Donald Trump: റഷ്യന്‍ എണ്ണ വാങ്ങിയാല്‍ ഇന്ത്യയ്ക്ക് 500% തീരുവ; ബില്ലിന് അംഗീകാരം നല്‍കി ട്രംപ്
India Russia Oil Trade Crisis: ഉപരോധ ബില്‍ പാസായാല്‍ റഷ്യന്‍ എണ്ണയോ യുറേനിയമോ വാങ്ങിക്കുകയും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് യുദ്ധം നടത്താന്‍ ധനസഹായം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം ലഭിക്കും.

ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: റഷ്യയുടെ വ്യാപാര പങ്കാളികള്‍ക്ക് നികുതി ചുമത്തുന്ന ബില്ലിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി പ്രമുഖ പ്രതിരോധ വിദഗ്ധനും റിപ്പബ്ലിക്കന്‍ സെനറ്ററുമായ ലിന്‍ഡ്‌സെ ഗ്രഹാം. ഇന്ത്യ, ചൈന, ബ്രസീന്‍ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെയാണ് നടപടി. റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം തീരുവ ചുമത്താനാണ് യുഎസ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഗ്രഹാം പറഞ്ഞു.
ഉപരോധ ബില്‍ പാസായാല്‍ റഷ്യന്‍ എണ്ണയോ യുറേനിയമോ വാങ്ങിക്കുകയും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് യുദ്ധം നടത്താന്‍ ധനസഹായം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം ലഭിക്കും. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. റഷ്യയെ സാമ്പത്തികമായി തളര്‍ത്തുന്നതിനാണ് പുതിയ ഉപരോധമെന്നും ഗ്രഹാം കൂട്ടിച്ചേര്‍ത്തു.
ബില്ലുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ വെച്ച് ചര്‍ച്ചകള്‍ നടന്നു. ട്രംപ് ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഗ്രഹാം പറഞ്ഞു. ഉപരോധം സമയബന്ധിതമായി നടപ്പാക്കും, പുടിന്‍ നിരപരാധികളെ കൊല്ലുന്നത് തുടരുകയാണെന്നും അദ്ദേഹം അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കവേ വ്യക്തമാക്കി.
ബില്ലിന്മേലുള്ള വോട്ടെടുപ്പ് അടുത്തയാഴ്ച നടക്കും. എന്നാല്‍ ബില്ലിന് അംഗീകാരം ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. ബില്ല് പാസാകുകയാണെങ്കില്‍, നികുതികള്‍ പ്രാബല്യത്തില്‍ വരും. റഷ്യയുടെ സൈനിക നടപടികള്‍ക്ക് ധനസഹായം നല്‍കുന്ന ഉറവിടങ്ങള്‍ ഇല്ലാതാക്കുകയാണ് യുഎസിന്റെ ലക്ഷ്യം.