Epstein Files: വീണ്ടും ഞെട്ടിച്ച് ജെഫ്രി രേഖകൾ; ‘എപ്‌സ്റ്റൈൻ ഫയലിൽ’ ഇലോൺ മസ്കും ബിൽ ഗേറ്റ്സും
Epstein Files, Third Batch of Documents: ഇലോൺ മസ്‌ക് , പീറ്റർ തീൽ, സ്റ്റീവ് ബാനൻ, ബിൽഗേറ്റ്സ് തുടങ്ങിയ രാഷ്ട്രീയ, ബിസിനസ്സ് മേഖലകളിൽ സ്വാധീനമുള്ള വ്യക്തികളുമായി ജെഫ്രി ബന്ധം പുലർത്തിയിരുന്നു എന്ന് ഈ രേഖകൾ സൂചിപ്പിക്കുന്നു.

Elon Musk
വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റൈൻ്റെ രേഖകളുടെ പുതിയ ബാച്ചിൽ പുതിയ പ്രമുഖരും. ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ്, ബ്രിട്ടീഷ് രാജകുടുംബാംഗം പ്രിൻസ് ആൻഡ്രൂ, സ്റ്റീവ് ബാനൻ എന്നിവരുടെ പേരുകളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫയലുകളിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്. പുതിയ ഫയലിൽ എപ്‌സ്റ്റൈൻ്റെ ദൈനംദിന ഷെഡ്യൂളുകൾ, വിമാന യാത്രാ രേഖകൾ, സാമ്പത്തിക ഇടപാടുകൾ എന്നീ വിവരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്.
ഹൗസ് ഓവർസൈറ്റ് ആൻഡ് ഗവൺമെൻ്റ് റിഫോം കമ്മിറ്റിക്ക് കൈമാറിയ എപ്‌സ്റ്റൈൻ്റെ എസ്റ്റേറ്റിൽ നിന്നുള്ള 8,500-ൽ അധികം വരുന്ന രേഖകളുടെ ഭാഗങ്ങളാണ് നിലവിൽ പുറത്തുവിട്ടിരിക്കുന്നത്. ഇലോൺ മസ്‌ക് , പീറ്റർ തീൽ, സ്റ്റീവ് ബാനൻ, ബിൽഗേറ്റ്സ് തുടങ്ങിയ രാഷ്ട്രീയ, ബിസിനസ്സ് മേഖലകളിൽ സ്വാധീനമുള്ള വ്യക്തികളുമായി ജെഫ്രി ബന്ധം പുലർത്തിയിരുന്നു എന്ന് ഈ രേഖകൾ സൂചിപ്പിക്കുന്നു.
2014 ഡിസംബറിൽ എപ്‌സ്റ്റൈൻ്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപായ “ലിറ്റിൽ സെന്റ് ജെയിംസി”ലേക്ക് മസ്ക് ഒരു യാത്ര ആസൂത്രണം ചെയ്തിരുന്നതായി രേഖകളിൽ പറയുന്നു. എപ്‌സ്റ്റൈൻ ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്ത ശേഷമുള്ള വർഷങ്ങളിലായിരുന്നു ഈ കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്തിരുന്നത്.
മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്‌സിന്റെ ഗേറ്റ്‌സ് ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളുടെ പേരിൽ ഇരുവരും കണ്ടിരുന്നതായി മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ രേഖകളിൽ ഗേറ്റ്‌സുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങളുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
കൂടാതെ, പ്രിൻസ് ആൻഡ്രൂവും എപ്‌സ്റ്റൈനും തമ്മിലുള്ള ബന്ധവും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. 2000-ൽ എപ്‌സ്റ്റൈൻ്റെ വിമാനത്തിൽ ആൻഡ്രൂ യാത്ര ചെയ്തതായി പുതിയ രേഖകൾ സ്ഥിരീകരിക്കുന്നു. യാത്രയിൽ എപ്‌സ്റ്റൈൻ്റെ പങ്കാളിയായിരുന്ന ഗിസ്ലൈൻ മാക്‌സ്‌വെല്ലും ഉണ്ടായിരുന്നുവെന്നാണ് വിവരം.