UAE School: യുഎഇ സ്‌കൂള്‍ പ്രവേശനത്തിനുള്ള പ്രായപരിധിയില്‍ മാറ്റം; ഈ പ്രായം നിര്‍ബന്ധം
UAE School Admission Age Change: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അധ്യയനം ആരംഭിക്കുന്ന സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുമാണ് ഈ നിയമം ബാധകം. ഏപ്രിലില്‍ ക്ലാസുകള്‍ ആരംഭിക്കുന്ന സ്‌കൂളുകള്‍ക്ക് നിലവിലുള്ള മാര്‍ച്ച് 31 എന്ന തീയതി തുടരും.

യുഎഇ സ്‌കൂള്‍
അബുദബി: സ്‌കൂള്‍ പ്രവേശനത്തിനുള്ള പ്രായപരിധിയില്‍ മാറ്റം വരുത്തി യുഎഇ. 2026-27 അധ്യയന വര്‍ഷം മുതല്‍ കിന്റര്‍ഗാര്‍ട്ടന്‍, ഒന്നാം ക്ലാസ് എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള പ്രായപരിധിയിലാണ് മാറ്റം. പ്രവേശനം നേടുന്ന വര്‍ഷം ഡിസംബര്‍ 31നകം പുതുക്കിയ പ്രായപരിധിയെത്തുന്ന കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ ചേരാം. നേരത്തെ ഓഗസ്റ്റ് 31 വരെയുള്ള കുട്ടികളെ മാത്രമായിരുന്നു അനുവദിച്ചിരുന്നത്.
പ്രീകെജി ക്ലാസുകളില്‍ പ്രവേശനം നേടുന്നതിന് ഡിസംബര്‍ 31നകം മൂന്ന് വയസ് തികഞ്ഞിരിക്കണം എന്നാണ് പുതിയ നിബന്ധന. കെജി-1 പ്രവേശനത്തിന് നാല് വയസാണ് പ്രായപരിധി. കെജി-2 പ്രവേശനത്തിന് അഞ്ച് വയസും വേണം. ഒന്നാം ഗ്രേഡില്‍ ചേരുന്ന കുട്ടികള്‍ക്ക് ആറ് വയസുണ്ടായിരിക്കണം.
അതേസമയം, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അധ്യയനം ആരംഭിക്കുന്ന സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുമാണ് ഈ നിയമം ബാധകം. ഏപ്രിലില്‍ ക്ലാസുകള്‍ ആരംഭിക്കുന്ന സ്‌കൂളുകള്‍ക്ക് നിലവിലുള്ള മാര്‍ച്ച് 31 എന്ന തീയതി തുടരും. പുതിയ അഡ്മിഷന്‍ എടുക്കുന്നവര്‍ക്ക് ഇളവ് ലഭിക്കും.
വിദേശത്ത് നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റ് സ്‌കൂളുകളില്‍ നിന്ന് മാറിവരുന്നവര്‍ക്കും, അവര്‍ അവസാനമായി പഠിച്ച ക്ലാസ്, അക്കാദമിക് യോഗ്യത എന്നിവയെല്ലാം പരിഗണിച്ചാകും പ്രവേശനം നല്‍കുന്നത്. വിദ്യാഭ്യാസ നയങ്ങള്‍ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുകയാണ് ഈ മാറ്റത്തിന് പിന്നിലെ ലക്ഷ്യം.
ഓഗസ്റ്റ് 31 എന്നതായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന തീയതി. ഇതോടെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക് അടുത്ത വര്‍ഷം വരെ സ്‌കൂളില്‍ പ്രവേശനം നേടാന്‍ കാത്തിരിക്കേണ്ടതായി വന്നിരുന്നു.