Canada citizenship law: കാനഡ സ്വപ്നം കാണുന്നവർക്ക് സന്തോഷിക്കാം…. പൗരത്വം ഇനി എളുപ്പത്തിൽ ലഭിക്കും… നിയമങ്ങൾ മാറുന്നു
Canada to Amend Citizenship Law: പുതിയ നിയമപ്രകാരം കുട്ടിക്ക് പൗരത്വം ലഭിക്കുന്നതിന്, കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുൻപ് മാതാപിതാക്കൾ കാനഡയിൽ മൊത്തത്തിൽ മൂന്ന് വർഷം (1,095 ദിവസം) താമസിച്ചിരുന്നാൽ മതി.

Canada to Amend Citizenship Law
കാനഡ: വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികൾക്കും, അതുവഴി ആയിരക്കണക്കിന് ഇന്ത്യൻ വംശജരായ കുടുംബങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ രാജ്യത്തെ പൗരത്വ നിയമം ഭേദഗതി ചെയ്യാൻ കാനഡ ഒരുങ്ങുന്നു. പൗരത്വ നിയമം (2025) ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ സി-3 കഴിഞ്ഞ ബുധനാഴ്ച സെനറ്റിൽ പാസാക്കി.
ബില്ലിന്റെ പ്രാധാന്യം
നിയമം പ്രാബല്യത്തിൽ വരുന്നതോടെ കാനഡയിലെ പൗരത്വ നിയമങ്ങൾ കൂടുതൽ ലളിതമാകും. കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് പറയുന്നതനുസരിച്ച്, കാനഡയുടെ പൗരത്വ നിയമങ്ങളിലെ ദീർഘകാലമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ ബിൽ. “വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികളുള്ള കുടുംബങ്ങൾക്കും നീതി ഉറപ്പാക്കുന്നതാണ് ഈ ബിൽ. മുൻകാല നിയമങ്ങളാൽ ഒഴിവാക്കപ്പെട്ട ആളുകൾക്ക് ഇത് പൗരത്വം നൽകും.
ALSO READ : Beirut strike: ബെയ്‌റൂട്ടില്‍ ആക്രമണം; ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍
2009-ൽ ഫെഡറൽ സർക്കാർ ഭേദഗതി ചെയ്ത നിയമപ്രകാരം, വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാർക്ക്, അവരുടെ കുട്ടി കാനഡയിൽ ജനിച്ചാൽ മാത്രമേ പൗരത്വം അനുവദിക്കാനാകുമായിരുന്നുള്ളൂ. അതായത്, കനേഡിയൻ പൗരനായ രക്ഷിതാവും വിദേശത്താണ് ജനിച്ചതെങ്കിൽ, കാനഡയ്ക്ക് പുറത്ത് ജനിക്കുന്ന അവരുടെ കുട്ടികൾക്ക് പൗരത്വം നേടാൻ കഴിഞ്ഞിരുന്നില്ല. ഈ നിയമം ഒട്ടേറെ ഇന്ത്യൻ വംശജരായ കനേഡിയക്കാർക്കും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. 2023 ഡിസംബറിൽ ഒന്റാറിയോ സുപ്പീരിയർ കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയും സർക്കാർ ഈ വിധിയെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്തതോടെയാണ് മാറ്റത്തിന് വഴിയൊരുങ്ങിയത്.
ബിബിസി റിപ്പോർട്ട് അനുസരിച്ച്, പുതിയ നിയമപ്രകാരം കുട്ടിക്ക് പൗരത്വം ലഭിക്കുന്നതിന്, കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുൻപ് മാതാപിതാക്കൾ കാനഡയിൽ മൊത്തത്തിൽ മൂന്ന് വർഷം (1,095 ദിവസം) താമസിച്ചിരുന്നാൽ മതി. ഇത് തുടർച്ചയായ 1,095 ദിവസമല്ല, പലപ്പോഴായി കാനഡയിൽ അത്രയും ദിവസം താമസിച്ചാൽ മതിയെന്ന് നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നു.