Perplexity AI: ജെമിനി പുറത്ത്; സാംസങ് ഫോണുകളിൽ എഐ അസിസ്റ്റൻ്റായി പർപ്ലെക്സിറ്റി എത്തുന്നു
Samsung Considering Perplexity As Default AI Assistant: സാംസങ് ഫോണുകളിലെ എഐ അസിസ്റ്റൻ്റ് സ്ഥാനം ഗൂഗിൾ ജെമിനിയ്ക്ക് നഷ്ടമായേക്കും. പെർപ്ലക്സിറ്റി എഐയെയാണ് സാംസങ് പരിഗണിക്കുന്നത്.

സാംസങ് ഫോണുകളിൽ എഐ അസിസ്റ്റൻ്റായി പർപ്ലെക്സിറ്റി എത്തുന്നു. നിലവിൽ ഗൂഗിളിൻ്റെ ജെമിനി എഐ ആണ് സാംസങ് ഫോണുകളിലെ എഐ അസിസ്റ്റൻ്റ്. ഇതിന് പകരം ഗ്യാലക്സി എസ്26 സീരീസ് മുതൽ പെർപ്ലക്സിറ്റിയാവും സാംസങ് ഫോണുകളിലെ എഐ അസിസ്റ്റൻ്റ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മോട്ടറോളയുമായാണ് പെർപ്ലക്സിറ്റിയ്ക്ക് സഹകരണമുള്ളത്. സിരി പ്ലഗിനിൽ സെർച്ച് എഞ്ചിനായി പെർപ്ലക്സിറ്റിയെ ഉപയോഗിക്കാൻ ആപ്പിളും പരിഗണിക്കുന്നുണ്ട്.
മൊബൈൽ ഫോണുകളിൽ എഐ അസിസ്റ്റൻ്റായി പരിഗണിക്കുന്നതിനൊപ്പം സാംസങ് ഇൻ്റർനെറ്റ്, ബിക്സ്ബി ആപ്പുകളിലും പെർപ്ലക്സിറ്റിയുടെ ഫീച്ചറുകൾ പരിഗണിച്ചേക്കും. ഗ്യാലക്സി എസ്26 സീരീസ് മുതൽ വരും ജനറേഷൻ സ്മാർട്ട്ഫോണുകളിൽ എഐ അസിസ്റ്റൻ്റായി പെർപ്ലക്സിറ്റിയെ പരിഗണിക്കുന്നതാണ് ഇരു കമ്പനികളും തമ്മിലുള്ള കരാർ. ബിക്സ്ബി പെർപ്ലക്സിറ്റി ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യും. പെർപ്ലക്സിറ്റിയുടെ സെർച്ച് ഫീച്ചറുകൾ സാംസങ് ഇൻ്റർനെറ്റ് ബ്രൗസറിൽ ഉപയോഗിക്കും. സർക്കിൾ ടു സെർച്ച് അടക്കമുള്ള എഐ ഫീച്ചറുകൾ ഇപ്പോൾ ഗൂഗിൾ ജെമിനിയുടെ സഹായത്തോടെയാണ് സാംസങ് ഗ്യാലക്സി സ്മാർട്ട്ഫോണുകളിൽ ഉള്ളത്.
തങ്ങളുടെ വെബ് ബ്രൗസറായ സഫാരിയുടെ എഐ സെർച്ച് എഞ്ചിനായി ആപ്പിളും പെർപ്ലക്സിറ്റി എഐയെ പരിഗണിക്കുന്നുണ്ട്. ആപ്പിൾ ഡിവൈസുകളിൽ ഗൂഗിളാണ് നിലവിലെ സെർച്ച് എഞ്ചിൻ. എന്നാൽ, ഗൂഗിളിന് പകരം ആപ്പിൾ പെർപ്ലക്സിറ്റിയെ പരിഗണിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ വെബ് സെർച്ച് എഞ്ചിനാണ് പെർപ്ലക്സിറ്റി. 2022ലാണ് പെർപ്ലക്സിറ്റി റിലീസാവുന്നത്. തമിഴ്നാട് സ്വദേശിയായ അരവിന്ദ് ശ്രീനിവാസൻ്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ച പെർപ്ലക്സിറ്റി നിലവിലെ ഏറ്റവും മികച്ച എഐ പ്ലാറ്റ്ഫോമുകളിലൊന്നാണ്. ആപ്പിളും സാംസങും പെർപ്ലക്സിറ്റിയുമായി കരാറൊപ്പിട്ടാൽ ഗൂഗിളിന് അത് കനത്ത തിരിച്ചടിയാവും.