Everest summit in five days: സെനോൺ വാതകം തുണയായി: എവറസ്റ്റ് റെക്കോർഡ് വേഗത്തിൽ കീഴടക്കി ബ്രിട്ടീഷ് സംഘം
summit Mount Everest using Xenon gas: ഗൈഡുകൾ മുമ്പ് സെനോൺ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, സാധാരണ പർവതാരോഹകർ ഇത് ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

Everest Summit In Five Days
കാഠ്മണ്ഡു: നാല് ബ്രിട്ടീഷ് പർവതാരോഹകർ സെനോൺ വാതകം ഉപയോഗിച്ച് വേഗത്തിൽ എവറസ്റ്റ് കൊടുമുടി കീഴടക്കി ചരിത്രം സൃഷ്ടിച്ചു. സാധാരണയായി എവറസ്റ്റ് കയറാൻ ആഴ്ചകളോ മാസങ്ങളോ എടുക്കുമ്പോൾ, ഇവർ ലണ്ടനിൽ നിന്ന് പുറപ്പെട്ട് വെറും അഞ്ച് ദിവസത്തിനുള്ളിൽ കൊടുമുടി കീഴടക്കി ചരിത്രം തിരുത്തിക്കുറിച്ചു.
ഉയരത്തിലുള്ള അന്തരീക്ഷ മർദ്ദവും മറ്റുമായി ശരീരം വേഗത്തിൽ പൊരുത്തപ്പെടാൻ സഹായിക്കുന്നതിനാണ് സെനോൺ വാതകം ഇവർ ഉപയോഗിച്ചത്. ഓസ്ട്രിയ ആസ്ഥാനമായുള്ള ഫർട്ടൻബാക്ക് അഡ്വഞ്ചേഴ്സ് ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ആൾട്ടിറ്റ്യൂഡ് സിക്നെസ്, ഹൈപ്പോക്സിയ എന്നിവ ഒഴിവാക്കാൻ എവറസ്റ്റ് യാത്രക്കാർക്ക് ശരിയായ പരിചരണവും പതുക്കെ കാലാവസ്ഥയുമായി പൊരുത്തപ്പെടലും അത്യാവശ്യമാണ്. എന്നാൽ ഈ ബ്രിട്ടീഷ് സംഘം ജർമ്മനിയിൽ വെച്ച് സെനോൺ വാതകം ശ്വസിക്കുകയും വീട്ടിൽ വെച്ചു തന്നെ ഉയർന്ന പ്രദേശങ്ങളെ അനുകരിക്കുന്ന തരത്തിലുള്ള കൂടാരങ്ങളിൽ ഉറങ്ങുകയും ചെയ്തു. ഇതിനുശേഷം, ലണ്ടനിൽ നിന്ന് പുറപ്പെട്ട് അഞ്ച് ദിവസത്തിനുള്ളിൽ അവർ കൊടുമുടിയിലെത്തി. കയറ്റത്തിൽ സാധാരണ പോലെ ഓക്സിജനും ഉപയോഗിച്ചു.
അനസ്തേഷ്യയിലും മറ്റും ഉപയോഗിക്കുന്ന സെനോൺ, നിറമില്ലാത്തതും മണമില്ലാത്തതുമായ ഒരു വാതകമാണ്. ഈ വാതകമാണ് ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
Also read - വെള്ളമില്ല, പാകിസ്ഥാനിൽ ആഭ്യന്തരമന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധം
“സെനോൺ ഉയരങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ഉയരത്തിലുള്ള രോഗങ്ങളിൽ നിന്നും ഹൈപ്പോക്സിക് സാഹചര്യങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു,” എന്ന് നാല് തവണ എവറസ്റ്റ് കീഴടക്കിയ പര്യവേഷണ സംഘാടകൻ ലൂക്കാസ് ഫർട്ടൻബാക്ക് പറഞ്ഞു. ഗൈഡുകൾ മുമ്പ് സെനോൺ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, സാധാരണ പർവതാരോഹകർ ഇത് ഉപയോഗിക്കുന്നത് ഇതാദ്യമാണ്.
എന്നാൽ ഈ പുതിയ റെക്കോഡ് വിജയത്തെ എല്ലാവർക്കും അംഗീകരിക്കാനായിട്ടില്ല. ചിലർ ഇതിനെ ‘അഭ്യാസപ്രകടനം’ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഈ സീസണിൽ നേപ്പാൾ അധികൃതർ 468 ക്ലൈംബിംഗ് പെർമിറ്റുകൾ നൽകുകയും 200-ലധികം വിജയകരമായ ശ്രമങ്ങൾ ഇതിനകം നടക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ടീമിന്റെ നൂതന സമീപനം എവറസ്റ്റ് യാത്രയ്ക്ക് ഒരു പുതിയ യുഗത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.