B2 Bombers: റഡാറിൽപ്പെടില്ല, ഇന്ധനമില്ലാതെ സഞ്ചരിക്കും; 18000 കിലോ ബോംബും പറ്റു, ഇറാനിൽ ബോംബിട്ട ബി2 ബോംബർ
American B2 Bomber: ഇന്ധനം നിറയ്ക്കാതെ തന്നെ ഏകദേശം 6000 മുതൽ 11,000 കിലോമീറ്ററിലധികം ദൂരം പറക്കാൻ ബി-2 വിന് സാധിക്കും. ഭീമൻ ബോംബുകളും ആണവായുധങ്ങളും വഹിക്കാൻ ബി-2 വിന് ശേഷിയുണ്ട്. ഗൈഡഡ് ബോംബുകൾ ഉൾപ്പെടെ 18,000 കിലോ വരെ ഭാരം വഹിക്കും

ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൻ്റെ വിവരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആക്രമണത്തിന് ഉപയോഗിച്ച ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ വിമാനങ്ങളെ പറ്റിയാണ്. അമേരിക്കൻ സൈനിക ശക്തിയുടെ ആണിക്കല്ലുകളിലൊന്നാണ് ബി2 ബി ബോംബറുകൾ. ലോകത്തിലെ ഏറ്റവും അത്യാധുനികവും നിഗൂഢവുമായ സൈനിക വിമാനങ്ങളിൽ ഒന്നാണിതെന്ന് പറയപ്പെടുന്നു. റഡാറുകളുടെ കണ്ണിൽപ്പെടാതെ ശത്രുരാജ്യങ്ങളിൽ കടന്നുചെന്ന് ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കാൻ കഴിവുള്ളയാണ് ഈ വിമാനങ്ങൾ.
രഹസ്യം
ബി2 ബോംബറുകളുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ “സ്റ്റെൽത്ത് സാങ്കേതികവിദ്യ” ആണ്. റഡാറുകളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന രീതിയിലുള്ള ഇതിൻ്റെ രൂപകൽപ്പനയും നിർമ്മാണവും ലോകത്തിൽ തന്നെ അത്ഭുതമാണ്. സാധാരണ വിമാനങ്ങളിലുള്ളതുപോലെ ചിറകുകൾ അല്ല ഇവക്ക്. പിന്നിൽ കുത്തനെയുള്ള ഭാഗങ്ങളില്ല. ഒറ്റനോട്ടത്തിൽ കണ്ടാൽ ആകാശത്തൊരു ഭീമൻ പക്ഷിയെന്ന് പോലും തോന്നും.
ഇന്ധനം നിറക്കാതെയും പോകാം
ഇന്ധനം നിറയ്ക്കാതെ തന്നെ ഏകദേശം 6000 മുതൽ 11,000 കിലോമീറ്ററിലധികം ദൂരം പറക്കാൻ ബി-2 വിന് സാധിക്കും. ഭീമൻ ബോംബുകളും ആണവായുധങ്ങളും വഹിക്കാൻ ബി-2 വിന് ശേഷിയുണ്ട്. ഗൈഡഡ് ബോംബുകൾ ഉൾപ്പെടെ 18,000 കിലോ വരെ ഭാരം വഹിക്കും. 200 അടിയിലേറെ ആഴത്തിൽ പോലും ചെന്ന് സ്ഫോടനം നടത്താൻ കഴിവുള്ള GBU-57 “ബങ്കർ ബസ്റ്റർ” ബോംബുകൾ വഹിക്കാൻ ശേഷിയുള്ള ഏക വിമാനമാണിത്. 50,000 അടി (ഏകദേശം 15,000 മീറ്റർ) വരെ ഉയരത്തിൽ നിന്ന് ആക്രമണ ദൗത്യങ്ങൾ നടത്താനും ഇതിന് സാധിക്കും.
ലോകത്ത് ആകെ 21
ലോകത്ത് ആകെ 21 ബി-2 വിമാനങ്ങളാണ് നിർമ്മിക്കപ്പെട്ടതെങ്കിലും നിലവിൽ അമേരിക്കൻ വ്യോമസേനയ്ക്ക് 19 എണ്ണം മാത്രമേ ഉള്ളൂ. ഓരോ വിമാനത്തിനും ഏകദേശം 2.1 ബില്യൺ ഡോളറാണ് വില കണക്കാക്കപ്പെടുന്നത്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് ആണവായുധങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി-2 സ്പിരിറ്റ് രൂപകൽപ്പന ചെയ്തത്.
1989-ൽ ആദ്യമായി പറന്ന ഈ വിമാനം 1997-ൽ അമേരിക്കൻ സൈന്യത്തിന്റെ ഭാഗമായി. 1999-ലെ കൊസോവോ യുദ്ധത്തിലാണ് ഇത് ആദ്യമായി യുദ്ധത്തിൽ ഉപയോഗിക്കപ്പെട്ടത്. അതിനുശേഷം അഫ്ഗാനിസ്ഥാൻ, ഇറാഖ്, ലിബിയ, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിലും ബി-2 വിമാനങ്ങൾ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
എന്തുകൊണ്ട് ഇറാനിൽ
ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ അമേരിക്ക ബി-2 ബോംബറുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. പ്രത്യേകിച്ച്, ഇറാനിലെ ഫോർദോ ആണവ നിലയം പോലുള്ള ഭൂഗർഭ കേന്ദ്രങ്ങളെ തകർക്കാൻ സാധിക്കുന്ന GBU-57 പോലുള്ള ബോംബുകൾ വഹിക്കാൻ ബി-2 വിന് മാത്രമേ കഴിയൂ എന്നതാണ് കാര്യം.