Al Dhafra Festival: ഒട്ടകം കറക്കല്‍, ഫാല്‍ക്കണ്‍ പറത്തല്‍…; അല്‍ ദഫ്ര ഫെസ്റ്റിവല്‍ ഒക്ടോബര്‍ 27 മുതല്‍
19th Al Dhafra Festival Important Dates: ഒട്ടക സൗന്ദര്യ മത്സരങ്ങള്‍ ഉള്‍പ്പെടെ 17 പൈതൃക മത്സരങ്ങള്‍ ഫെസ്റ്റിവിന്റെ ഭാഗമായുണ്ടാകും. 4,800 സമ്മാനങ്ങളാണ് വിതരണത്തിനായി ഒരുക്കിയത്. ഒട്ടക സൗന്ദര്യ മത്സരങ്ങള്‍ നാല് ഘട്ടങ്ങളിലായാണ് നടക്കുക.

ഒട്ടകങ്ങള്‍
അബുദബി: പത്തൊന്‍പതാമത് അല്‍ ദഫ്ര ഫെസ്റ്റിവല്‍ ഒക്ടോബര്‍ 27 മുതല്‍ ആരംഭിക്കും. ഏകദേശം 213 കോടി രൂപ സമ്മാനത്തുകയുള്ള ഫെസ്റ്റിവല്‍ ജനുവരി 22 വരെയായിരിക്കും നടക്കുക. അബുദബിയില്‍ വെച്ച് നടക്കുന്ന പരിപാടി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്. അബുദബി ഹെറിറ്റേജ് അതോറിറ്റിയ്ക്കാണ് നടത്തിപ്പ് ചുമതല.
ഒട്ടക സൗന്ദര്യ മത്സരങ്ങള്‍ ഉള്‍പ്പെടെ 17 പൈതൃക മത്സരങ്ങള്‍ ഫെസ്റ്റിവിന്റെ ഭാഗമായുണ്ടാകും. 4,800 സമ്മാനങ്ങളാണ് വിതരണത്തിനായി ഒരുക്കിയത്. ഒട്ടക സൗന്ദര്യ മത്സരങ്ങള്‍ നാല് ഘട്ടങ്ങളിലായാണ് നടക്കുക. 355 റൗണ്ടുകളുണ്ടാകും. 3,370 സമ്മാനങ്ങള്‍ ഒട്ടക സൗന്ദര്യ മത്സരത്തില്‍ വിതരണം ചെയ്യും. 8.87 കോടി ദിര്‍ഹമാണ് സമ്മാനത്തുക.
- സുലൈഹാന്‍ മത്സരം- ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 3 വരെ
- റാസീന്‍ മത്സരം- നവംബര്‍ 15 മുതല്‍ 22 വരെ
- മദീനത്ത് സായിദ് മത്സരം- ഡിസംബര്‍ 13 മുതല്‍ 20 വരെ
- ഗ്രാന്‍ഡ് ഫിനാലെ- ജനുവരി 3 മുതല്‍ 22 വരെ
അല്‍ ദഫ്ര ഫെസ്റ്റിവലാണ് ജനുവരി 3 മുതല്‍ 22 വരെ നടക്കുന്നത്. ഈ സമയത്താണ് മറ്റ് പൈതൃക മത്സരങ്ങളുടെ അരങ്ങേറ്റം. ഒട്ടകം കറക്കല്‍, ഫാല്‍ക്കണ്‍ പറത്തല്‍, ഫാല്‍ക്കണ്‍ സൗന്ദര്യ മത്സരം, അറേബ്യന്‍ സലൂക്കി സൗന്ദര്യ മത്സരം, ഓട്ട മത്സരം, അറേബ്യന്‍ കുതിരയോട്ടം, ഈന്തപ്പഴം, പാചകം, പരമ്പരാഗത വസ്ത്രധാരണം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഇത്തരം പൈതൃക മത്സരങ്ങള്‍ക്ക് 5.6 ദശലക്ഷം ദിര്‍ഹത്തിലേറെ മൂല്യമുള്ള 1,520 സമ്മാനങ്ങള്‍ വിതരണം ചെയ്യും. യുഎഇയുടെ പൈതൃകം സംരക്ഷിക്കുകയും ആളുകള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.