ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ചരിത്ര ഭൂരിപക്ഷം വെറുതേയായി
British Prime Minister Keir Starmer resigns: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു. ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ വൈകാരികമായ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ തീരുമാനം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തിന് പുറമേ ലേബർ പാർട്ടി നേതാവ് എന്ന പദവിയും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്.

British Prime Minister Keir Starmer Resigns
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു. ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ വൈകാരികമായ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ തീരുമാനം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തിന് പുറമേ ലേബർ പാർട്ടി നേതാവ് എന്ന പദവിയും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. ചരിത്ര ഭൂരിപക്ഷത്തോടെ 2024 ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ കീർ സ്റ്റാർമർ പാർട്ടിക്കുള്ളിൽ നിന്നും പാർലമെന്റ് അംഗങ്ങളിൽ നിന്നുമുള്ള കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് രണ്ട് വർഷം തികയുന്നതിന് മുൻപ് പടിയിറങ്ങുന്നത്. രാജ്യത്തെ ജീവിതച്ചെലവ് പ്രതിസന്ധിയും മറ്റ് ആഭ്യന്തര പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന വിമർശനം ശക്തമായതും രാജിയുടെ കാരണമായി പറയപ്പെടുന്നു.
ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നതായി കീർ സ്റ്റാർമർ ബ്രിട്ടൺ രാജാവിനെ അറിയിച്ചത്. തുടർന്ന് ലേബർ പാർട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ അദ്ദേഹം പാർട്ടിയോട് ആവശ്യപ്പെട്ടു. പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ കാവൽ പ്രധാനമന്ത്രിയായി അദ്ദേഹം തുടരും. അടുത്തിടെയുണ്ടായ ഭരണപരമായ പാളിച്ചകളും നയപരമായ മാറ്റങ്ങളും ലേബർ പാർട്ടിയുടെയും സ്റ്റാർമറുടെയും ജനപ്രീതി വൻതോതിൽ ഇടിയാൻ കാരണമായിരുന്നു.
Also Read: ഖത്തറിലെ പ്രകൃതി വാതക പ്ലാൻ്റിൽ ഉണ്ടായ സ്ഫോടനത്തിൽ 54 പേർക്ക് പരിക്ക് 18 പേരെ കാണാതായി
കഴിഞ്ഞ ആഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിലെ ഫലങ്ങളും കീർ സ്റ്റാർമറുടെ രാജിക്കായുള്ള സമ്മർദ്ദം ശക്തമാക്കി. പാർട്ടിക്കുള്ളിൽത്തന്നെ വിമർശനങ്ങൾ ശക്തമായതോടെയാണ് രാജിയെന്നാണ് സൂചന. ”എന്റെ പാർലമെന്ററി പാർട്ടി ഇപ്പോൾ എന്നോട് ചോദിക്കുന്ന ചോദ്യം, അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഞാനാണോ എന്നാണ്. ആ ചോദ്യത്തിനുള്ള അവരുടെ ഉത്തരം ഞാൻ മനസ്സിലാക്കുന്നു, അത് പൂർണ്ണ മനസ്സോടെ സ്വീകരിക്കുന്നു” എന്ന് രാജി പ്രഖ്യാപനത്തിനിടെ അദ്ദേഹം പറഞ്ഞു.
താൻ എടുത്ത എല്ലാ തീരുമാനങ്ങളും താൻ സ്നേഹിക്കുന്ന രാജ്യത്തെ മുൻനിർത്തി മാത്രമായിരുന്നുവെന്നും കീർ സ്റ്റാർമർ വ്യക്തമാക്കി. അതേസമയം ലേബർ പാർട്ടിയുടെ ആകെ എംപിമാരിൽ നാലിലൊന്നോളംവരുന്ന നൂറിലധികം ജനപ്രതിനിധികൾ സ്റ്റാർമർ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെ മറ്റ് വഴികളൊന്നുമില്ലാതെയാണ് സ്റ്റാർമറുടെ രാജിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പാഴായ ചരിത്ര ഭൂരിപക്ഷം
14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിന് അവസാനം കുറിച്ചുകൊണ്ട് 2024 ജൂലൈയിലാണ് ചരിത്രപരമായ ഭൂരിപക്ഷത്തോടെ കീർ സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ പാർട്ടി ബ്രിട്ടനിൽ അധികാരത്തിലേറിയത്. പക്ഷേ ഇപ്പോൾ രണ്ട് വർഷം തികയും മുമ്പേതന്നെ കീർ സ്റ്റാർമർ രാജിവയ്ക്കുന്നതാണ് ബ്രിട്ടന് കാണേണ്ടി വന്നിരിക്കുന്നത്.
പുതിയ പ്രധാനമന്ത്രി
കീർ സ്റ്റാർമറുടെ രാജിയോടെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബ്രിട്ടൻ കാണുന്ന ഏഴാമത്തെ പ്രധാനമന്ത്രിയാകും അടുത്തതായി അധികാരത്തിൽ വരിക. സെപ്റ്റംബറോടെ ബ്രിട്ടന് പുതിയൊരു പ്രധാനമന്ത്രിയെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എപ്പോഴാണ് അടുത്ത പ്രധാനമന്ത്രിയെത്തുക എന്നത് ലേബർ പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കുക.
സാധ്യത ആൻഡി ബേൺഹാമിന്
കീർ സ്റ്റാർമർ ഒഴിഞ്ഞ പ്രധാനമന്ത്രി പദത്തിലേക്ക് അടുത്തതായി എത്താൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്
മുൻ മാഞ്ചസ്റ്റർ മേയറും നിലവിൽ എംപിയുമായ ആൻഡി ബേൺഹാമിനാണ് (Andy Burnham). ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ വരുംദിവസങ്ങളിൽ നടക്കും. അടുത്ത പ്രധാനമന്ത്രി ആരായാലും തന്റെ പരിപൂർണ പിന്തുണ അദ്ദേഹത്തിന് നൽകുമെന്ന് രാജിവച്ച് ശേഷം സ്റ്റാർമർ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary
British Prime Minister Keir Starmer has resigned. He announced his decision in an emotional speech outside 10 Downing Street in London. In addition to the post of Prime Minister, he has also stepped down as leader of the Labour Party. Keir Starmer, who took office as Prime Minister in 2024 with a historic majority, is stepping down less than two years after facing intense political pressure from within the party and from members of parliament.