Imran Khan: ഇമ്രാന്‍ ഖാന്‍ ജീവിച്ചിരിപ്പുണ്ട്; ജയിലില്‍ സന്ദര്‍ശനം നടത്തി സഹോദരി
Imran Khan Health Update: ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും ഇമ്രാന്റെ ഖാനെ സന്ദര്‍ശിക്കാന്‍ കുടുംബത്തെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധം നടത്തിയിരുന്നു.
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് സഹോദരി ഡോ. ഉസ്മ ഖാനു. മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നത്. കുടുംബത്തിന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആഴ്ചകളോളം വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സന്ദര്‍ശനം നടത്താന്‍ കുടുംബത്തിന് അനുവാദം ലഭിച്ചതായി ഡോണ്‍ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും ഇമ്രാന്റെ ഖാനെ സന്ദര്‍ശിക്കാന്‍ കുടുംബത്തെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇരുനഗരങ്ങളിലും പാക് അധികൃതര്‍ കൂടിച്ചേരലുകളും പരിപാടികളും നിരോധിച്ചു. എന്നിരുന്നാലും, ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധിച്ചു.
അതേസമയം, ഇമ്രാന്‍ ഖാന്റെ മൂന്ന് സഹോദരിമാരായ നൊറീന്‍ നിയാസി, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവര്‍ അദ്ദേഹത്തെ കാണാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് അന്ന് സഹോദരിമാര്‍ പറഞ്ഞത്.




പിതാവിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് ജയില്‍ അധികൃതര്‍ പല കാര്യങ്ങളും മറച്ചുവെക്കുന്നുവെന്ന് ആരോപിച്ച് ഇമ്രാന്‍ ഖാന്റെ മകനായ കാസിം ഖാനും രംഗത്തെത്തിയിരുന്നു. ഇമ്രാന്‍ ഖാന് പേഴ്‌സണല്‍ ഡോക്ടറുടെ സന്ദര്‍ശനവും ജയില്‍ അധികൃതര്‍ നിരസിച്ചതായി കുടുംബം ആരോപിച്ചു.
പാകിസ്ഥാന്‍ വിട്ടുപോകാന്‍ സമ്മര്‍ദം ചെലുത്തുന്നതിനായാണ് ഖാനെ ഒറ്റപ്പെടുത്തിയിരിക്കുന്നതെന്ന് സെനറ്റര്‍ ഖുറം സീഷന്‍ പറഞ്ഞു. ഇമ്രാന്‍ ഖാന്റെ ജനപ്രീതിയില്‍ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ ഭീഷണി നേരിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, 2023 ലാണ് അറസ്റ്റ് ചെയ്ത് റാവല്‍പിണ്ടിയിലെ ജയിലിലേക്ക് ഇമ്രാന്‍ ഖാനെ മാറ്റിയത്.