Sheikh Hasina: ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകള്‍ കൊടുക്കരുത്; മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ബംഗ്ലാദേശ്
Bangladesh govt warns media: ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി ബംഗ്ലാദേശിലെ സര്‍ക്കാര്‍. ഹസീനയുടെ പ്രസ്താവനകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് എല്ലാ മാധ്യമങ്ങളും വിട്ടുനിൽക്കണമെന്ന് മുന്നറിയിപ്പ്

ഷെയ്ഖ് ഹസീന
ധാക്ക: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. ഹസീനയുടെ പ്രസ്താവനകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് എല്ലാ അച്ചടി, ഇലക്ട്രോണിക്, ഓൺലൈൻ മാധ്യമങ്ങളും വിട്ടുനിൽക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ സാമൂഹിക ഐക്യത്തെ തകർക്കുന്ന അക്രമം, ക്രമക്കേട്, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാവുന്ന നിര്‍ദ്ദേശങ്ങള്‍ ഹസീനയുടെ പ്രസ്താവനകളിലുണ്ടാകാമെന്ന് ബംഗ്ലാദേശ് ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി (എന്‍സിഎസ്എ) പുറത്തിറക്കിയ പ്രസ് റിലീസില്‍ പറയുന്നതായി ഒരു ബംഗ്ലാദേശ് മാധ്യമത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഹസീനയുടെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ എന്‍സിഎസ്എ ആശങ്ക പ്രകടിപ്പിച്ചു. രാജ്യസുരക്ഷ കണക്കിലെടുത്ത് മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും ഏജന്‍സി നിര്‍ദ്ദേശിച്ചു. പ്രതികളുടെ പ്രസ്താവനകള്‍ സംപ്രേഷണം ചെയ്യുന്നത് സൈബർ സുരക്ഷാ ഓർഡിനൻസിന്റെ വ്യവസ്ഥകളുടെ ലംഘനമാണെന്നും ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി ചൂണ്ടിക്കാട്ടി.
ദേശീയ സുരക്ഷയെ ബാധിക്കുന്നതോ, വംശീയമോ മതപരമോ ആയ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന, അല്ലെങ്കിൽ അക്രമത്തിന് നേരിട്ട് പ്രേരിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വിദ്വേഷ പ്രസംഗം പ്രചരിപ്പിക്കുന്നതിനായി വ്യാജ പ്രൊഫൈലുകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. രണ്ട് വര്‍ഷം വരെ തടവോ, അല്ലെങ്കില്‍ 10 ലക്ഷം ബംഗ്ലാദേശി ടാക്ക പിഴയോ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. മാധ്യമസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. എന്നാല്‍ കുറ്റവാളിയായ ഒരാളുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ബംഗ്ലാദേശ് ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി ആവശ്യപ്പെട്ടു.