Donald Trump: ട്രംപിനെക്കൊണ്ട് ഇന്ത്യക്കാരുടെ കഷ്ടകാലം അവസാനിക്കുന്നില്ല; പാർട്ട് ടൈം ജോലികൾ രാജിവച്ച് വിദ്യാർത്ഥികൾ
Indian Students Quitting Part Time Jobs In America: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ പൗരത്വനിയമങ്ങളിൽ ഭയന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നു. രാജ്യത്തുനിന്ന് നാട് കടത്തിയേക്കുമോ എന്ന ഭയം കാരണമാണ് ഇത്.

ഡൊണാൾഡ് ട്രംപ്
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പരിഷ്കാരങ്ങളിൽ വലഞ്ഞ് ഇന്ത്യക്കാർ. അമേരിക്കയിൽ പഠിച്ചുകൊണ്ടിരിക്കുന്ന പല വിദ്യാർത്ഥികളും തങ്ങൾ ചെയ്തുകൊണ്ടിരുന്ന പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുകയാണ്. രേഖകളില്ലാത്ത പാർട്ട് ടൈം ജോലികൾ ചെയ്താൽ തങ്ങളെ രാജ്യത്തുനിന്ന് നാട് കടത്തുമെന്ന് വിദ്യാർത്ഥികൾ ഭയപ്പെടുന്നു. നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് ട്രംപിൻ്റെ പുതിയ നയം തിരിച്ചടിയായത്.
അമേരിക്ക പോലുള്ള രാജ്യത്തെ ഉയർന്ന ജീവിതച്ചിലവിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥികൾക്കുള്ള മാർഗമായിരുന്നു പാർട്ട് ടൈം ജോലികൾ. പല വിദ്യാർത്ഥികളും വിദ്യാഭ്യാസ വായ്പയെടുത്താണ് ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ തങ്ങളുടെ ചിലവിനായുള്ള പണം കണ്ടെത്താനുള്ള മാർഗമായാണ് വിദ്യാർത്ഥികൾ പാർട്ട് ടൈം ജോലികളെ കണക്കാക്കിയിരുന്നത്. എന്നാൽ, ഈ ജോലികൾ ഉപേക്ഷിക്കേണ്ടിവന്നത് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. പാർട്ട് ടൈം ജോലികൾ ചെയ്യാതെ അമേരിക്കയിൽ പിടിച്ചുനിൽക്കുക വളരെ ബുദ്ധിമുട്ടാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.
അമേരിക്കയിൽ പഠിക്കുന്ന പല വിദ്യാർത്ഥികളും എഫ്1 വീസയിലാണ് എത്തിയിട്ടുള്ളത്. ഇതിൽ ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാനുള്ള അനുവാദമുണ്ട്. എന്നാൽ, ട്രംപ് അധികാരമേറ്റതിന് പിന്നാലെ കുടിയേറ്റ നിയമം ശക്തമാക്കിയത് വിദ്യാർത്ഥികളെ വലയ്ക്കുകയാണ്. ജോലി സ്ഥലങ്ങളിൽ അധികൃതർ മുന്നറിയിപ്പാതെ സന്ദർശനം നടത്തുന്നുണ്ടെന്നും നിയമലംഘകരെ പിടികൂടി നാടുകടത്തുകയാണെന്നുമൊക്കെ വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ജന്മാവകാശ പൗരത്വത്തിൽ ട്രംപിന് തിരിച്ചടി
ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവുമായി ബന്ധപ്പെട്ട് ട്രംപിന് തിരിച്ചടി ലഭിച്ചിരുന്നു. ട്രംപിൻ്റെ ഉത്തരവ് സിയാറ്റിൽ ഫെഡറൽ ജഡ്ജ് ജോൺ കോഗ്നർ മരവിപ്പിച്ചിരിക്കുകയാണ്. 14 ദിവസത്തേക്കാണ് ഉത്തരവിൻ്റെ തുടർനടപടികൾ മരവിപ്പിച്ചത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് ഭരണഘടനാലംഘനമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.
രാജ്യത്ത് ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ അമേരിക്കൻ പൗരത്വം ലഭിക്കും. മറ്റ് നിബന്ധനകളോ തടസങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഇത് നിർത്തലാക്കാനാണ് ട്രംപ് തീരുമാനിച്ചത്. അധികാരമേറ്റയുടൻ ട്രംപ് ഒപ്പുവച്ച നിരവധി ഉത്തരവുകളിൽ ഒന്നായിരുന്നു ഇത്. കുടിയേറ്റവിരുദ്ധ നടപടികളുമായി ബന്ധപ്പെട്ടാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവച്ചത്. രാജ്യത്ത് ജനിച്ചാൽ സ്വമേധയാ അമേരിക്കൻ പൗരത്വം ലഭിക്കുന്ന അവകാശം നിർത്തലാക്കി അമേരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം രാജ്യത്ത് സ്ഥിര താമസത്തിനുള്ള അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രം പൗരത്വം നൽകുന്നതാണ് പുതിയ ഉത്തരവ്. ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും ഗ്രീൻ കാർഡുണ്ടാവുകയോ അമേരിക്കൻ പൗരനാവുകയോ വേണം. എങ്കിലേ സ്വമേധയാ കുട്ടിയ്ക്ക് അമേരിക്കൻ പൗരത്വം ലഭിക്കൂ. അതല്ലെങ്കിൽ 21 വയസാകുമ്പോൾ കുട്ടികളെ രാജ്യത്തുനിന്ന് പുറത്താക്കും. ശേഷം ഇവർക്ക് നിയമാനുസൃതം വീസയെടുത്ത് രാജ്യത്തെത്താം എന്നതായിരുന്നു നിയമം. 2025 ഫെബ്രുവരി 20 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. ഇത് മറികടക്കാൻ എട്ടും ഒൻപതും മാസം ഗർഭിണികളായ ഇന്ത്യൻ സ്ത്രീകളിൽ പലരും സിസേറിയന് ശ്രമിക്കുന്നുണ്ട്. ഫെബ്രുവരി 20ന് മുൻപ് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വമേധയാ പൗരത്വം ലഭിക്കുമെന്നതിനാൽ അതാണ് ലക്ഷ്യം.