Gemini 3: ഏറ്റവും കരുത്തുറ്റ എഐ ടൂൾ; ആപ്പ് ഡിസൈനിലടക്കം മാറ്റങ്ങളുമായി ഗൂഗിളിൻ്റെ ജെമിനി 3
Gemini 3 New App By Google: ഗൂഗിളിൻ്റെ എഐ ഏജൻ്റായ ജെമിനിയുടെ പുതിയ പതിപ്പ് പുറത്ത്. ജെമിനി 3 എന്ന പേരിലാണ് അപ്ഡേറ്റ് എത്തുന്നത്.
ഏറ്റവും കരുത്തുറ്റ എഐ ടൂൾ എന്ന അവകാശവാദവുമായി ജെമിനി 3 എത്തുന്നു. ജെമിനി ആപ്പിലും ഗൂഗിൾ സെർച്ചിലെ എഐ മോഡിലും പുതിയ പതിപ്പ് ലഭ്യമാവും. കൂടുതൽ ഇൻ്ററാക്ടീവ്, വിഷ്വൽ സൗകര്യങ്ങൾ പുതിയ പതിപ്പിലുണ്ടാവും. ജെനറേറ്റിവ് ഇൻ്റർഫേസ് എന്നതാണ് ജെമിനി 3യിലെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ.
ജെമിനിയുടെയും ഗൂഗിൾ എഐ സ്റ്റുഡിയോയുടെയും വൈസ് പ്രസിഡൻ്റായ ജോഷ് വുഡ്വാർട്ട് ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിൾ ഇക്കാര്യം അറിയിച്ചത്. ജെമിനി പ്ലാറ്റ്ഫോമിനെ ക്ലീൻ, മോഡേൺ ലുക്കിലേക്ക് മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചാറ്റുകൾ ആരംഭിക്കാൻ ഇനി എളുപ്പമാണ്. ഇമേജുകൾ, വിഡിയോകൾ തുടങ്ങിയവ നിർമ്മിക്കാനും ആപ്പിൽ എളുപ്പം സാധിക്കും. മൈ സ്റ്റഫ് എന്ന പേരിൽ ഒരു പുതിയ ഫോൾഡർ ആപ്പിലുണ്ടാവും. ഗൂഗിൾ ഷോപ്പിങ് ഗ്രാഫിൻ്റെ സഹായത്തോടെ ഷോപ്പിങ് എളുപ്പമാക്കാനും ജെമിനി 3 സഹായിക്കും.
യൂസർ ഇൻ്റഫേസിലാണ് കാര്യമായ മാറ്റമുണ്ടായിരിക്കുന്നത്. ഇൻ്ററാക്ടീവ് ആയ യുഐ കൂടുതൽ മികച്ച വിഷ്വൽ എക്സ്പീരിയൻസ് നൽകുമെന്ന് ഗൂഗിൾ അവകാശപ്പെട്ടു. വെബ് പേജുകൾ, ഗെയിം, ടൂൾ, ആപ്ലിക്കേഷൻ തുടങ്ങി എല്ലാം ഓട്ടോമാറ്റിക്കലി ഡിസൈൻ ചെയ്തതാണ്. ഏത് പ്രോംപിനോടും കസ്റ്റമൈസ്ഡ് ആയി പ്രതികരിക്കാൻ ഇതിന് കഴിയും. വിഷ്വൽ ലേഔട്ടും ഡൈനാമിക് വ്യൂവും ആണ് പുതിയ ജെനറേറ്റിവ് ഇൻ്റഫേസിലുണ്ടാവുക. കോഡിംഗ്, പ്ലാനിങ് എന്നിവയിൽ പുതിയ അനുഭവം കൊണ്ടുവരാൻ ഇവ സഹായിക്കും. ഇൻ്ററാക്ടിവ് റിയൽ ലൈഫ് റെസ്പോൺസും ഇതിലൂടെ ലഭിക്കും.
ഇതോടൊപ്പം ജെമിനി ഏജൻ്റ് എന്ന പേരിൽ മറ്റൊരു ഫീച്ചറും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ആപ്പിനുള്ളിൽ തന്നെ മൾട്ടി സ്റ്റെപ് ടാസ്കുകൾ ചെയ്യാൻ ഇതിന് കഴിയും. ഗൂഗിൾ ആപ്പ്സിലേക്ക് കണക്ട് ചെയ്ത് കലണ്ടറും മറ്റും ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്.