Man Fakes Death: കാമുകിയുമായി ജീവിക്കണം; ഭാര്യയെ കബളിപ്പിക്കാൻ മരിച്ചെന്ന് കഥയുണ്ടാക്കി; ഒടുവിൽ സംഭവിച്ചത്
Man Fakes Death to Live with Online Girlfriend: കായാക്കിങ്ങിനിടെ മുങ്ങിമരിച്ചുവെന്ന് വരുത്തിത്തീർക്കാൻ ആയിരുന്നു ശ്രമം. ഗ്രീൻ ലേക്കിൽ ദിവസങ്ങളോളം അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല.
വിസ്കോസിൻ: ഓൺലൈൻ വഴി പരിചയപ്പെട്ട യുവതിക്കൊപ്പം ഒന്നിച്ച് ജീവിക്കാൻ കുടുംബം തടസ്സം നിൽക്കാതിരിക്കാനായി താൻ മരിച്ചെന്ന് വരുത്തിത്തീർത്ത് യുവാവ്. അമേരിക്കയിലെ വിസ്കോസിനിലാണ് സംഭവം. ഇതേതുടർന്ന്, വിസ്കോസിൻ സ്വദേശിയായ റയാൻ ബോർഗ്വാർട്ടിനെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. കുടുംബത്തെയടക്കം കബളിപ്പിച്ച കുറ്റത്തിന് 89 ദിവസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്. താൻ ചെയ്തത് തെറ്റായി പോയെന്നും ഉറ്റവരെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും യുവാവ് കോടതിയിൽ പറഞ്ഞു.
ഓഗസ്റ്റിലാണ് ഗ്രീൻ ലേക്കിൽ കയാക്കിങിന് പോകുകയാണെന്ന് പറഞ്ഞ് റയാൻ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നാലെ ഇയാളെ കാണാതായി. കായാക്കിങ്ങിനിടെ മുങ്ങിമരിച്ചുവെന്ന് വരുത്തിത്തീർക്കാൻ ആയിരുന്നു ശ്രമം. ഗ്രീൻ ലേക്കിൽ ദിവസങ്ങളോളം അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് റയാൻ പുതിയ പാസ്പോർട്ട് എടുത്തതായും ഓൺലൈൻ വഴി പരിചയപ്പെട്ട ഉസ്ബെക്കിസ്ഥാൻകാരിയുമായി പ്രണയത്തിലാണെന്നും കണ്ടെത്തിയത്.
റയാന്റെ കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ, എങ്ങനെ വിജയകരമായി അപ്രത്യക്ഷനാകാം, വിദേശ ബാങ്കിലേക്ക് പണം എങ്ങനെ മാറ്റം എന്ന് തുടങ്ങിയ കാര്യങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞതായി കണ്ടെത്തി. ഇതെല്ലം ഡാറ്റയിൽ നിന്ന് റയാൻ നീക്കം ചെയ്‌തിരുവെങ്കിലും അന്വേഷണ സംഘം കംപ്യൂട്ടറിലെ വിവരങ്ങൾ വീണ്ടെടുക്കുകയായിരുന്നു. ഇതോടെയാണ്, റയാൻ കാമുകിക്കൊപ്പം നാടുവിട്ടതാണെന്ന് പോലീസിന് മനസിലായത്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ റയാൻ ജോർജിയയിലുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒടുവിൽ ഒരുതരത്തിൽ അനുനയിപ്പിച്ചാണ് യുവാവിനെ തിരിച്ച് യുഎസിലേക്ക് എത്തിച്ചത്. തിരികെ വീട്ടിലെത്തിയ റയാനോട് 22 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വിവാഹമോചനം നൽകാൻ ഭാര്യ ആവശ്യപ്പെട്ടു. തുടക്കത്തിൽ റയാൻ കുറ്റങ്ങളെല്ലാം നിഷേധിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ തെളിവുസഹിതം വിവരിച്ചതോടെ ഒടുവിൽ സമ്മതിക്കുകയായിരുന്നു.