Benjamin Netanyahu: ഗാസയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കും, പക്ഷെ ഭരണം നടത്തില്ല: നെതന്യാഹു
Benjamin Netanyahu About Gaza: ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അജ്ഞാതമായ അറബ് സേനയ്ക്ക് കൈമാറുമെന്നാണ് നെതന്യാഹു പറഞ്ഞത്. ഹമാസിന് ശേഷമുള്ള പുതിയ സര്‍ക്കാരിനായി വിശാലമായ പദ്ധതി വികസിപ്പിക്കും.
ഗാസ സിറ്റി: ഗാസയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെ പ്രതികരണവുമായി ഹമാസും രംഗത്തെത്തി. ശേഷിക്കുന്ന ബന്ദികളെ ബലിയര്‍പ്പിക്കാന്‍ നെതന്യാഹു തയാറാണെന്നാണ് അതിനര്‍ത്ഥമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി.
ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അജ്ഞാതമായ അറബ് സേനയ്ക്ക് കൈമാറുമെന്നാണ് നെതന്യാഹു പറഞ്ഞത്. ഹമാസിന് ശേഷമുള്ള പുതിയ സര്‍ക്കാരിനായി വിശാലമായ പദ്ധതി വികസിപ്പിക്കും. ഒരു സിവിലിയന്‍ ഗവണ്‍മെന്റ് എന്ന നിലയില്‍ ഇസ്രായേലിനെ മുനമ്പിന്റെ നിന്ത്രണത്തിലാക്കില്ലെന്നും പലസ്തീന്‍ അതോറിറ്റിയെ ഭരണത്തില്‍ പങ്കുവഹിക്കാന്‍ അനുവദിക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
26 മൈല്‍ ദൈര്‍ഘ്യമുള്ള ഗാസയുടെ മുഴുവന്‍ പ്രദേശവും ഏറ്റെടുക്കുമോ എന്ന ചോദ്യത്തിനാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അവിടെ നിന്നും ഹമാസിനെ നീക്കം ചെയ്യാനും, ജനങ്ങളെ ഗാസയില്‍ നിന്നും ഒഴിപ്പിക്കാനും സിവിലിയന്‍ ഭരണം കൈമാറാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും നെതന്യാഹു പ്രതികരിച്ചു.




എന്നാല്‍ തങ്ങള്‍ക്ക് ഒരു സുരക്ഷ പരിധി വേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അവിടെ ഭരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഒരു ഭരണ സമിതിയായി അവിടെ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നെതന്യാഹു വംശഹത്യയും നാടുകടത്തലും തുടരുകയാണെന്ന് ഹമാസ് പ്രതികരിച്ചു. ചര്‍ച്ചകളുടെ അവസാന റൗണ്ടില്‍ നിന്നും അദ്ദേഹം പിന്മാറിയതിന് പിന്നാലെ യഥാര്‍ത്ഥ ഉദ്ദേശം വ്യക്തമായി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. സ്വന്തം താത്പര്യങ്ങള്‍ക്കായി ശേഷിക്കുന്ന ബന്ദികളെ ബലിയര്‍പ്പിക്കാന്‍ നെതന്യാഹു തയാറാണെന്നും ഹമാസ് ആരോപിച്ചു.