Burkina Faso Attack : അൽ-ഖ്വയ്ദ അനുകൂല സംഘടനയുടെ ആക്രമണം; ബുർക്കിന ഫാസോയിൽ 100 ലധികം പേർ കൊല്ലപ്പെട്ടു.
ജിബോയിലാണ് പ്രധാന ആക്രമണം നടന്നത്, ജെഎൻഐഎം തീവ്രവാദികൾ ആദ്യം നഗരത്തിലെ എല്ലാ പ്രവേശന ചെക്ക്‌പോസ്റ്റുകളുടെയും നിയന്ത്രണം ഏറ്റെടുത്തു, തുടർന്ന് സൈനിക ക്യാമ്പുകൾ, ആക്രമിക്കുകയായിരുന്നു

Burkina Faso Attack
ബമാകോ (മാലി): പടിഞ്ഞറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ അൽ-ഖ്വയ്ദ അനുകൂല തീവ്രവാദ സംഘടന നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സൈനികരാണെന്നാണ് പ്രാഥമിക വിവരം. തന്ത്രപ്രധാനമായ ജിബോ പട്ടണവും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഞായറാഴ്ച പുലർച്ചെ മുതൽ ആക്രമണം നടന്നെന്ന് ഒരു സന്നദ്ധ പ്രവർത്തക പറഞ്ഞു. സഹേൽ മേഖലയിൽ സജീവമായ അൽ-ഖ്വയ്ദ അനുകൂല സംഘടനയായ ജമാഅത്ത് നസർ അൽ-ഇസ്ലാം വാൽ-മുസ്ലിമിൻ അഥവാ ജെഎൻഐഎം എന്ന ജിഹാദി ഗ്രൂപ്പ് ഞായറാഴ്ചത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ജിബോയിലാണ് പ്രധാന ആക്രമണം നടന്നത്, ജെഎൻഐഎം തീവ്രവാദികൾ ആദ്യം നഗരത്തിലെ എല്ലാ പ്രവേശന ചെക്ക്‌പോസ്റ്റുകളുടെയും നിയന്ത്രണം ഏറ്റെടുത്തു, തുടർന്ന് സൈനിക ക്യാമ്പുകൾ, പ്രത്യേകിച്ച് പ്രത്യേക തീവ്രവാദ വിരുദ്ധ യൂണിറ്റിൻ്റെ ക്യാമ്പുകൾ എന്നിവിടങ്ങൾ ആക്രമിക്കുകയായിരുന്നെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ആഫ്രിക്കയിലെ സഹേൽ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ജെഎൻഐഎം .
ഇബ്രാഹിം ട്രോറിന്റെ നേതൃത്വത്തിലുള്ള ഒരു സൈനിക ഭരണകൂടമാണ് നിലവിൽ ബുർക്കിന ഫാസോ ഭരിക്കുന്നത്. രാജ്യത്തെ സുരക്ഷാ സ്ഥിതി വളരെയധികം വഷളായതിനാൽ രാജ്യത്തിന്റെ പകുതിയോളം പ്രദേശങ്ങൾ ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലല്ല. പട്ടാള അട്ടിമറിക്ക് ശേഷം ബുർക്കിന ഫാസോയുടെ പ്രസിഡൻ്റായ ജനറൽ ഇബ്രാഹിം ട്രോർ (36) തൻ്റെ ഭരണകാലത്ത് രാജ്യത്ത് നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫ്രാൻസിന്റെയും അമേരിക്കയുടെയും സ്വാധീനത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച് സ്വയംപര്യാപ്തമാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ തീവ്രവാദ ഗ്രൂപ്പുകൾ അദ്ദേഹത്തിന്റെ ദൗത്യത്തിന് തടസ്സമായി മാറുകയാണെന്നാണ് വിവരം.
.