IMEI: ഐഎംഇഐ നമ്പറില്‍ കൃത്രിമം കാണിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും 50 ലക്ഷം പിഴയും
IMEI Number Fraud: 2023ലെ ടെലികോം നിയമപ്രകാരം ഐഎംഇഐ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളില്‍ കൃത്രിമം കാണിക്കുന്നത് കര്‍ശനമായ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളിലെ പതിനഞ്ചക്ക ഐഎംഇഐ നമ്പര്‍ അഥവ ഇന്റര്‍നാഷണല്‍ മൊബൈല്‍ എന്റര്‍പ്രൈസസ് ഐഡന്റിറ്റി നമ്പറില്‍ കൃത്രിമം കാണിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്ന് ടെലികോം മന്ത്രാലയം. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ ശിക്ഷ ലഭിക്കും. ചിലപ്പോള്‍ ഈ രണ്ട് ശിക്ഷകളും ഒരുമിച്ച് ലഭിക്കാനും ഇടയുണ്ട്.
2023ലെ ടെലികോം നിയമപ്രകാരം ഐഎംഇഐ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളില്‍ കൃത്രിമം കാണിക്കുന്നത് കര്‍ശനമായ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. നിലവിലുള്ള നിയമങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ എല്ലാ നിര്‍മ്മാതാക്കള്‍ക്കും ബ്രാന്‍ഡ് ഉടമകള്‍ക്കും ഇറക്കുമതി-വില്‍പനക്കാര്‍ക്കും ടെലികോം മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലോ അല്ലെങ്കിലോ അന്വേഷണങ്ങളുടെ ഭാഗമായോ എല്ലാം ഫോണ്‍ ട്രാക്ക് ചെയ്യാനായി ഐഎംഇഐ നമ്പറാണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ഇവയില്‍ കൃത്രിമം കാണിക്കുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും.




Also Read: Gemini 3: ഏറ്റവും കരുത്തുറ്റ എഐ ടൂൾ; ആപ്പ് ഡിസൈനിലടക്കം മാറ്റങ്ങളുമായി ഗൂഗിളിൻ്റെ ജെമിനി 3
ടെലികോം ശൃംഖലകള്‍ സുരക്ഷിതമാക്കുക, വ്യാജ ഉപകരണങ്ങള്‍ തടയുകയുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. 2023ലെ ടെലികോം നിയമം, 2024 ലെ ടെലികോം സൈബര്‍ സുരക്ഷ നിയമം എന്നിവ അനുസരിച്ച് ഐഎംഇഐ രജിസ്‌ട്രേഷനില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 2024ലെ ടെലികോം സൈബര്‍ സുരക്ഷ നിയമപ്രകാരം ഐഎംഇഐ നമ്പര്‍ മാറ്റുന്നതും നീക്കം ചെയ്യുന്നതും ശിക്ഷാര്‍ഹമാണെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി.