശയവിനിമയം കൂടുതൽ സുതാര്യമാക്കാൻ ഈ നീക്കം സഹായിക്കുമെന്നും, സൈബർ തട്ടിപ്പുകൾ വലിയ അളവിൽ തടയാൻ ഇതിലൂടെ കഴിയുമെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. രാജ്യവ്യാപകമായി ഈ സേവനം നടപ്പിലാക്കുന്നതോടെ എല്ലാ മൊബൈൽ ഫോണുകളിലും ഈ സൗകര്യം ലഭ്യമാകും.