Cheaper Broadband : 1.5 കോടി കുടുംബങ്ങൾ, സബ്‌സിഡിയിൽ ഇൻ്റർനെറ്റ്; സർക്കാർ പദ്ധതിയിടുന്നു
അടുത്ത ഘട്ടമെന്ന നിലയിൽ 40,000 ഗ്രാമപഞ്ചായത്തുകളെ കൂടി പദ്ധതിയിൽ ബന്ധിപ്പിക്കും, 2.18 ലക്ഷം ഗ്രാമങ്ങളിലെ നിലവിലുള്ള കണക്ഷനുകൾ നിലനിർത്തും

ന്യൂഡൽഹി: രാജ്യത്തെ ഒരു കോടിയിലധികം കുടുംബങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഇൻ്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ., ഭാരത്‌നെറ്റ് ഫേസ് 3 പദ്ധതിക്ക് കീഴിലാണിത് നടപ്പാക്കുന്നത്. 2.18 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളെ അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ച് വിജയകരമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പദ്ധതിയെ കുറിച്ച് സംസാരിക്കവെ ടെലികോം സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി വ്യക്തമാക്കി.
അടുത്ത ഘട്ടമെന്ന നിലയിൽ 40,000 ഗ്രാമപഞ്ചായത്തുകളെ കൂടി പദ്ധതിയിൽ ബന്ധിപ്പിക്കും, 2.18 ലക്ഷം ഗ്രാമങ്ങളിലെ നിലവിലുള്ള കണക്ഷനുകൾ നിലനിർത്തും, ഒപ്പം 1.5 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് സബ്‌സിഡി ബ്രോഡ്‌ബാൻഡ് ആക്‌സസ് വ്യാപിപ്പിക്കുന്നതിനുമായി സർക്കാർ ഏകദേശം 1.4 ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എന്താണ് ഭാരത് നെറ്റ്
രാജ്യത്തെ പഞ്ചായത്തുകൾ തോറും ഇൻ്റർനെറ്റ് എത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് ഭാരത് നെറ്റ്. ഇതുവരെ 2.18 ലക്ഷം പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി.
ഡാറ്റ നിരക്കിൽ വിലക്കുറവ്
ആഗോളതലത്തിൽ നോക്കിയാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭ്യമായിട്ടുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വേഗതയേറിയ 5G ഇന്ത്യയുടേതാണ് (വ്യാപനത്തിൽ ) വെറും രണ്ട് വർഷത്തിനുള്ളിൽ 4.7 ലക്ഷത്തിലധികം 5G സൈറ്റുകൾ വിന്യസിക്കപ്പെട്ടുവെന്നും, രാജ്യത്തെ 99.6 ശതമാനം ജില്ലകളിലും ഇത് വ്യാപിച്ചിട്ടുണ്ടെന്നും ടെലികോം സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി ചൂണ്ടിക്കാട്ടി.