NASA: ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ നാസ, ദൗത്യം ഫെബ്രുവരിയിൽ
NASA Artemis 2 Mission: നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കാനഡയുടെ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസനുമാണ് ആർട്ടെമിസ് 2 ദൗത്യത്തിലുള്ളത്.

NASA Artemis 2
വാഷിങ്ടൺ: അപ്പോളോ ദൗത്യത്തിന് ശേഷം ആദ്യമായി മനുഷ്യനെയും വഹിച്ചുള്ള ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങി നാസ. ദൗത്യത്തിന്റെ ഭാഗമായി നാല് യാത്രികരെ ചന്ദ്രനിലേക്ക് കൊണ്ടുപോകും. 2026 ഫെബ്രുവരിയിൽ നടക്കുന്ന ദൗത്യം പത്ത് ദിവസം നീളും.
50 വർഷത്തിനു ശേഷം നടക്കുന്ന ചാന്ദ്രയാത്രയ്ക്ക് ആർട്ടെമിസ് II എന്നാണ് പേരിട്ടിരിക്കുന്നത്. നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കാനഡയുടെ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസനുമാണ് ആർട്ടെമിസ് 2 ദൗത്യത്തിലുള്ളത്. 1972ലെ അപ്പോളോ 17 ദൗത്യമാണ് മനുഷ്യനെയും വഹിച്ചുള്ള അവസാന ചാന്ദ്രദൗത്യം. 2026 ഏപ്രിൽ ആയിരുന്നു ആദ്യം ദൗത്യം നിശ്ചയിച്ചിരുന്നത്.
സുരക്ഷയ്ക്ക് പ്രാധാന്യം നൽകുമെന്നും പദ്ധതിയുടെ ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പുവരുത്തുമെന്നും നാസയുടെ ആക്ടിംഗ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററായ ലക്കീഷ ഹോക്കിൻസ് പ്രസ്സ് കോൺഫറൻസിൽ പറഞ്ഞു.
ബഹിരാകാശയാത്രികരെ ഇറക്കി ഒടുവിൽ ചന്ദ്രോപരിതലത്തിൽ ദീർഘകാല സാന്നിധ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആർട്ടെമിസ് പ്രോഗ്രാമിന്റെ രണ്ടാമത്തെ വിക്ഷേപണമാണ് ആർട്ടെമിസ് II ദൗത്യം. 2022 അവസാനമായിരുന്നു നാസ ആർട്ടെമിസ് 1 ദൗത്യം നടത്തിയത്. ഇതിന്റെ ഭാഗമായി വിക്ഷേപിച്ച ഓറിയോൺ പേടകം സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെയെത്തിയിരുന്നു. 2027ൽ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിലായിരിക്കും മനുഷ്യനെ ചന്ദ്രോപരിതലത്തിൽ ഇറക്കുക.