New Orleans : പാഞ്ഞുകയറി ട്രക്ക്, ജീവന്‍ നഷ്ടപ്പെട്ടത് 10 പേര്‍ക്ക്, പുതുവര്‍ഷപ്പുലരിയില്‍ യുഎസ് നടുങ്ങി; ന്യൂ ഓര്‍ലിയന്‍സില്‍ സംഭവിച്ചത്
New Orleans attack : വാഹനം ഓടിച്ചയാള്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെടിയേറ്റെങ്കിലും ഉദ്യോഗസ്ഥരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവം ഭീകരാക്രമണമാണോയെന്ന് എഫ്ബിഐ അന്വേഷിക്കുന്നുണ്ട്. ആദ്യം ഇത് തീവ്രവാദ ആക്രമണമല്ലെന്നായിരുന്നു എഫ്ബിഐയുടെ നിലപാട്. വലിയ ദുരന്തമാണ് നടന്നതെന്നും, പൊലീസിന് നന്ദിയെന്നും റിപ്പബ്ലിക്കൻ സെനറ്റർ ബിൽ കാസിഡി പറഞ്ഞു.

ന്യൂ ഓർലിയാൻസ്
പുതുവര്‍ഷ ദിനത്തില്‍ ന്യൂ ഓര്‍ലിയാന്‍സിലുണ്ടായ ആക്രമണത്തില്‍ നടുങ്ങിയിരിക്കുകയാണ് യുഎസ്. ന്യൂ ഓര്‍ലിയന്‍സില്‍ പുതുവര്‍ഷം ആഘോഷിച്ചുകൊണ്ടിരുന്നവര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 10 പേരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബർബൺ സ്ട്രീറ്റിലെ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ എഫ്ബിഐയും ലോക്കൽ പൊലീസും അന്വേഷണം തുടങ്ങി. പുലർച്ചെ 3.15 ഓടെയാണ് സംഭവം നടന്നത്. വെള്ള ട്രക്കാണ് ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിന് പിന്നാലെ വെടിയൊച്ചകളും കേട്ടെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ അക്രമി വെടിയേറ്റ് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഷംസുദ് ദിന്‍ ജബ്ബാര്‍ എന്ന 42കാരന്റെ പേരാണ് വിവിധ യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആളുകളോട് അവിടെ നിന്നും പോകണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പ്രദേശത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. 10 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ന്യൂ ഓർലിയൻസ് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യൂണിവേഴ്‌സിറ്റി മെഡിക്കൽ സെൻ്റർ, ടൂറോ ഹോസ്പിറ്റൽ, ഈസ്റ്റ് ജെഫേഴ്‌സൺ ജനറൽ ഹോസ്പിറ്റൽ, ഓക്‌സ്‌നർ മെഡിക്കൽ സെൻ്റർ ജെഫേഴ്‌സൺ കാമ്പസ്, ഓക്‌സ്‌നർ ബാപ്റ്റിസ്റ്റ് കാമ്പസ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ആക്രമണം ആസൂത്രിതമാണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
എഫ്ബിഐയുടെ ന്യൂ ഓർലിയൻസ് ഫീൽഡ് ഓഫീസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. സംഭവസ്ഥലത്ത് സംശയാസ്പദമായ ഒരു ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) കണ്ടെത്തിയെന്ന് അസിസ്റ്റൻ്റ് സ്പെഷ്യൽ ഏജൻ്റ് ഇൻ ചാർജ് അലീത്തിയ ഡങ്കൻ റിപ്പോർട്ട് ചെയ്തു. ഞെട്ടിക്കുന്ന സംഭവമാണ് നടന്നതെന്നും, ഇരകളായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രി പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ആരും പോകരുതെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.
Read Also : ‘ഈ ധൈര്യം ചാള്‍സ് ശോഭരാജിലും കാണില്ല’ ! കടിച്ച പാമ്പിനെ നോക്കി പ്രശംസിച്ച് ഇൻഫ്ലുവൻസർ; ഇപ്പോള്‍ ഐസിയുവില്‍
സംഭവം അന്വേഷിച്ച് വരികയാണെന്നും വൈറ്റ് ഹൗസുമായും ലൂസിയാന ഗവര്‍ണറുമായും ബന്ധപ്പെടുന്നുണ്ടെന്നും ന്യൂ ഓർലിയൻസ് മേയർ ലതോയ കാൻ്റ്രെൽ പറഞ്ഞു. സംഭവം നടന്ന ബർബൺ സ്ട്രീറ്റിന് ചുറ്റുമുള്ള എട്ട് ബ്ലോക്കുകൾ പൊതുജനങ്ങൾ ഒഴിവാക്കണമെന്നും ലതോയ കാൻ്റ്രെൽ പറഞ്ഞു.
വാഹനം ഓടിച്ചയാള്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെടിയേറ്റെങ്കിലും ഉദ്യോഗസ്ഥരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവം ഭീകരാക്രമണമാണോയെന്ന് എഫ്ബിഐ അന്വേഷിക്കുന്നുണ്ട്. ആദ്യം ഇത് തീവ്രവാദ ആക്രമണമല്ലെന്നായിരുന്നു എഫ്ബിഐയുടെ നിലപാട്. വലിയ ദുരന്തമാണ് നടന്നതെന്നും, പൊലീസിന് നന്ദിയെന്നും റിപ്പബ്ലിക്കൻ സെനറ്റർ ബിൽ കാസിഡി പറഞ്ഞു.
അക്രമിക്ക് റൈഫിളുണ്ടായിരുന്നെന്നും, കൂടാത ഹെല്‍മറ്റും, ബോഡി കവചവും ധരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ക്രൂരമായ മനഃപൂർവമായ ആക്രമണമാണ് നടന്നതെന്ന് ലൂസിയാന അറ്റോർണി ജനറൽ ലിസ് മുറിൽ പറഞ്ഞു. ആക്രമണത്തിന് ഇരയായവർക്കായി താൻ പ്രാർത്ഥിക്കുന്നുവെന്നും ലിസ് മുറിൽ വ്യക്തമാക്കി. സംഭവത്തില്‍ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ന്യൂ ഓർലിയൻസ് മേയറുമായി സംസാരിച്ചു.
ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, വൈറ്റ് ഹൗസ് ഹോംലാൻഡ് സെക്യൂരിറ്റി ടീം എന്നിവര്‍ സ്ഥിതിഗതികള്‍ ബൈഡനോട് വിശദീകരിച്ചു. നടന്നത് ക്രൂരമായ ആക്രമണമാണെന്ന് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു.