ISRO NVS 02 : ഏറെ പ്രതീക്ഷയോടെയുള്ള വിക്ഷേപണം, പിന്നാലെ ആശങ്ക; നാവിഗേഷന്‍ ദൗത്യത്തിന് സംഭവിച്ചതെന്ത്?
NVS 02 satellite fails to reach orbit : ജനുവരി 29നാണ് ജിഎസ്എൽവി-എംകെ 2 ൽ എൻവിഎസ്-02 ഉപഗ്രഹം വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 100-ാം വിക്ഷേപണമായിരുന്നു ഇത്. എന്നാൽ ഉപഗ്രഹത്തെ നിശ്ചിത ഓർബിറ്റൽ സ്ലോട്ടിലേക്ക് മാറ്റുന്നതിന് ഭ്രമണപഥം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ത്രസ്റ്ററുകളുമായി ബന്ധപ്പെട്ടുള്ള വാല്‍വുകള്‍ തുറക്കാനാകാത്തത് തിരിച്ചടിയായി

ഐഎസ്ആര്‍ഒയുടെ എന്‍വിഎസ് 02 ദൗത്യത്തില്‍ പ്രതിസന്ധി. സാങ്കേതിക തകരാര്‍ മൂലം ഭ്രമണപഥം ഉയര്‍ത്താനാകാത്തതാണ് തിരിച്ചടിയായത്. ജനുവരി 29നാണ് ജിഎസ്എൽവി-എംകെ 2 ൽ എൻവിഎസ്-02 ഉപഗ്രഹം വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 100-ാം വിക്ഷേപണമായിരുന്നു ഇത്. എന്നാൽ ഉപഗ്രഹത്തെ നിശ്ചിത ഓർബിറ്റൽ സ്ലോട്ടിലേക്ക് മാറ്റുന്നതിന് ഭ്രമണപഥം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ത്രസ്റ്ററുകളുമായി ബന്ധപ്പെട്ടുള്ള വാല്‍വുകള്‍ തുറക്കാനാകാത്തതാണ് തിരിച്ചടിയായത്.
നാവിഗേഷൻ സിസ്റ്റത്തിന് അനുയോജ്യമല്ലാത്ത ഒരു എലിപ്റ്റിക്കൽ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലാണ് നിലവില്‍ ഉപഗ്രഹമുള്ളത്. വിക്ഷേപണത്തിനുശേഷം, ഉപഗ്രഹത്തിലെ സോളാർ പാനലുകൾ വിജയകരമായി വിന്യസിച്ചിരുന്നു. ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ആശയവിനിമയം സ്ഥാപിച്ചു.
എന്നാല്‍ ഭ്രമണപഥം ഉയര്‍ത്തുന്ന ഘട്ടത്തില്‍ മാത്രമാണ് തിരിച്ചടി നേരിട്ടത്. ഉപഗ്രഹ സംവിധാനങ്ങൾക്ക് തകരാറുകളില്ല. ഭ്രമണപഥം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.




2250 കിലോഗ്രാം ഭാരമാണ് ഉപഗ്രഹത്തിനുള്ളത്. ‘നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷ(navIC)ന്റെ ഭാഗമായ ഈ ദൗത്യം ജിഎസ്എല്‍വി ഉപയോഗിച്ചുള്ള 17-ാമത് വിക്ഷേപണം കൂടിയായിരുന്നു. രാജ്യത്തിന്റെ നാവിഗേഷന്‍ ആവശ്യകതകള്‍ക്ക് അതിപ്രധാനമാണ് എന്‍വിഎസ് 02 ദൗത്യം.
Read Also : സെഞ്ചുറി നേട്ടത്തിൽ ഐഎസ്ആർഒ; കുതിച്ചുയർന്ന് എൻവിഎസ്-02, പീക്ഷണം പൂർണ വിജയം
പ്രതിരോധത്തിലും, സ്വകാര്യ മേഖലയിലും എന്‍വിഎസ് 02 പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നുള്ള 1500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും നാവികിന്റെ പരിധിയിലുണ്ട്. ഇന്ത്യയുടെ ന്യൂ ജനറേഷന്‍ നാവിഗേഷന്‍ സാറ്റലൈറ്റിലെ രണ്ടാമത്തെ ഉപഗ്രഹമായ എന്‍വിഎസ്-02 ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ ദൗത്യമായിരുന്നു.
വി. നാരായണന്‍ ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായതിന് ശേഷം നടത്തുന്ന ആദ്യ വിക്ഷേപണം കൂടിയായിരുന്നു ഇത്. എന്‍വിഎസ്-01 വിക്ഷേപിച്ചത് കഴിഞ്ഞ മേയിലാണ്. 2022-ൽ, സെൻസർ തകരാർ കാരണം എസ്എസ്എല്‍വി-ഡി1 ദൗത്യത്തിലും ഐഎസ്ആര്‍ഒ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ മുന്‍കാല തിരിച്ചടികളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവന്നതാണ് ഐഎസ്ആര്‍ഒയുടെ ചരിത്രം. അതുകൊണ്ട് ഇത്തവണയും പ്രതിസന്ധി തരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.