WhatsApp Call Schedule: അങ്ങനെ അതും സംഭവിച്ചു, വാട്ട്‌സ്ആപ്പ് കോള്‍ ഇനി ഷെഡ്യൂള്‍ ചെയ്യാം; സംഭവം സിമ്പിളാണ്
How To Schedule WhatsApp Call: സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങി ആരുമായി ചാറ്റ് ചെയ്യുമ്പോഴും, അല്ലെങ്കില്‍ ജോലിസ്ഥലത്തെ മീറ്റിങ് ആയാലും ഇനി നിങ്ങള്‍ക്ക് ഒരു സമയം നിശ്ചയിച്ച് ആളുകളെ മുന്‍കൂട്ടി ക്ഷണിക്കാനാകും. കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്‌സാപ്പ് എല്ലാവരെയും ഇത് ഓര്‍മിപ്പിക്കുമെന്നതാണ് പ്രത്യേകത
വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. കോളുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാന്‍ സഹായിക്കുന്ന വമ്പന്‍ അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചര്‍ വേണമെന്നത് ഉപയോക്താക്കളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. ഒടുവില്‍ ഉപയോക്താക്കളുടെ മനസറിഞ്ഞ ആ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങി ആരുമായി ചാറ്റ് ചെയ്യുമ്പോഴും, അല്ലെങ്കില്‍ ജോലിസ്ഥലത്തെ മീറ്റിങ് ആയാലും ഇനി നിങ്ങള്‍ക്ക് ഒരു സമയം നിശ്ചയിച്ച് ആളുകളെ മുന്‍കൂട്ടി ക്ഷണിക്കാനാകും. കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്‌സാപ്പ് എല്ലാവരെയും ഇത് ഓര്‍മിപ്പിക്കുമെന്നതാണ് പ്രത്യേകത.
മറ്റ് ഇൻ കോൾ അപ്‌ഗ്രേഡുകൾക്കൊപ്പമാണ് വാട്ട്‌സ്ആപ്പ് ഈ ഫീച്ചറും അവതരിപ്പിച്ചത്. ആളുകളെ മുന്‍കൂട്ടി ക്ഷണിച്ചുകൊണ്ട് ഗ്രൂപ്പ് കോളുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാമെന്നത് ഉപയോക്താക്കള്‍ക്ക് ഏറെ സഹായകരമാണ്. വരാനിരിക്കുന്ന കോളുകള്‍, ആരാണ് പങ്കെടുക്കുന്നത് തുടങ്ങിയവ കോള്‍സ് ടാബിലൂടെ അറിയാനാകും. ഒപ്പം, ഇന്‍വൈറ്റ് ചെയ്തുകൊണ്ടുള്ള ലിങ്കുകളും ഇതില്‍ ഷെയര്‍ ചെയ്യാം. ആരെങ്കിലും ലിങ്ക് വഴി ജോയിന്‍ ചെയ്യുമ്പോള്‍ ലിങ്കുകള്‍ ക്രിയേറ്റ് ചെയ്തവര്‍ക്ക് അലര്‍ട്ട് ലഭിക്കും.
എല്ലാ കോളുകളും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വഴി പ്രൊട്ടക്ട് ചെയ്യുമെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു. ഇനി എങ്ങനെയാണ് കോള്‍ ഷെഡ്യൂള്‍ ചെയ്യേണ്ടതെന്ന് നോക്കാം. ഇതിന് ആദ്യം കോള്‍സ് ടാബ് തിരഞ്ഞെടുക്കണം. തുടര്‍ന്ന് കോള്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യണം.
അവിടെ ഷെഡ്യൂള്‍ കോള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാനാകും. ഇതിനു ശേഷം തീയതി, സമയം എന്നിവ സെറ്റ് ചെയ്യാം. ഓഡിയോ കോളാണോ, വീഡിയോ കോളാണോ വേണ്ടതെന്നും തിരഞ്ഞെടുക്കാം. ഒടുവില്‍ അവിടെയുള്ള ഗ്രീന്‍ ബട്ടണില്‍ ടാപ്പ് ചെയ്താല്‍ കോള്‍ ഷെഡ്യൂളാകും. അപ്‌ഡേറ്റ് ആഗോളതലത്തിൽ പുറത്തിറങ്ങിത്തുടങ്ങി. വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും എത്തും.