Donald Trump: ജപ്പാനുമായി വമ്പന്‍ കരാറിന് അമേരിക്ക; 15% തീരുവ ഉണ്ടാകുമെന്ന് ട്രംപ്
US-Japan Trade Deal: കരാര്‍ ഓട്ടോ താരിഫ് 15 ശതമാനമാക്കി കുറയ്ക്കുമെന്നാണ് ഒരു ജാപ്പനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അമേരിക്കയിലേക്കുള്ള ജപ്പാന്റെ ആകെ കയറ്റുമതിയുടെ നാലിലൊന്ന് ഉത്പന്നങ്ങള്‍ക്കും 25 ശതമാനം താരിഫാണ് ഈടാക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയും ജപ്പാനും തമ്മില്‍ വ്യാപാര കരാറില്‍ ഏര്‍പ്പെട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ജപ്പാനില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 15 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. അമേരിക്കയിലെ 550 ബില്യണ്‍ ഡോളറിന്റെ ജാപ്പനീസ് നിക്ഷേപങ്ങള്‍ കരാറില്‍ ഉള്‍പ്പെടുമെന്ന് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് കൂട്ടിച്ചേര്‍ത്തു.
കരാര്‍ ഓട്ടോ താരിഫ് 15 ശതമാനമാക്കി കുറയ്ക്കുമെന്നാണ് ഒരു ജാപ്പനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അമേരിക്കയിലേക്കുള്ള ജപ്പാന്റെ ആകെ കയറ്റുമതിയുടെ നാലിലൊന്ന് ഉത്പന്നങ്ങള്‍ക്കും 25 ശതമാനം താരിഫാണ് ഈടാക്കുന്നത്. അതിനിടെ, മോട്ടോര്‍ വാഹനങ്ങളുടെ തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് ട്രംപിന്റെ പോസ്റ്റ് വ്യക്തമാക്കുന്നില്ല.
ഇത് അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് വളരെ ആവേശകരമായ സമയമാണ്. പ്രത്യേകിച്ച് ജപ്പാനുമായി ഞങ്ങള്‍ എപ്പോഴും വളരെ മികച്ച ബന്ധമുണ്ട്. അത് തുടരുമെന്ന് ട്രംപ് ട്രൂത്തില്‍ കുറിച്ചു.
ട്രംപ് ഇതുവരെ ഏര്‍പ്പെട്ട കരാറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജപ്പാനുമായുള്ളതാണ്. 2024 ന്റെ തുടക്കത്തില്‍ രണ്ട് വന്‍ ശക്തികള്‍ തമ്മിലുള്ള ചരക്കുകളുടെ വ്യാപാരം ഏകദേശം 230 ബില്യണ്‍ ഡോളറായിരുന്നു. മാത്രമല്ല ജപ്പാന് ഏകദേശം 70 ബില്യണ്‍ ഡോളറിന്റെ വ്യാപാരം കമ്മിയും സംഭവിച്ചു. ചരക്കുകളുടെ കാര്യത്തില്‍ യുഎസിന്റെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ജപ്പാന്.
ഹോണ്ട, ടൊയോട്ട, നിസ്സാന്‍ എന്നിവയെല്ലാം 6 ശതമാനമോ അല്ലെങ്കില്‍ അതില്‍ കൂടുതലോ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കൂടാതെ യുഎസ് ഇക്വിറ്റി സൂചിക ഫ്യൂച്ചറുകള്‍ നേട്ടമുണ്ടാക്കിയത് ജപ്പാനിലെ ഓഹരി വിപണിയിലെ വന്‍ നേട്ടത്തിന് വഴിവെച്ചു. ഡോളറിനെതിരെ യെന്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു.