Palestine: പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ബ്രിട്ടനും ഫ്രാൻസും കാനഡയും; എതിർപ്പുമായി ഇസ്രായേൽ
Palestine State: ഈ നടപടി ഇസ്രായേലിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നാണ് നെതന്യാഹുവിൻ്റെ വാദം. ഗാസയ്ക്കെതിരായ ഇസ്രായേൽ സംഘർത്തിൽ പല രാജ്യങ്ങളിലും നിലനിൽക്കുന്ന കടുത്ത അസ്വസ്ഥതയെയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ എതിർക്കുമെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Palestine
ന്യൂഡൽഹി: പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ബ്രിട്ടനും ഫ്രാൻസും കാനഡയും. ഇതോടെ മധ്യേഷ്യൻ രാഷ്ട്രീയം മറ്റൊരു തലത്തിലേക്കാണ് വഴിതിരിയുന്നത്. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ തുടങ്ങി പത്തോളം രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നതിൽ ഉൾപ്പെടുന്നു. എന്നാൽ ഇതിനെതിരെ ഇസ്രായേൽ കടുത്ത എതിർപ്പാണ് അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് പലസ്തീനെ ഇത്രയും രാജ്യങ്ങൾ അംഗീകരിച്ചത്.
അതേസമയം ഈ സമീപനത്തോടുള്ള അമേരിക്കയുടെ ഇടപെലാണ് ലോകം ഉറ്റുനോക്കുന്നത്. പലസ്തീനെ അംഗീകരിച്ച രാജ്യങ്ങൾക്കെതിരെ പരസ്യമായാണ് ബെഞ്ചമിൻ നെതന്യാഹു രൂക്ഷ വിമർശനം ഉന്നയിച്ചത്. ഈ നടപടി ഇസ്രായേലിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് നെതന്യാഹു പറഞ്ഞു. ഗാസയ്ക്കെതിരായ ഇസ്രായേൽ സംഘർത്തിൽ പല രാജ്യങ്ങളിലും നിലനിൽക്കുന്ന കടുത്ത അസ്വസ്ഥതയെയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്.
Also Read: ട്രംപ് നല്‍കിയ എട്ടിന്റെ പണി, എച്ച് 1 ബി വിസകള്‍ക്കുള്ള ഫീസ് പ്രാബല്യത്തില്‍
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ എതിർക്കുമെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്തയാഴ്ച ഐക്യരാഷ്ട്രസഭയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഫ്രാൻസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ബെൽജിയം എന്നീ രാജ്യങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവർ ഞായറാഴ്ച്ചയാണ് തീരുമാനം അറിയിച്ചത്.
ജൂത പുതുവത്സരമായ റോഷ് ഹഷാന ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്. ഗാസയിലെ ഇസ്രായേൽ ഉപരോധത്തിനെതിരെ വർദ്ധിച്ചുവരുന്ന പൊതുജന രോഷമാണ് ഈ നടപടിയെടുക്കാൻ പല രാജ്യങ്ങളെയും പ്രേരിപ്പിച്ചത്. ബ്രിട്ടനിലുടനീളമുള്ള തെരുവുകളിൽ പതിവായി പലസ്തീനികളെ പിന്തുണച്ച് വലിയ പ്രകടനങ്ങൾ നടക്കുന്നുണ്ട്.