ഹോണ്ട സിറ്റിയുടെ വിളയാട്ടം അവസാനിപ്പിക്കാൻ പുത്തൻ സെഡാനുമായി സ്കോഡ, വരവിന് സമയം കുറിച്ചു
Skoda Slavia Facelift Sedan Launch By August 2026: സ്കോഡ ഓട്ടോ ഇന്ത്യ സ്ലാവിയയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. കുറച്ചുകാലമായി പരീക്ഷണത്തിലുള്ള മോഡലിനെ 2026 ഓഗസ്റ്റിൽ രാജ്യത്തിനായി സമ്മാനിക്കാനാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്. പക്ഷേ ലോഞ്ചിനായുള്ള തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് മാത്രം.
റാപ്പിഡും ഒക്‌ടാവിയും പോലുള്ള ജനപ്രിയർ പടിയിറങ്ങിയപ്പോൾ ഇന്ത്യക്കാർക്കിടയിൽ സ്കോഡയ്ക്ക് പുതിയ മുഖം സമ്മാനിച്ചവരാണ് കുഷാഖും സ്ലാവിയയും. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ മെയ്‌ഡ് ഇൻ ഇന്ത്യ കാറുകൾ കച്ചോടം കാര്യമായി തന്നെ കമ്പനിക്ക് നേടിക്കൊടുത്തു. ഉയർന്ന മെയിന്റനെൻസ് ചീത്തപ്പേരെല്ലാം മാറ്റിയതും ഈ രണ്ട് മോഡലുകളിലൂടെയായിരുന്നുവെന്നതാണ് സത്യം. സെഡാനുകൾക്ക് ഭാവിയില്ലെന്ന് പറഞ്ഞവർ പോലും സ്ലാവിയയുടെ വരവിൽ ഞെട്ടി. കിടലൻ പെർഫോമൻസും, യൂറോപ്യൻ നിർമാണ നിലവാരവും, ഉഗ്രൻ സേഫ്റ്റിയും എല്ലാമായി എത്തിയ കാർ സെഗ്മെന്റിൽ തന്നെ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിച്ചു.
സ്ലാവിയയുടെ വരവ് ശരിക്കും പണിയായത് ഹ്യുണ്ടായി വെർണയ്ക്കും ഹോണ്ട സിറ്റിക്കുമായിരുന്നു. വന്നിട്ട് കുറച്ചുകാലമായതിനാൽ സ്കോഡ ഓട്ടോ ഇന്ത്യ സ്ലാവിയയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. കുറച്ചുകാലമായി പരീക്ഷണത്തിലുള്ള മോഡലിനെ 2026 ഓഗസ്റ്റിൽ രാജ്യത്തിനായി സമ്മാനിക്കാനാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്. പക്ഷേ ലോഞ്ചിനായുള്ള തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് മാത്രം.
Also Read: ഗ്രാൻഡ് വിറ്റാര മാത്രമല്ല, ക്രെറ്റയും വീണു; ടൊയോട്ട എസ്‌യുവിക്ക് മുന്നിൽ സിയറയ്ക്കും രക്ഷയില്ല!
വമ്പൻ മാറ്റങ്ങളൊന്നും വാഹനത്തിൽ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും പുതുമ കൈവരിക്കാനുള്ള ചില നവീകരണങ്ങൾ മിഡ്-സൈസ് സെഡാനിൽ ഇടംപിടിക്കുന്നതായിരിക്കും. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചെറുതായി പരിഷ്ക്കരിച്ച സ്റ്റൈലിംഗ്, നിരവധി പുതിയ ഫീച്ചറുകൾ, പുതിയ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയുമായാവും സ്കോഡ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ അവതരിപ്പിക്കുക.
എക്സ്റ്റീരിയറിലേക്ക് വന്നാൽ പുതിയ 2026 സ്കോഡ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റിൽ കുഷാഖിലേതിന് സമാനമായ ഇന്റഗ്രേറ്റഡ് ലൈറ്റിംഗ് എലമെന്റുള്ള റീഡിസൈൻ ചെയ്ത ഫ്രണ്ട് ഗ്രിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഹെഡ്‌ലാമ്പുകളിൽ പുതിയ എൽഇഡി ലൈറ്റിംഗ് ഘടകങ്ങൾ ലഭിക്കുമെന്നതും സ്വീകാര്യമായിരിക്കും. പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എന്നിവ കാറിന്റെ മറ്റ് ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടും.
എക്സ്റ്റീരിയറിലേത് പോലെ തന്നെ ഇന്റീരിയറിലെ മാറ്റങ്ങളും സ്കോഡയുടെ മിഡ്-സൈസ് എസ്‌യുവിക്ക് സമാനമായിരിക്കും. പുതിയ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റിൽ കുഷാഖിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായി 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ ഇത്തവണ ഇടംപിടിക്കും. എന്നാൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സിൽവർ സ്ക്രോൾ വീലുകളുള്ള ടൂ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും നിലവിലെ മോഡലേത് പോലെ തുടരും.
സെഡാന് പുതിയ ക്യാബിൻ തീം, സീറ്റ് അപ്ഹോൾസ്റ്ററി, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവയും ലഭിച്ചേക്കാം. പുതിയ സ്ലാവിയയിലും പിൻസീറ്റിന് മസാജ് ഫംഗ്ഷൻ വാഗ്ദാനം ചെയ്തേക്കാം. 8-സ്പീക്കർ സൗണ്ട് സിസ്റ്റം, സിംഗിൾ പെയിൻ സൺറൂഫ്, റിയർ വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് സവിശേഷതകളും സ്കോഡ വാഗ്ദാനം ചെയ്യും.
പുതിയ 2026 സ്കോഡ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്താൻ സാധ്യതയുണ്ട്. ഇതിൽ 1.0 ലിറ്റർ TSI പെട്രോൾ, 1.5 ലിറ്റർ TSI യൂണിറ്റുകളാവും സെഡാന് തുടിപ്പേകുക. ഇതിൽ ആദ്യത്തെ ചെറിയ എഞ്ചിൻ 115 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ പുതുതായി അവതരിപ്പിച്ച 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടിവും എഞ്ചിൻ ജോടിയാക്കുക.
കൂടുതൽ കരുത്തുറ്റ 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിൻ 150 bhp പവറിൽ 250 Nm ടോർക്ക് വരെ നിർമിക്കാനും യോഗ്യമായിരിക്കും. സ്കോഡ സ്ലാവിയയുടെ ഈ എഞ്ചിൻ ഓപ്ഷനൊപ്പം 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമാവും ഉണ്ടാവുക. മാനുവൽ നേരത്തെ കമ്പനി ഒഴിവാക്കിയിരുന്നതിനാൽ മുഖംമിനുക്കിയെത്തുന്ന മോഡലിലും ഉണ്ടാവാൻ സാധ്യതയില്ല. ഇന്ത്യയിൽ ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗൺ വെർട്ടിസ്, ഹ്യുണ്ടായി വെർണ എന്നീ വമ്പൻമാരോടാണ് സ്ലാവിയയുടെ മത്സരം.
English Summary
Skoda Auto India is currently gearing up to launch the facelifted version of the Slavia. The Czech brand plans to introduce the model, which has been in testing for some time, to the country in August 2026. However, the launch date has not been revealed yet. While we don’t expect any major changes to the vehicle, the mid-size sedan is likely to get some updates to bring it to life.