WhatsApp Hacking: പൊതു വൈഫൈ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? വാട്സാപ്പ് ഹാക്ക് ചെയ്‌തെന്ന് തോന്നിയാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
How to Protect from WhatsApp Hacking: ഇത്തരം ഓണലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ പണം കൈമാറി പോകുന്നതിന് മുൻപ് തന്നെ തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിക്കാനും, പണം തിരിച്ചെടുക്കാനും സാധിച്ചേക്കും.

കൊല്ലം: എസ്എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജയദേവന്റെ പേരിൽ വ്യാഴാഴ്ച രാത്രി പലർക്കും വാട്സാപ്പ് സന്ദേശങ്ങൾ എത്തിയിരുന്നു. ‘ഒരു ദിവസം ബാങ്കിൽ നിന്ന് അയയ്ക്കാവുന്ന പണത്തിന്റെ പരിധി കഴിഞ്ഞു, അതിനാൽ 30,000 രൂപ അയച്ചു തരാമോ? നാളെ രാവിലെ തിരികെ നൽകാം’ എന്നായിരുന്നു സന്ദേശം. വാട്സാപ്പ് സന്ദേശം കണ്ട് സംശയം തോന്നിയ പലരും അദ്ദേഹത്തെ വിളിച്ചു, ഇതോടെയാണ് തന്റെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടെന്ന് ഡോ. ജയദേവൻ മനസിലാക്കിയത്. ഇതിന് പിന്നാലെ സൈബർ സെല്ലിൽ പരാതി നൽകി.
ഇതിന് തൊട്ട് മുൻപത്തെ ദിവസം ഡോ. ജയദേവനെ ആരോ വിളിച്ച് സിബിഎസ്ഇ സ്‌കൂളുകളുടെ ഓൺലൈൻ മീറ്റിംഗ് ഉണ്ടെന്നും ലിങ്ക് വാട്സാപ്പ് വഴി അയക്കാമെന്നും പറഞ്ഞു. തുടർന്ന്, ലിങ്ക് എസ്എംഎസ് ചെയ്തിട്ടുണ്ടെന്നും അതിലൊരു നമ്പർ വന്നിട്ടുണ്ടാകും അതൊന്ന് പറഞ്ഞ് തരാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ നമ്പർ അദ്ദേഹം പറഞ്ഞു കൊടുത്തു. എന്നാൽ അത് ഒടിപി ആയിരുന്നെന്നുള്ള കാര്യം അദ്ദേഹം തിരിച്ചറിഞ്ഞില്ല. അങ്ങനെ ആയിരിക്കും വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് ജയദേവൻ പറയുന്നത്. ഇപ്പോൾ സൈബർ സെൽ ഹാക്ക് ചെയ്ത വാട്സാപ്പ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. അടുത്ത ദിവസം മുതൽ വാട്സാപ്പ് അകൗണ്ട് തിരിച്ചുപിടിക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരം ഓണലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ പണം കൈമാറി പോകുന്നതിന് മുൻപ് തന്നെ തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിക്കാനും, പണം തിരിച്ചെടുക്കാനും സാധിച്ചേക്കും. പണം ലഭിച്ചു കഴിഞ്ഞാൽ കോടതി മുഖേന പരാതിക്കാരന് നൽകാനുള്ള സംവിധാനവും ഉണ്ടാകുമെന്ന് സൈബർ സെൽ അറിയിച്ചു. വാട്സാപ്പ് ഹെല്പ് സെന്ററുമായി ബന്ധപ്പെടാൻ https://faq.whatsapp.com/1131652977717250 എന്ന ലിങ്ക് സന്ദർശിക്കാം.
വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടാൽ
വാട്സാപ്പ് ഹാക്ക് ചെയ്യപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അക്കൗണ്ട് ലോക്ക് ചെയ്യണം. വാട്സാപ്പിലെ സെറ്റിങ്സിൽ കയറി ‘ലോക്ക്’ എന്ന ഓപ്ഷൻ ഓൺ ചെയ്യുക. തുടർന്ന് മൊബൈൽ സർവീസ് പ്രൊവൈഡറെ ബന്ധപ്പെട്ട് പുതിയ സിം കാർഡ് എടുക്കുക. അതുപോലെ വാട്സാപ്പ് സപ്പോർട്ടിലും പരാതിപ്പെടണം. ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലായാൽ ഉടൻ നിങ്ങളുടെ മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകളുടെയും ഇ-മെയിൽ ഐഡിയുടെയും പാസ്‌വേർഡുകൾ മാറ്റുക. കൂടാതെ, പോലീസിലും പരാതി നൽകുക.
വാട്സാപ്പ് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ
വാട്സാപ്പ് സുരക്ഷിതമാക്കാൻ രണ്ടു ഘട്ട സ്ഥിരീകരണം ഓണാക്കുന്നത് ഗുണം ചെയ്യും. പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അവ സുരക്ഷിതമല്ല. വാട്സാപ്പ് ശക്തമായ പാസ്‌വേർഡുകൾ ഉപയോഗിച്ച് ലോക്ക് ചെയ്യുക. വാട്സാപ്പ് അപ്‌ഡേറ്റുകൾ കൃത്യ സമയത്ത് ഇൻസ്റ്റാൾ ചെയ്യുന്നത് സുരക്ഷാപാളിച്ചകൾ പറ്റാതിരിക്കാൻ സഹായിക്കും.