5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

OpenAI: ചാറ്റ്ജിപിടിയിൽ നിൽക്കില്ല; ഓപ്പൺഎഐ വക ഹ്യൂമനോയ്ഡ് റോബോട്ടുകളും എഐ ഡിവൈസുകളുമെത്തും

OpenAI To Develop Humanoid Robots: ഹ്യൂമനോയ്ഡ് റോബോട്ടുകളും എഐ ഡിവൈസുകളും നിർമ്മിക്കാൻ ഓപ്പൺഎഐ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വിവിധ ഗാഡ്ജറ്റുകളും ചിപ്സെറ്റുകളും അടക്കം വികസിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുന്നതായാണ് സൂചന.

OpenAI: ചാറ്റ്ജിപിടിയിൽ നിൽക്കില്ല; ഓപ്പൺഎഐ വക ഹ്യൂമനോയ്ഡ് റോബോട്ടുകളും എഐ ഡിവൈസുകളുമെത്തും
ഓപ്പൺഎഐImage Credit source: Unsplash
abdul-basith
Abdul Basith | Published: 06 Feb 2025 15:53 PM

എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി വികസിപ്പിച്ച ഓപ്പൺഎഐ കമ്പനി ഹ്യൂമനോയ്ഡ് റോബോട്ടുകളും എഐ ഡിവൈസുകളും വികസിപ്പിക്കാനൊരുങ്ങുന്നു. യുഎസ് പേറ്റൻ്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ സമർപ്പിച്ച കഴിഞ്ഞ ആഴ്ച സമർപ്പിച്ച അപേക്ഷയിലാണ് ഈ സൂചനയുള്ളത്. നിരവധി ഗാഡ്ജറ്റുകൾക്കുള്ള അവകാശത്തിനായാണ് കമ്പനി അപേക്ഷ സമർപ്പിച്ചത്. എഐ ചിപ്സെറ്റ്, എആർ, വിആർ പ്ലാറ്റ്ഫോമുകൾ, ഹ്യൂമനോയ്ഡ് റോബോട്ടുകൾ തുടങ്ങിയവയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 31നാണ് ഓപ്പൺഎഐ അപേക്ഷ സമർപ്പിച്ചത്. ഓപ്പൺഎഐ എന്ന പേരിലാണ് അപേക്ഷ. കുറേ എണ്ണം ഹാർഡ്‌വെയർ ഡിവൈസുകളാണ് അപേക്ഷയിൽ സൂചിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഹാർഡ്‌വെയർ നിർമ്മാണ മേഖലയിലേക്ക് കമ്പനി കടക്കുകയാണെന്നാണ് സൂചനകൾ. ഗുഡ്സ് ആൻഡ് സർവീസസ് എന്ന ഭാഗത്ത് ഇയർഫോണുകൾ, ഹെഡ്ഫോണുകൾ, സ്മാർട്ട്‌വാച്ചുകൾ, സ്മാർട്ട് ആഭരണങ്ങൾ, മീഡിയ സ്ട്രീമിങ് ഡിവൈസുകൾ, എആർ/വിആർ ഹെഡ്സെറ്റുകൾ, ഗ്ലാസുകൾ, ഹ്യൂമനോയ്ഡ് റോബോട്ടുകൾ, എഐ ചിപ്സെറ്റുകൾ എന്നിവയാണുള്ളത്.

ഈ സൂചനകൾക്ക് ശക്തിപകരുന്നതാണ് കഴിഞ്ഞ ദിവസം ഓപ്പൺഎഐ സിഇഒ നടത്തിയ പ്രസ്താവന. ദക്ഷിണകൊറിയൻ മാധ്യമമായ ദി ഇലകിന് നൽകിയ അഭിമുഖത്തിൽ കൂടുതൽ എഐ ഡിവൈസുകൾ നിർമ്മിക്കാൻ കമ്പനി ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മറ്റ് കമ്പനികളുമായി സഹകരിച്ചാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Finance Ministry: ഔദ്യോഗിക ആവശ്യങ്ങൾക്ക് ചാറ്റ് ജിപിടിയും ഡീപ് സീക്കും വേണ്ട; നിർദേശവുമായി ധനമന്ത്രാലയം

ഓപ്പൺഎഐ ഹ്യൂമനോയ്ഡ് റോബോട്ടുകൾ നിർമ്മിക്കാനൊരുങ്ങുകയാണെന്ന് കഴിഞ്ഞ വർഷം മുതൽ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. മനുഷ്യരെപ്പോലെയുള്ള റോബോട്ടുകൾ നിർമിക്കാൻ കമ്പനി ശ്രമിക്കുകയാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഓപ്പൺഎഐയുടേതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ജോലി ഒഴിവുകളിൽ പലതും റോബോട്ടിക്സ് ടീമിലെ റിസർച്ച് എഞ്ചിനീയർ ടീമിലേക്കായിരുന്നു. വിവിധ റോബോട്ടിക്സ് സ്റ്റാർട്ടപ്പുകളിൽ കമ്പനി നിക്ഷേപിച്ചിട്ടുമുണ്ട്.

ലളിതമായ റോബോട്ടുകളല്ല, പലതരം ടാസുകൾ ചെയ്യാൻ കഴിയുന്ന അഡ്വാൻസ്ഡ് റോബോട്ടുകൾ നിർമ്മിക്കാനാണ് കമ്പനിയുടെ ശ്രമം. സിമുലേഷനിൽ ട്രെയിനിങ് കൊടുത്ത് ജെനററ്റിവ് എഐ വഴിയാവും ഇത്തരം റോബോട്ടുകളുടെ പ്രവർത്തനം. അടുത്തിടെ റോബോട്ടുകളെയും സ്വയം പര്യാപ്തമായ വാഹനങ്ങളെയും പരിശീലിപ്പിക്കാനായി എൻവിഡിയ കോസ്മോസ് എന്ന പേരിൽ ഒരു പ്ലാറ്റ്ഫോം പുറത്തിറക്കിയിരുന്നു. ഇതും ഓപ്പൺഎഐ തങ്ങളുടെ ഡിവൈസുകളിൽ ഉപയോഗിച്ചേക്കും. എന്നാൽ, ഇത്തരത്തിൽ കമ്പനി പ്രഖ്യാപനം നടത്തിയിട്ടില്ല. സാം ആൾട്ട്മാൻ്റെ പ്രസ്താവനയാണ് ഈ റിപ്പോർട്ടുകളിൽ ആകെ കമ്പനിയുടെ ഭാഗത്തുനിന്ന് വന്ന സ്ഥിരീകരണം. അതുകൊണ്ട് തന്നെ ഉടനെയൊന്നും ഇത്തരം ഡിവൈസുകൾ പ്രതീക്ഷിക്കേണ്ടതില്ല. വരുന്ന അഞ്ച് മുതൽ 10 വരെ വർഷത്തിനിടെ ഇത്തരം ചില ഡിവൈസുകൾ അവതരിപ്പിക്കപ്പെട്ടേക്കാം.