Hajj 2025: ഹജ്ജിനെത്തിയവരിൽ ന്യുമോണിയ ബാധ പടരുന്നു; ഒരാൾ മരിച്ചു, 98 പേർ ചികിത്സയിൽ
Pneumonia Spread Among Hajj Pilgrims: സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകരിൽ ന്യുമോണിയ പടർന്നുപിടിക്കുന്നു. 99 പേർക്കാണ് അസുഖം പകർന്നത്. ഇതിൽ ഒരാൾ മരിച്ചു.

ഹജ്ജ്
ഹജ്ജ് നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയവരിൽ ന്യുമോണിയ ബാധ പടരുന്നു. ഇൻഡോനേഷ്യക്കാരായ 99 പേർക്കാണ് ന്യുമോണിയ ബാധ സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ മരണപ്പെട്ടു. ഇൻഡോനേഷ്യൻ ആരോഗ്യമന്ത്രാലയ വക്താവും ഇൻഡോനേഷ്യൻ ഹജ്ജ് ഹെൽത്ത് സെൻ്റർ തലവനുമായ ലിലിയെക് സുസിലോ ആണ് ഇക്കാര്യം അറിയിച്ചു.
അസുഖബാധിതരായ ഹാജിമാർക്ക് സൗദി അറേബ്യയിലെ പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണ് എന്ന് ലിലിയെക് സുസിലോ പറഞ്ഞു. സൗദിയിലെ കടുത്ത ചൂടാണ് ന്യുമോണിയയ്ക്ക് കാരണമായത്. രാജ്യത്ത് 47 ഡിഗ്രി വരെയാണ് ഊഷ്മാവ്. തളർച്ച, ആൾത്തിരക്ക്, നേരത്തെയുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയൊക്കെ ന്യുമോണിയയ്ക്ക് കാരണമായി. ഗുരുതരമാണ് നിലവിലെ സ്ഥിതി. വേഗത്തിലും കൃത്യവുമായി ചികിത്സിച്ചില്ലെങ്കിൽ ഹാജിമാരുടെ ആരോഗ്യം വീണ്ടും വഷളാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യുമോണിയ വാക്സിൻ ഇതുവരെ രാജ്യത്ത് നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, 65 വയസിന് മുകളിലുള്ളവർ യാത്രയ്ക്ക് മുൻപ് വാക്സിനെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഡയബറ്റിസ്, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, കരൾ, വൃക്ക രോഗങ്ങൾ തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും വാക്സിനെടുക്കണമെന്നും അധികൃതർ അറിയിച്ചു.
Also Read: Smart Portal For Hajj Pilgrims: ഹജ്ജ് തീർഥാടകർക്കായി പുതിയ സ്മാർട്ട് പോർട്ടലുമായി സൗദി അറേബ്യ
ഹജ്ജ് തീർത്ഥാടകർക്കായി സൗദി അറേബ്യ പുതിയ സ്മാർട്ട് പോർട്ടൽ അവതരിപ്പിച്ചിരുന്നു. https://services.prh.gov.sa എന്ന പോർട്ടലാണ് ഹജ്ജ് തീർത്ഥാടകർക്കായി അവതരിപ്പിച്ചിരിക്കുന്നത്. തീർത്ഥാടകരുടെ സംശയനിവാരണത്തിനും വിവിധ സഹായങ്ങൾക്കും ഈ പോർട്ടൽ ഉപയോഗിക്കാം. മക്കയിലും മദീനയിലും ആവശ്യമായ സഹായങ്ങൾ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പോർട്ടലിൻ്റെ പ്രവർത്തനം.
തീർത്ഥാടകർക്ക് സ്മാർട്ട് മാപ്പുകൾ ഉപയോഗിക്കാനാവുന്ന തരത്തിലുള്ള ഇൻ്ററാക്ടീവ് നാവിഗേഷൻ, ചാറ്റിലൂടെയുള്ള തീർത്ഥാടകരുടെ സംശയനിവാരണം, പ്രാർഥനാസമയങ്ങൾ, ഇമാമുകളെയും മുഅദ്ദിനുകളെയും കുറിച്ചുള്ള വിവിധ അറിയിപ്പുകൾ, പ്രാർത്ഥനകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ തുടങ്ങിയ വിവിധ ഫീച്ചറുകൾ ഈ ആപ്പിൽ ലഭിക്കും. ഒന്നിലധികം ഭാഷകളിലും വിവിധ രാജ്യങ്ങളിലും ഈ പോർട്ടൽ പ്രവർത്തിക്കും. മക്ക, മദീന പള്ളികളുടെ മതകാര്യ മേധാവി അബ്ദുൾറഹ്മാൻ അൽ – സുദൈസ് ആണ് ആപ്പിനെപ്പറ്റിയുള്ള വിവരങ്ങൾ അറിയിച്ചത്.