Google Veo 3: എഐ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് കാർത്തിക് സൂര്യയോ?; സാമ്യതയിൽ അതിശയിച്ച് സോഷ്യൽ മീഡിയ
Google Veo 3 And Karthik Surya: ഗൂഗിൾ വിയോ 3 കൊണ്ട് നിർമ്മിക്കുന്ന എഐ വിഡിയോകളിലെ ശബ്ദത്തിന് കാർത്തിക് സൂര്യയുടെ ശബ്ദവുമായി സാമ്യതയുണ്ട്. എന്തുകൊണ്ടാവാം ഇതെന്ന അതിശയത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

ഗൂഗിളിൻ്റെ ടെക്സ്റ്റ് ടു വിഡിയോ ടൂൾ ആയ വിയോ 3 ഇപ്പോൾ സമൂഹമാധ്യമങ്ങൾ ട്രെൻഡിങ് ആണ്. ശബ്ദവും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും അടങ്ങുന്ന, ഒറിജിനലിനോട് സമാനമായ എഐ വിഡിയോകൾ മലയാളത്തിലും പുറത്തിറങ്ങുന്നുണ്ട്. ഇങ്ങനെ മലയാളത്തിൽ ജനറേറ്റ് ചെയ്യപ്പെടുന്ന വിഡിയോകളിലൊക്കെ പുരുഷന്മാർ സംസാരിക്കുന്നത് അവതാരകനും വ്ലോഗറുമായ കാർത്തിക് സൂര്യയുടെ ശബ്ദത്തിലാണെന്നാണ് സമൂഹമാധ്യമങ്ങളിലെ കണ്ടത്തൽ.
ഗൂഗിൾ വിയോ 3 കൊണ്ട് നിർമ്മിക്കുന്ന എഐ വിഡിയോകളിൽ പുരുഷന്മാർ സംസാരിക്കുമ്പോൾ ഇടയ്ക്ക് കാർത്തിക് സൂര്യയുടെ ശബ്ദം കയറി വരാറുണ്ട്. വിഡിയോയിൽ ഉടനീളം ഈ ശബ്ദമല്ല. എന്നാൽ, വിഡിയോയുടെ ഇടയിൽ ശബ്ദം മാറി കാർത്തിക് സൂര്യയുടേതാവും. ഇത് സമൂഹമാധ്യമ അക്കൗണ്ടുകൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. വോയിസ് മോഡൽ ട്രെയിൻ ചെയ്യുന്നതിൻ്റെ രീതി കാരണമാവാം ഇങ്ങനെ സംഭവിച്ചതെന്നാണ് എഐ തന്നെ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ പൊതുവിടത്തിലുള്ള ബ്രഹത്തായ ഓഡിയോ ഡേറ്റ ഉപയോച്ചാണ് എഐ വോയിസ് മോഡലുകളെ ട്രെയിൻ ചെയ്യുന്നത്. ഇതിൽ യൂട്യൂബ് വിഡിയോകളും ഉൾപ്പെടും. കാർത്തിക് സൂര്യ ഒരു യൂട്യൂബർ ആയതുകൊണ്ട് തന്നെ ട്രെയിനിങിൽ അദ്ദേഹത്തിൻ്റെ ശബ്ദവും ഉൾപ്പെട്ടിട്ടുണ്ടാവും. മലയാളം സംസാരിക്കുന്നതിൻ്റെ രീതി വോയിസ് ട്രെയിനിങിൽ കാർത്തിക് സൂര്യയുടെ ശബ്ദത്തോട് സമാനമായതായി എഐ മനസ്സിലാക്കിയിട്ടുണ്ടാവും. ഇതോടൊപ്പം പൊതുവിടത്തിലുള്ള ഓയിസ് ഓപ്ഷനുകൾ കുറവാണെന്നതും ഇതിനൊരു കാരണമാവാമെന്ന് എഐ കൂട്ടിച്ചേർക്കുന്നു.




സിനിമാനിർമ്മാണ മേഖലയിൽ വിയോ 3 വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. മുൻ ടെക്സ്റ്റ് ടു വിഡിയോ എഐ ടൂളുകളിൽ ശബ്ദം വേറെ ചേർക്കേണ്ടിയിരുന്നു. എന്നാൽ, വിയോ 3യിൽ ആ പ്രശ്നമില്ല. സൈൻ ചെയ്താൽ ആദ്യ മാസം സൗജന്യമാണെന്നതിനാൽ വിയോ 3 ഉപയോഗിച്ച് നിർമ്മിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.