Trump-Zelensky Meeting: പുടിന്‍-സെലന്‍സ്‌കി കൂടിക്കാഴ്ചയ്ക്കായി അവസരമൊരുക്കും, നടപടികള്‍ ആരംഭിച്ചതായി ട്രംപ്
Russia Ukraine Peace Talks: സെലന്‍സ്‌കിയും പുടിനും യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ട്രംപ് വ്യക്തമാക്കി. സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാഷിങ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള ചര്‍ച്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ആരംഭിച്ചു. യൂറോപ്യന്‍ നേതാക്കളും ചര്‍ച്ചയുടെ ഭാഗമാകുന്നു. താനും സെലന്‍സ്‌കിയും പുടിനുമായി ത്രിരാഷ്ട്ര യോഗത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റുമായി തനിച്ച് സംസാരിച്ച വേളയില്‍ ട്രംപ് പറഞ്ഞു.
ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഫിന്നിഷ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവരും വൈറ്റ് ഹൗസില്‍ ചര്‍ച്ചയ്ക്കായെത്തിയിട്ടുണ്ട്.
ട്രംപുമായുള്ള ഫലപ്രദമായ ചര്‍ച്ചയ്ക്ക് ശേഷം യുക്രെയ്‌നും റഷ്യയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് സെലന്‍സ്‌കി പറഞ്ഞു. ചര്‍ച്ചയ്ക്ക് താന്‍ തയാറാണ്. എന്നാല്‍ ചര്‍ച്ചകളുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് വ്യക്തിപരമായി നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദിയെന്നും സെലന്‍സ്‌കി പറഞ്ഞു.




സെലന്‍സ്‌കിയും പുടിനും യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ട്രംപ് വ്യക്തമാക്കി. സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അലാസ്‌കയില്‍ വെച്ച് പുടിനുമായി നടത്തിയ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലന്‍സ്‌കിയുമായും യൂറോപ്യന്‍ നേതാക്കളുമായും ട്രംപ് ചര്‍ച്ച നടത്തുന്നത്. ആ ചര്‍ച്ചയ്ക്ക് പിന്നാലെ ഭൂമി വിട്ടുകൊടുക്കാന്‍ യുക്രെയ്ന്‍ തയാറാകണമെന്ന് ട്രംപ് സെലന്‍സ്‌കിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു.