Donald Trump: വേഗത്തില്‍ തീരുമാനമെടുക്കൂ, കാലതാമസം ഞാന്‍ അനുവദിക്കില്ല; ഹമാസിന് മുന്നറിയിപ്പ് നല്‍കി ട്രംപ്
Gaza Peace Plan Updates: ബന്ദികളുടെ മോചനത്തിലും സമാധാന കരാറിനും ഒരു അവസരം നല്‍കുന്നതിനായി ഇസ്രായേല്‍ താത്കാലികമായി ബോംബാക്രമണം നിര്‍ത്തിവെച്ചുവെന്ന് ട്രംപ് കുറിച്ചു.
വാഷിങ്ടണ്‍: ഗാസ സമാധാന പദ്ധതിയില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹമാസിന് നിര്‍ദേശം നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേലുമായി വേഗത്തില്‍ കരാറില്‍ ഏര്‍പ്പെടണമെന്ന് ട്രംപ് പറഞ്ഞു. അല്ലാത്തപക്ഷം ഗാസയില്‍ കൂടുതല്‍ ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു.
“ഹമാസ് വേഗത്തില്‍ മുന്നോട്ട് നീങ്ങണം, അല്ലെങ്കില്‍ എല്ലാ ചര്‍ച്ചകളും അവസാനിക്കും. പലരും സംഭവിക്കുമെന്ന് കരുതുന്ന കാലതാമസം ഈ വിഷയത്തില്‍ ഞാന്‍ അനുവദിക്കില്ല. ഗാസയില്‍ വീണ്ടും ആക്രമണം ശക്തമാകുന്നതിന് ഇതുവഴിവെക്കും,” ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു.
ഇസ്രായേല്‍ താത്കാലികമായി ഗാസയില്‍ നടത്തുന്ന ആക്രമണം നിര്‍ത്തിവെച്ചതില്‍ ട്രംപ് നന്ദി അറിയിച്ചു. ബന്ദികളുടെ മോചനത്തിലും സമാധാന കരാറിനും ഒരു അവസരം നല്‍കുന്നതിനായി ഇസ്രായേല്‍ താത്കാലികമായി ബോംബാക്രമണം നിര്‍ത്തിവെച്ചുവെന്ന് ട്രംപ് കുറിച്ചു.




അതേസമയം, കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറും മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഈജിപ്ത് പോകുന്നുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
Also Read: Donald Trump: ‘ഞായറാഴ്ച കരാറിലെത്തണം, ഇല്ലെങ്കില്‍?’; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
ട്രംപിന്റെ സമാധാന പദ്ധതിക്ക് കഴിഞ്ഞ ദിവസം ഹമാസ് ഭാഗികമായ അംഗീകാരം നല്‍കിയിരുന്നു. ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്. തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുന്നതില്‍ ഹമാസ് സമ്മതം അറിയിച്ചെങ്കിലും പൂര്‍ണമായ നിരായുധീകരണത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തിന് മുമ്പ് ഹമാസ് അന്തിമ തീരുമാനം എടുക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.