Israel-Iran Conflict: ഇറാനില്‍ ആണവ ബോംബിട്ടാല്‍ പാകിസ്ഥാന്‍ ഇസ്രായേലില്‍ ആണവാക്രമണം നടത്തും: സൈനിക ഉദ്യോഗസ്ഥന്‍
Israel-Iran Conflict Updates: ഇസ്രായേല്‍ ഇറാനില്‍ ആണവ ബോംബ് പ്രയോഗിച്ചാല്‍ ഇസ്രായേലിനെ ആണവ ബോംബ് ഉപയോഗിച്ച് ആക്രമിക്കുമെന്ന് പാകിസ്ഥാന്‍ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ റെസായി പറഞ്ഞത്.

മൊഹ്‌സെന്‍ റെസായി
ടെഹ്‌റാന്‍: ഇറാനില്‍ ഇസ്രായേല്‍ ആണവ ബോംബ് വര്‍ഷിച്ചാല്‍ അവര്‍ക്കെതിരെ പാകിസ്ഥാന്‍ ആക്രമണം നടത്തുമെന്ന് ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍. ഇസ്രായേലിന് പാകിസ്ഥാന്‍ ആണവാക്രമണത്തിലൂടെ മറുപടി നല്‍കുമെന്നാണ് ജനറല്‍ മൊഹ്‌സെന്‍ റെസായി അവകാശപ്പെടുന്നത്. ഇറാനിയന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രായേല്‍ ഇറാനില്‍ ആണവ ബോംബ് പ്രയോഗിച്ചാല്‍ ഇസ്രായേലിനെ ആണവ ബോംബ് ഉപയോഗിച്ച് ആക്രമിക്കുമെന്ന് പാകിസ്ഥാന്‍ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ റെസായി പറഞ്ഞത്.
എന്നാല്‍ റെസായിയുടെ ഈ അവകാശവാദം പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. നിലവില്‍ ആണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന ഒമ്പത് രാജ്യങ്ങളില്‍ ഇസ്രായേലും പാകിസ്ഥാനും ഉള്‍പ്പെടുന്നു.
2024ന്റെ തുടകത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ മിസൈല്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇറാനോടൊപ്പം നില്‍ക്കുമെന്ന് പാകിസ്ഥാന്‍ ഉറപ്പ് നല്‍കി എന്നാണ് റെസായി പറയുന്നത്. അതിനായി മുസ്ലിം രാഷ്ട്രങ്ങളോട് ഒന്നിക്കാന്‍ പാകിസ്ഥാന്‍ ആഹ്വാനം ചെയ്തുവെന്നും റെസായി കൂട്ടിച്ചേര്‍ത്തു.
ലോകത്തിന് മുന്നില്‍ വെളിപ്പെടുത്താത്ത യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെടെ ഇറാന്റെ പക്കലുണ്ടെന്നും ഉദ്യോഗസ്ഥന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇസ്രായേലിനെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന കാര്യത്തില്‍ പാകിസ്ഥാനില്‍ നിന്നും കൂടുതല്‍ പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
അതേസമയം, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഏകദേശം 248 മരണങ്ങള്‍ ഇരുരാജ്യങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയും കുടുംബവും ബങ്കറില്‍ അഭയം പ്രാപിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വടക്കുകിഴക്കന്‍ ടെഹ്‌റാനിലെ ലാവിസാനിലെ ബങ്കറില്‍ ഖാംനഇ അഭയം തേടിയെന്നാണ് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.