Donald Trump-Vladimir Putin: നിലപാട് മാറ്റി ട്രംപ്; സമാധാന കരാറില്‍ ഒപ്പുവെക്കണമെന്ന് യുക്രെയ്‌ന് നിര്‍ദേശം
Trump Zelensky Peace Agreement: യുക്രെയ്‌നും യൂറോപ്യന്‍ സഖ്യകക്ഷികളും ആവശ്യപ്പെട്ട വെടിനിര്‍ത്തല്‍ കൂടാതെ ഒരു സമാധാന കരാര്‍ ഉണ്ടാകണമെന്ന പുടിന്റെ വാദത്തോട് താന്‍ യോജിക്കുന്നുവെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. പുടിന്‍ വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ താന്‍ സന്തുഷ്ടനാകില്ലെന്ന് പറഞ്ഞ ട്രംപ് ഞൊടിയിടയിലാണ് നിലപാട് മാറ്റിയത്.

ഡൊണാള്‍ഡ് ട്രംപ്, വോളോഡിമിര്‍ സെലന്‍സ്‌കി
വാഷിങ്ടണ്‍: റഷ്യ-യുക്രെയ്ന്‍ വിഷയത്തില്‍ നിലപാട് മാറ്റി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ചുവടുമാറ്റം. കൂടിക്കാഴ്ചയ്ക്കിടെ യുക്രെയ്ന്‍ ഭൂമി പുടിന്‍ ആവശ്യപ്പെട്ടതായാണ് വിവരം. അതിനാല്‍ യുക്രെയ്ന്‍ സമാധാന കരാറില്‍ എത്തിച്ചേരണമെന്ന് ട്രംപ് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടു.
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയ്ന്‍ ഒരു കരാറില്‍ ഏര്‍പ്പെടണമെന്ന് ട്രംപ് സെലന്‍സ്‌കിയോട് പറഞ്ഞു. മോസ്‌കോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ വ്യാവസായിക മേഖലയായ ഡൊണെറ്റ്‌സ്‌കിന്റെ മുഴുവന്‍ ഭാഗവും കീവ് വിട്ടുകൊടുത്താല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് പുടിന്‍ വാഗ്ദാനം ചെയ്തതായി ട്രംപ് അറിയിച്ചു.
യുക്രെയ്‌നും യൂറോപ്യന്‍ സഖ്യകക്ഷികളും ആവശ്യപ്പെട്ട വെടിനിര്‍ത്തല്‍ കൂടാതെ ഒരു സമാധാന കരാര്‍ ഉണ്ടാകണമെന്ന പുടിന്റെ വാദത്തോട് താന്‍ യോജിക്കുന്നുവെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. പുടിന്‍ വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ താന്‍ സന്തുഷ്ടനാകില്ലെന്ന് പറഞ്ഞ ട്രംപ് ഞൊടിയിടയിലാണ് നിലപാട് മാറ്റിയത്.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നേരിട്ട് ഒരു സമാധാന കരാറിലേക്ക് പോകുകയാണെന്ന് എല്ലാവരും തീരുമാനിച്ചു. അത് യുദ്ധം അവസാനിപ്പിക്കുന്നതിന് സഹായിക്കും. പലപ്പോഴും പാതിവഴിയില്‍ നിലയ്ക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ പോലെയാകില്ല ഇതെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു.
എന്നാല്‍ സെലന്‍സ്‌കി ഈ ആവശ്യം നിരസിച്ചതായാണ് വിവരം. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയാറാകാത്തത് ശാശ്വതമായി സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കുന്നുവെന്ന് സെലന്‍സ്‌കി പറഞ്ഞു. കൊലപാതകം അവസാനിപ്പിക്കുക എന്നത് യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഏറ്റവും പ്രധാന ഘടകമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
അതേസമയം, കൂടിക്കാഴ്ചയ്ക്കായി സെലന്‍സ്‌കിയെ ട്രംപ് വാഷിങ്ടണിലേക്ക് സ്വാഗതം ചെയ്തു. തിങ്കളാഴ്ചയാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്.